എയർ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോർട്ട് തേടി വ്യോമയാനമന്ത്രാലയം; ഉടൻ പ്രശ്നം  പരിഹരിക്കാൻ നിർദേശം

എയർ ഇന്ത്യ കാബിൻ ക്രൂ അംഗങ്ങളുടെ മിന്നൽപ്പണിമുടക്കിനെ തുടർന്നാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. അലവൻസ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്താണ് പണിമുടക്കിയത്.

author-image
Vishnupriya
New Update
air india

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിൽ എയർ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോർട്ട് തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഉടൻ പ്രശ്നം  പരിഹരിക്കാൻ എയർലൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിസിഎ ചട്ടങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ വിമാനക്കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുതൽ ഏകദേശം തൊണ്ണൂറോളം എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കിയതിനു പിന്നാലെയാണ് വ്യോമയാനമന്ത്രാലയത്തിന്റെ നടപടി.

എയർ ഇന്ത്യ കാബിൻ ക്രൂ അംഗങ്ങളുടെ മിന്നൽപ്പണിമുടക്കിനെ തുടർന്നാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. അലവൻസ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്താണ് പണിമുടക്കിയത്. അതേസമയം, കാബിൻ ക്രൂ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ മാറ്റം അംഗീകരിക്കാനാവാത്തവരാണ് സമരത്തിന് പിന്നിലെന്നും അധികൃതർ ആരോപിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കിനൽകുകയോ, പകരം യാത്രാ സംവിധാനം ഒരുക്കുകയോ ചെയ്തെന്നും അധികൃതർ വ്യക്തമാക്കി. പണിമുടക്കിയ ജീവനക്കാരുമായി കമ്പനി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.

air india express airlines aviation ministry