പക്ഷിപ്പനിക്കെതിരേ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്; മൂന്നുകിലോമീറ്റർ ചുറ്റളവിൽ പനിസർവേ നടത്താൻ തീരുമാനം

രോഗബാധിതപ്രദേശങ്ങളിൽ താമസിക്കുന്നവരിലെ പനിബാധയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ച പ്രത്യേകം നിരീക്ഷിക്കാനാണ് നിർദ്ദേശം. 

author-image
Rajesh T L
Updated On
New Update
bird

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ആലപ്പുഴയിൽ താറാവുകളിൽ പക്ഷിപ്പനി (ഏവിയൻ ഇൻഫ്ളുവൻസ -എച്ച്5 എൻ1) കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ്  പ്രദേശവാസികൾക്ക് പ്രത്യേക ജാഗ്രതാനിർദേശംനൽകി. രോഗബാധിതപ്രദേശങ്ങളിൽ താമസിക്കുന്നവരിലെ പനിബാധയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ച പ്രത്യേകം നിരീക്ഷിക്കാനാണ് നിർദ്ദേശം. 

മൂന്നുകിലോമീറ്റർ ചുറ്റളവിൽ പ്രത്യേക പനിസർവേ നടത്താനും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പുവരുത്താനും ഉന്നതതല യോഗം തീരുമാനിച്ചു. പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവർ പ്രത്യേകം ക്വാറന്റീൻ പാലിക്കണം. ഈ പ്രദേശത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തും. ഏതെങ്കിലും തരത്തിലുള്ള പക്ഷികൾ ചത്തുകിടക്കുന്നതുകണ്ടാൽ അക്കാര്യം അധികൃതരെ അറിയിക്കാനും നിർദ്ദേശം ഉണ്ട്.

മനുഷ്യരിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ടെങ്കിൽ ഐസൊലേഷൻ സെന്ററായി ആലപ്പുഴ ജനറൽ ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. ഗുരുതരരോഗമുണ്ടായാൽ ചികിത്സിക്കാനായി ആലപ്പുഴ മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കും. 

 കർഷകർക്കോ, പക്ഷികളുമായി ഇടപെട്ടവർക്കോ, പക്ഷിനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കോ,  ഏതെങ്കിലും തരത്തിലുള്ള പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആശുപത്രിയിലേക്ക് മാറ്റാനായി പ്രത്യേക ആംബുലൻസ് സൗകര്യം തയ്യാറാക്കിയിട്ടുണ്ട് . അടിയന്തര സഹായങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസുമായി (ഫോൺ: 04772251650) ബന്ധപ്പെടാവുന്നതാണ്.

alappuzha bird flu