വെള്ളാനിക്കര സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ;കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ആന്റണിയുടെ മൃതദേഹം തലക്ക് അടിയേറ്റ് ചോര വാർന്ന നിലയിലായിരുന്നു. അരവിന്ദാക്ഷന്റെ മൃതദേഹം ബാങ്കിന് പുറകിലെ കാനയിൽ നിന്നാണ് കണ്ടെത്തിയത്.

author-image
Greeshma Rakesh
New Update
two-security

two security employees of vellanikkara service co operative bank found dead

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ: കാർഷിക സർവകലാശാല കാമ്പസിനകത്ത് പ്രവർത്തിക്കുന്ന വെള്ളാനിക്കര സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആൻറണി എന്നിവരാണ് മരിച്ചത്. കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

ആന്റണിയുടെ മൃതദേഹം തലക്ക് അടിയേറ്റ് ചോര വാർന്ന നിലയിലായിരുന്നു. അരവിന്ദാക്ഷന്റെ മൃതദേഹം ബാങ്കിന് പുറകിലെ കാനയിൽ നിന്നാണ് കണ്ടെത്തിയത്. അരവിന്ദക്ഷന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന പ്രാഥമിക നി​ഗമനത്തിലെത്തിച്ചത്.

തിങ്കളാഴ്ച രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്. ഇതിന് പിന്നാലെ എത്തിയ കാഷ്യറും മാനേജറും പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.പൊലീസ് സ്ഥലത്ത്  പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഇരുവരും തമ്മിൽ തർക്കമുള്ളതായി അറിവില്ലെന്ന് വെള്ളാനിക്കര സഹകരണ ബാങ്ക് സെക്രട്ടറി സ്മിത പ്രതികരിച്ചു. അരവിന്ദക്ഷൻ മൂന്ന് വർഷമായി ബാങ്കിന്റെ സെക്യൂരിറ്റി ആണ്. ബാങ്കിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ആന്റണിയെ കൂടി സെക്യൂരിറ്റിയായി നിയോഗിച്ചത്. പണികൾ പൂർത്തിയായതിനാൽ ജോലിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സംഭവം. ജോലി സ്ഥിരത സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.

 

death kerla agriculture university vellanikkara service co-operative bank