ട്രാൻസ്ഫോർമറുകൾ തകരാറിലായി, ‘ലോഡ് ഷെഡിങ് വേണം'; വീണ്ടും സർക്കാരിനോട്  കെഎസ്ഇബി

വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ എത്തിയ സാഹചര്യത്തിലാണ് കെഎസ്ഇബി സർക്കാരിനെ സമീപിച്ചത്.കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

author-image
Greeshma Rakesh
Updated On
New Update
kseb

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യവുമായി വീണ്ടും സർക്കാരിനെ സമീപിച്ച്  കെഎസ്ഇബി.കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിൽ രണ്ടാഴ്ച‌ത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്.വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ എത്തിയ സാഹചര്യത്തിലാണ് കെഎസ്ഇബി സർക്കാരിനെ സമീപിച്ചത്.

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച മാത്രം സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗം.5648 മെഗാവാട്ടാണ് പീക്ക് സമയത്തെ ഉപയോഗം. ലോഡ് കൂടി ട്രാൻസ്ഫോർമറുകൾ ട്രിപ്പ് ആകുന്നുവെന്നും, ഇതുവരെ 700ലധികം ട്രാൻസ്ഫോർമറുകൾ തകരാറിലായെന്നും കെഎസ്ഇബി സർക്കാരിനെ അറിയിച്ചു.അതിനാൽ പലയിടത്തും രാത്രിസമയം 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ അപ്രഖ്യാപിത ലോഡ് ഷെഡിങ് നടപ്പാക്കേണ്ടിവരുന്നു. നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതോടെ ജീവനക്കാർക്കെതിരെ ജനം തിരിയുന്നത് ഒഴിവാക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെടുന്നു.

അതെസമയം കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പു മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ നിയന്ത്രണം കൊണ്ടുവ‌ന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല. ഇതോടൊപ്പമാണ് വൈദ്യുത വിതരണ ശൃംഖലയിൽ കേടുപാടുകൾ വരുന്നതായി കെഎസ്ഇബി ചൂണ്ടിക്കാണിച്ചത്. നിലവിലെ സാഹചര്യം വിലയിരുത്താൻ ബുധനാഴ്ച കെഎസ്ഇബി ഉന്നതതല യോഗം ചേരും. 

kerala government kerala news KSEB LOAD SHEDDING