കുതിച്ചുപാഞ്ഞ ഐടി മേഖല കിതയ്ക്കുന്നു

കുതിച്ചുപാഞ്ഞ ഐടി മേഖല കിതയ്ക്കുന്നു

author-image
Sukumaran Mani
Updated On
New Update
IT sector

IT Sector

Listen to this article
0.75x 1x 1.5x
00:00 / 00:00

അടുത്ത കാലത്തായി രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിലെയും ഐ ടി മേഖലയില്‍ വന്‍ കുതിപ്പാണ് കമ്പനികള്‍ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ഏവരെയും നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികളായ ടി.സി.എസും ഇന്‍ഫോസിസും പുറത്തുവിട്ട 2023-24 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനകണക്കുകള്‍ നല്‍കുന്നത് ഈ രംഗത്ത് മാന്ദ്യം പിടിമുറുക്കുന്നുവെന്ന സൂചനകളാണ്.

ഇന്‍ഫോസിസ്  പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ വര്‍ഷിക വരുമാന വളര്‍ച്ച വെറും 1.4 ശതമാനമാണ്. 1981ല്‍ കമ്പനി സ്ഥാപിതമായതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. അതാത് 43 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും കുറവ്. അമേരിക്കന്‍ ബിസിനസിലാണ് കാര്യമായ കുറവ് വന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി പ്രതീക്ഷിക്കുന്ന വരുമാന വളര്‍ച്ച 1.3 ശതമാനമാണെന്നതും നിരാശയ്ക്കിടയാക്കുന്നു. അതേസമയം, 2025 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 20-22 ശതമാനമായി ഇന്‍ഫോസിസ് നിലനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ 20.7 ശതമാനമായിരുന്നു ഇത്.

ഇന്‍ഫോസിസിന്റെ പ്രധാന ബിസിനസ് മേഖലകളായ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 8.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്‍ഫോസിസ് ഇതിന് മുമ്പ് ഏറ്റവും മോശം പ്രവര്‍ത്തനം കാഴ്ചവച്ചത് 2009-10ലെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്താണ്. അന്ന് മൂന്ന് ശതമാനമായിരുന്നു വരുമാന വളര്‍ച്ച.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ മറ്റൊരു വമ്പന്‍ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ വരുമാന വളര്‍ച്ച 3.4 ശതമാനമാണ്. വടക്കേ അമേരിക്കയിലെ വെല്ലുവിളികളും ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലെ വെല്ലുവിളികളും ടി.സി.എസിനും ആശങ്കയാകുന്നുണ്ട്. നാലാം പാദത്തില്‍ വടക്കേ അമേരിക്കയില്‍ ടി.സി.എസിന്റെ വാര്‍ഷിക വളര്‍ച്ചയില്‍ 2.3 ശതമാനം കുറവുണ്ടായി.

ലോകമൊട്ടാകെ ഭൗമ-സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് ഐ.ടി കമ്പനികളുടെ നാലാം പാദത്തിലെ മോശം പ്രവര്‍ത്തനഫലം പുറത്തുവന്നിരിക്കുന്നത്. കൂടാതെ ഉയര്‍ന്ന പണപ്പെരുപ്പത്തിനിടയിലും യു.എസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകളും ആഗോള രാഷ്ട്രീയ അനിശ്ചിതങ്ങളുമൊക്കെ ഐ.ടി രംഗത്ത് മാന്ദ്യ സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. സാമ്പത്തിക മാന്ദ്യ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വലിയ ഓര്‍ഡറുകള്‍ നല്‍കുന്നതില്‍ നിന്ന് ഇടപാടുകാര്‍ പിന്‍വലിയുന്നതാണ് ഐ.ടി കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നത്

നിരവധി മലയാളി പ്രൊഫഷണലുകളാണ് ഐ.ടി മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇവര്‍ക്കും ഭീഷണിയാകുന്നതാണ് ഐ.ടി രംഗത്തെ മാന്ദ്യ സൂചനകള്‍. ഇന്‍ഫോസിസും ടി.സി.എസും ജീവനക്കാരുടെ എണ്ണത്തില്‍ മാര്‍ച്ച് പാദത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍ഫോസിസിന്റെ ജീവനക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 7.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 23 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഒരു വര്‍ഷത്തില്‍ എണ്ണത്തില്‍ ഇത്രയും കുറവുണ്ടാകുന്നത്. 25,994 ജീവനക്കാരാണ് കുറഞ്ഞത്. നിലവില്‍ മൊത്തം ജീവനക്കാരുടെ എണ്ണം 3,17,240 ആണ്. പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ജീവനക്കാരുടെ എണ്ണത്തിലും തുടര്‍ച്ചയായ നാലാം പാദത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്.

business india Latest News IT sector