2000 കോടി കിലോമീറ്റര്‍ ദൂരത്ത് നിന്ന് വോയേജറിന്റെ സന്ദേശം

മാസങ്ങള്‍ നീണ്ട പരിശ്രമത്തെ തുടര്‍ന്ന് വോയേജറില്‍ നിന്ന് ഉപയോഗയോഗ്യമായ വിവരങ്ങള്‍ എത്തിയെന്നാണ് യുഎസ് ബഹിരാകാശ ഏജന്‍സി പറയുന്നത്. വോയേജര്‍ 1 ബഹിരാകാശ പേടകം അതിന്റെ ഓണ്‍ബോര്‍ഡ് എഞ്ചിനീയറിംഗ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് ഉപയോഗയോഗ്യമായ ഡാറ്റ തിരികെ നല്‍കിയെന്നും നാസ അറിയിച്ചു.

author-image
Rajesh T L
New Update
voyager-1

Voyager-1

Listen to this article
0.75x 1x 1.5x
00:00 / 00:00

വാഷിങ്ടണ്‍ ഡി.സി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വോയേജര്‍-1ല്‍ നിന്ന് നാസയിലേക്ക് സന്ദേശമെത്തിയിരിക്കുകയാണ്. ഭൂമിയില്‍ നിന്ന് ഏറ്റവും ദൂരെയുള്ള ബഹിരാകാശ പേടകമാണ് വോയേജര്‍. കഴിഞ്ഞ നവംബറില്‍ പേടകത്തില്‍ നിന്ന് സന്ദേശം വരുന്നത് അവസാനിച്ചിരുന്നു. പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുള്ള മനുഷ്യനിര്‍മിത വസ്തുവാണ് എഎസ്എയുടെ വോയേജര്‍ 1 പേടകം.

മാസങ്ങള്‍ നീണ്ട പരിശ്രമത്തെ തുടര്‍ന്ന് വോയേജറില്‍ നിന്ന് ഉപയോഗയോഗ്യമായ വിവരങ്ങള്‍ എത്തിയെന്നാണ് യുഎസ് ബഹിരാകാശ ഏജന്‍സി പറയുന്നത്. വോയേജര്‍ 1 ബഹിരാകാശ പേടകം അതിന്റെ ഓണ്‍ബോര്‍ഡ് എഞ്ചിനീയറിംഗ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് ഉപയോഗയോഗ്യമായ ഡാറ്റ തിരികെ നല്‍കിയെന്നും നാസ അറിയിച്ചു.

1977ല്‍ വിക്ഷേപിച്ച വോയേജര്‍ 1, 2012-ല്‍, ഇന്റര്‍സ്റ്റെല്ലാര്‍ മീഡിയത്തിലേക്ക് പ്രവേശിച്ച മനുഷ്യരാശിയിലെ ആദ്യത്തെ ബഹിരാകാശ പേടകമാണ്. നിലവില്‍ ഭൂമിയില്‍ നിന്ന് 15 ബില്യണ്‍ മൈലുകള്‍ അകലെയാണ്. ഭൂമിയില്‍ നിന്ന് അയച്ച സന്ദേശങ്ങള്‍ പേടകത്തിലെത്താന്‍ ഏകദേശം 22.5 മണിക്കൂര്‍ എടുക്കും. പിന്നാലെ അയച്ച വോയേജര്‍ 2, 2018-ല്‍ സൗരയൂഥത്തിന് പുറത്തെത്തിയിട്ടുണ്ട്. 2025ഓടെ ഇന്ധനക്ഷമത അവസാനിക്കുമെങ്കിലും ആകാശഗംഗയില്‍ തുടരുമെന്നാണ് നാസ പറയുന്നത്.

പൂജ്യവും ഒന്നും ഉള്‍പ്പെടുന്ന ബൈനറി കോഡ് കംപ്യൂട്ടര്‍ ഭാഷയിലാണ് വോയേജര്‍ 1 ഭൂമിയുമായി സംവദിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി വോയേജര്‍ 1 ല്‍ നിന്ന് അയക്കുന്ന വിവരങ്ങള്‍ തിരിച്ചറിയാന്‍ പറ്റുന്നവ ആയിരുന്നില്ല. 2023 ലാണ് ഈ പ്രശ്‌നം ആരംഭിച്ചത്. പേടകത്തിലെ ഫൈ്‌ളൈറ്റ് ഡാറ്റ സബ്‌സിസ്റ്റത്തില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഇതിന് കാരണം.

