യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാന്‍ എസ്ബിഐ

യെസ് ബാങ്കില്‍ 25.02 ശതമാനം ഓഹരി പങ്കാളിത്തമാണ് എസ്.ബി.ഐക്കുള്ളത്. ഇത് മുഴുവന്‍ വിറ്റഴിക്കാനാണ് നീക്കം.

author-image
anumol ps
New Update
mmm

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

മുംബൈ: പ്രമുഖ സ്വകാര്യബാങ്കായ യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാന്‍ ഒരുങ്ങി എസ്ബിഐ. അതേസമയം ഓഹരികള്‍ ഏറ്റെടുക്കാന്‍ പ്രമുഖ ജാപ്പനീസ്, യു.എ.ഇ നിക്ഷേപ ബാങ്കുകള്‍ താത്പര്യമറിയിച്ചു. യെസ് ബാങ്കില്‍ 25.02 ശതമാനം ഓഹരി പങ്കാളിത്തമാണ് എസ്.ബി.ഐക്കുള്ളത്. ഇത് മുഴുവന്‍ വിറ്റഴിക്കാനാണ് നീക്കം.

യു.എ.ഇയിലെ ഏറ്റവും വലിയ ബാങ്കായ ഫസ്റ്റ് അബുദബി ബാങ്ക്, പ്രമുഖ ജാപ്പനീസ് ബാങ്കായ മിസുഹോ ബാങ്ക് എന്നിവ എസ്.ബി.ഐ വിറ്റൊഴിയുന്ന ഓഹരികള്‍ വാങ്ങാന്‍ താത്പര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എ.ഇയില്‍ നിന്നുള്ള എന്‍.ബി.ഡി എമിറേറ്റ്സും യെസ് ബാങ്കിന്റെ ഓഹരികളില്‍ താത്പര്യം അറിയിച്ചിട്ടുണ്ട്.

യെസ് ബാങ്ക് ഓഹരികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഇടപാടുകള്‍ക്കായി ബാങ്ക് ഓഫ് അമേരിക്കയെ മിസുഹോ ബാങ്ക് നിയമിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം, ഫസ്റ്റ് അബുദബി ബാങ്ക് അധികൃതര്‍ റിസര്‍വ് ബാങ്കുമായും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.ഓഹരികള്‍ ഏറ്റെടുക്കാന്‍ യോഗ്യരായവരെ കണ്ടെത്താനുള്ള ചുമതല എസ്.ബി.ഐ സിറ്റിബാങ്കിനും നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ ആഭ്യന്തര നിക്ഷേപകരോ ബാങ്കുകളോ യെസ് ബാങ്ക് ഓഹരികളില്‍ താത്പര്യമറിയിച്ച് മുന്നോട്ടുവന്നിട്ടില്ല. ഫസ്റ്റ് അബുദബി ബാങ്കിനും മിസുഹോയ്ക്കും നിലവില്‍ ഇന്ത്യയില്‍ ശാഖകളുണ്ടെന്നത് അനുകൂല ഘടകമാണ്. ഇന്ത്യന്‍ ബാങ്കുകളില്‍ വിദേശ കമ്പനികള്‍ക്ക് 74 ശതമാനം വരെ ഓഹരി പങ്കാളിത്തം നേടാന്‍ റിസര്‍വ് ബാങ്കിന്റെ ചട്ടം അനുവദിക്കുന്നുമുണ്ട്.

വെള്ളിയാഴ്ച 1.89 ശതമാനം താഴ്ന്ന് 24.96 രൂപയിലാണ് യെസ് ബാങ്ക് ഓഹരിയുള്ളത്. 71,000 കോടി രൂപ വിപണിമൂല്യമുള്ള സ്ഥാപനമാണ് യെസ് ബാങ്ക്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 55 ശതമാനം നേട്ടം സമാനിച്ചിട്ടുണ്ട് യെസ് ബാങ്ക് ഓഹരി. അതേസമയം, കഴിഞ്ഞ 5 വര്‍ഷത്തെ പ്രകടനമെടുത്താല്‍ നിരാശയാണ് ഫലം. 170.30 രൂപവരെയുണ്ടായിരുന്ന ഓഹരിവില ഇതിനിടെ 10.80 രൂപവരെ ഇടിഞ്ഞിരുന്നു.

yes bank State Bank Of India sell shares