ഡോക്യുഫിക്ഷന്‍ തീപ്പാതി ഒരുങ്ങുന്നു.

By Raji Mejo.28 Feb, 2018

imran-azhar

കാലടി : കാലടി ശ്രീ ശങ്കരാ കോളേജിലെ കലാ സാംസ്‌കാരിക ഗവേഷണ സംഘടനയായ റിനൈസന്‍സിന്റെ ആഭിമുഖ്യത്തില്‍ ഡോക്യുഫിക്ഷന്‍ തീപ്പാതി ഒരുങ്ങുന്നു. ഡോക്യുഫിക്ഷന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ശങ്കര കോളേജിലെ ബിഎസ് സി മൈക്രോ ബയോളജി അവസാന വര്‍ഷ വിദ്യാര്‍ഥി മനീഷ മാധവനാണു സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

രണ്ടു വര്‍ഷത്തെ തെയ്യക്കാലങ്ങളിലായിരുന്നു തീപ്പാതിയുടെ ചിത്രീകരണകാലം. പതിനൊന്നു തെയ്യങ്ങളുടെയും തെയ്യം കലാകാരന്മാരുടേയും അരങ്ങും അണിയറയുമാണു ഡോക്യുഫിക്ഷനിലെ പ്രതിപാദ്യം. അനുഷ്ഠാനകലയായ തീത്തെയ്യങ്ങളെക്കുറിച്ചുള്ള വിപുലമായ പഠനമാണു ചിത്രം. തുലാം പത്തിനു തുടങ്ങുന്ന തെയ്യക്കാലത്തിന്റെ പിറവിയോടു കൂടിയാണു ചിത്രീകരണം ആരംഭിച്ചത്. നീണ്ടനാളത്തെ ഗവേഷണത്തിനു ശേഷമൊരുക്കിയ ഡോക്യുഫിക്ഷനില്‍ തെയ്യങ്ങളെക്കുറിച്ചുള്ള സമഗ്രചിത്രം വ്യക്തമാകും. കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, പയ്യന്നൂര്‍ മേഖലകളിലായിരുന്നു പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നതു മണി ബി. ടി, ടൈറ്റില്‍ ഡിസൈന്‍ ഡിബിന്‍ കെ ധര്‍മ്മേന്ദ്രന്‍.