ഈ സംവിധാനമാണ് പേടകത്തിന്റെ ശാസ്ത്രീയ ഉപകരണങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങളെല്ലാം ഭൂമിയിലേക്ക് ബൈനറി കോഡുകളായി അയക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭൂമിയിലെ മിഷന്‍ കണ്‍ട്രോള്‍ ടീമിന് പേടകത്തില്‍ നിന്നുള്ള റേഡിയോ സിഗ്‌നലുകള്‍ ലഭിക്കുന്നുണ്ടെങ്കിലും അവയില്‍ ഉപയോഗിക്കാനാവുന്ന വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഏപ്രില്‍ 20 നാണ് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി വ്യക്തതയുള്ള വിവരങ്ങള്‍ ഗ്രൗണ്ട് സ്റ്റേഷനില്‍ എത്തിയത്. ഈ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. വോയേജര്‍ 1 പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്നാണ് ഇതുവരെയുള്ള പരിശോധന വ്യക്തമാക്കുന്നത്.

പ്രശ്‌നം കണ്ടെത്തിയതിന് ശേഷം, പേടകത്തിലെ കംപ്യൂട്ടര്‍ സംവിധാനം റീസ്റ്റാര്‍ട്ട് ചെയ്യുന്നതിനുള്ള കമാന്റുകള്‍ അയക്കാനും പ്രശ്‌നത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും ദൗത്യ സംഘം ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 1 ന് പ്രത്യേകം കമാന്‍ഡ് അയച്ചു. മാര്‍ച്ച് 3 ന്, ഫ്‌ളൈറ്റ് ഡാറ്റ സിസ്റ്റത്തിന്റെ കംപ്യൂട്ടര്‍ സംവിധാനങ്ങളിലൊന്നില്‍ പ്രശ്‌നം ഉള്ളതായി കണ്ടെത്തി.

പിന്നീട് നടത്തിയ പരിശോധനയില്‍ എഫ്ഡിഎസിന്റെ മെമ്മറി ചിപ്പിലാണ് പ്രശ്‌നം എന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ അതിന്റെ കാരണം കണ്ടെത്താനായില്ല. കംപ്യൂട്ടറിന്റെ സോഫ്റ്റ് വെയര്‍ കോഡ് ഉള്‍പ്പടെയുള്ളവ ശേഖരിച്ചിരുന്നത് ഈ ചിപ്പിലാണ്. ഇത് തകരാറിലായതാണ് വോയേജര്‍ ശേഖരിച്ച ശാസ്ത്രീയ വിവരങ്ങള്‍ ഉപയോഗശൂന്യമാവാന്‍ കാരണമായത്. ചിപ്പ് ശരിയാക്കാന്‍ സാധിക്കില്ല എന്നതിനാല്‍, ചിപ്പിലെ കോഡ് സിസ്റ്റം മെമ്മറിയില്‍ മറ്റെവിടെയെങ്കിലും ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വോയേജര്‍ 2 ബഹിരാകാശ പേടകം ഭൂമിയില്‍ നിന്നും ഏതാണ്ട് 19.5 ബില്യണ്‍ കിലോമീറ്റര്‍ അകലത്തിലാണ്. ഭൂമിയില്‍ നിന്നും ഏറ്റവും അകലത്തിലുള്ള സൂര്യനുമായി ബന്ധമുള്ള ഗ്രഹമായ നെപ്റ്റിയൂണ്‍ ഏകദേശം 2.9 ബില്യണ്‍ കിലോമീറ്റര്‍ ദൂരത്തിലാണ്. നക്ഷത്രാന്തര പ്രപഞ്ചത്തിലേക്ക് യാത്ര ചെയ്യുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുകയെന്ന ദൗത്യം ഈ രണ്ട് പേടകങ്ങളും വിജയകരമായി തുടരുകയാണ്. അന്യഗ്രഹജീവനും പ്രപഞ്ച രഹസ്യങ്ങളും തേടാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന്റെ പ്രതീകമാണ് ഈ രണ്ട് ദൗത്യങ്ങള്‍.

 

nasa voyager voyager1 nasanews