വീടിന് മുന്നിൽ നിൽക്കുകയായിരുന്ന വയോധികയുടെ സ്വർണ്ണ മാല പൊട്ടിച്ചു; രണ്ടു പേർ പിടിയിൽ

പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

author-image
Sukumaran Mani
New Update
Crime

Crime

Listen to this article
0.75x 1x 1.5x
00:00 / 00:00

എറണാകുളം: പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. മൂവാറ്റുപുഴ ഷാഹുൽ ഹമീദ്, കണ്ണന്തറ താമസിക്കുന്ന ആഷിക് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.

ഇരുപതാം തീയതിയാണ് പ്രതികള്‍ മാല പൊട്ടിച്ചെടുത്തത്. രാവിലെ പതിനൊന്ന് മണിക്ക് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നിൽ നിൽക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് പൊട്ടിച്ചെടുത്തത്. പിന്നാലെ ഇവര്‍ കടന്നുകളയുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴ ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച മാല സംഘം വിറ്റിരുന്നു. ഇത് മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. 

ചോദ്യം ചെയ്യലില്‍ അന്നേദിവസം അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി പ്രതികൾ പോലീസിനോട് സമ്മതിച്ചു. സഞ്ചരിച്ച ബൈക്ക് പള്ളുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചതാണെന്നും കണ്ടെത്തി. ഷാഹുൽ ഹമിദും ആഷിക്കും നേരത്തെ തന്നെ നിരവധി മോഷണ കേസുകളിലെ പ്രതികളാണ്. ഇവര്‍ക്ക് കോതമംഗലം, പോത്താനിക്കാട്, മൂവാറ്റുപുഴ, പെരുമ്പാവൂർ, കുന്നത്തുനാട്, കാസർഗോഡ്, തൃശ്ശൂർ, തൃക്കാക്കര എന്നിവിടങ്ങളിലായി 13 മോഷണ കേസുകൾ ഉണ്ട്.

kochi Crime Theft