'കായംകുളം സത്യൻ കൊലക്കേസ് പാർട്ടി ആലോചിച്ച് നടത്തിയത്'; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി നേതാവിന്റെ വെളിപ്പെടുത്തൽ

ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഈ കേസിലെ പ്രതിയുമായ ബിപിൻ സി ബാബുവിന്റെ വെളിപ്പെടുത്തൽ.

author-image
Greeshma Rakesh
New Update
sathyan-murder.

kayamkulam sathyan murder

Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴ: കായംകുളത്തെ ഐഎൻടിയുസി നേതാവ് സത്യന്റെ കൊലപാതകം സിപിഎം പാർട്ടി ആലോചിച്ച് നടത്തിയതെന്ന് വെളിപ്പെടുത്തി സിപിഎം നേതാവ്. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഈ കേസിലെ പ്രതിയുമായ ബിപിൻ സി ബാബുവിന്റെ വെളിപ്പെടുത്തൽ.അതെസമയം പ്രതി തന്നെ സത്യം വെളിപ്പെടുത്തിയ സാഹചര്യത്തിൽ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

2001 ലാണ് മുൻ ആർഎസ്എസ് പ്രവർത്തകനും ഐഎൻടിയുസി നേതാവുമായ സത്യൻ കായംകുളം കരിയിലക്കുളങ്ങരയിൽ വെച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കേസിലെ 7 പ്രതികളെയും തെളിവിന്റെ അഭാവത്തിൽ 2006ൽ കോടതി വെറുതെ വിടുകയായിരുന്നു.എന്നാൽ വർഷങ്ങൾക്കിപ്പുറം സിപിഎം ആലോചിച്ച് നടത്തിയ കൊലപാതകമാണിതെന്നാണ് ബിപിൻ സി ബാബുവിന്റെ വെളിപ്പെടുത്തൽ.

മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം കായംകുളം മുൻ ഏരിയാ സെന്റർ അംഗവുമാണ് ബിപിൻ സി ബാബു. സത്യൻ കൊലക്കേസിലെ ആറാം പ്രതിയാണ് ഇയാൾ. അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ നടുറോഡിൽ മർദിച്ച സംഭവത്തിൽ കഴിഞ്ഞ വർഷം സിപിഎം പാർട്ടിയിൽ നിന്ന് സസ്പെൻറ് ചെയ്തിരുന്നു.അടുത്ത കാലത്ത് ബിപിൻ സി ബാബുവിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉൾപ്പെടുത്തിയത്. ഇതിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് അംഗം എന്ന പദവി രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് സത്യന്റെ കൊലയ്ക്ക് പിന്നിൽ സിപിഎമ്മാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.കൊലനടക്കുമ്പോൾ 19 വയസ്സമാത്രം പ്രായമുള്ള നിരപരാധിയായ തന്നെ പ്രതി ചേർത്ത് രണ്ട് മാസം ജയിലിലിട്ടുവെന്നും കത്തിൽ പറയുന്നു.

 ‘‘ഞാൻ എസ്എഫ്ഐ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗമായും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പാർട്ടി ഏരിയ കമ്മിറ്റി അംഗമായി 14 വർഷമായി പ്രവർത്തിച്ചു വരികയാണ്. വിദ്യാർത്ഥി യുവജന രംഗത്തു പ്രവർത്തിക്കുമ്പോൾ 36 കേസുകളിൽ പ്രതിയായിരുന്നു. പാർട്ടി ആലോചിച്ചു നടത്തിയ ആർഎസ്എസ് പ്രവർത്തകനായിരുന്ന സത്യൻ കൊലപാതകക്കേസിൽ നിരപരാധിയായിരുന്ന എന്നെ പ്രതിയാക്കിയതിനെ തുടർന്ന് 19ാം വയസിൽ ഞാൻ 65 ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്’’- കത്തിൽ പറയുന്നു.

‘‘എന്റെ കുടുംബജീവിത്തിന്റെ ഭാഗമായുണ്ടായ ചെറിയ തെറ്റിന് എന്നെ പരമാവധി അപമാനിച്ചു കഴിഞ്ഞു. എന്റെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് പാർട്ടിയിലേക്കു തിരികെ എടുക്കുന്ന ഘട്ടത്തിൽ സഖാവ് കെ.എച്ച്. ബാബുജാൻ പഴയ ആരോപണങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടു മുന്നോട്ടു വരികയാണ്. മാത്രമല്ല ഞാൻ ബിജെപിയിലേക്കു പോകുന്നുവെന്ന കള്ളം സഖാക്കളുടെ ഇടയിൽ പ്രചരിപ്പിക്കുകയാണ്. എന്നെ ഒരു കാരണവശാലും പാർട്ടിയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന ബാബുജാന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് എന്നെ പാർട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിട്ടുള്ളത് എന്ന് വ്യക്തമാണ്.’’

‘‘എനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ അങ്ങേയറ്റം ആഗ്രഹമുണ്ട്. എന്നാൽ അതിനു വിഘാതമായ നടപടിയാണ് ഇവിടെ ഉണ്ടായത്. ഈ സാഹചര്യത്തിൽ എന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. അതോടൊപ്പം ജില്ലാ പഞ്ചായത്ത് അംഗത്വവും ഒഴിയാൻ ഞാൻ ആഗ്രഹിക്കുന്നു. ജീവിതം മുഴുവൻ പാർട്ടിയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹവുമായി നിൽക്കുന്ന എന്നേപ്പോലുള്ളവരെ വ്യക്തിവൈരാഗ്യം തീർക്കാൻ പാർട്ടിക്കു നേതൃത്വം കൊടുക്കുന്നവർ ശ്രമിക്കുന്നതിനെപ്പറ്റി പിന്നീട് പാർട്ടി പരിശോധിക്കുന്ന ഘട്ടത്തിൽ ബോധ്യപ്പെടും.’’- കത്തിൽ പറയുന്നു.

cpm kayamkulam sathyan murder