കേരള മീഡിയ അക്കാദമി ഹരിതകേരളം ഹ്രസ്വചിത്രമത്സരം

By S R Krishnan.27 Dec, 2016

imran-azhar


കൊച്ചി: ഹരിതകേരള സന്ദേശമുള്‍ക്കൊള്ളുന്ന ഹ്രസ്വചിത്ര നിര്‍മ്മാണത്തിന് വിദ്യാര്‍ഥികള്‍ക്കായി കേരള മീഡിയ അക്കാദമി മത്സരം സംഘടിപ്പിക്കുന്നു. ജലസംരക്ഷണം, മാലിന്യരഹിത സുന്ദര കേരളം, വിഷരഹിത കൃഷി എന്നീ ആശയങ്ങളെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം നിര്‍മ്മിക്കേണ്ടത്. പരമാവധി മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പിങ്‌സുകളാണ് അയക്കേണ്ടത്. വിദ്യാര്‍ഥികളുടെ കലാവാസനയും മാധ്യമാഭിരുചിയും സാമൂഹിക പ്രതിബദ്ധതയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം .വിജയികള്‍ക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്ക് 50000, 25000, 15000 രൂപയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. മികവുറ്റ 50 പേര്‍ക്ക് അവധിക്കാലത്ത് ടി.വി, ഫിലിം നിര്‍മ്മാണ പരിശീലനത്തിനുള്ള ശില്പശാല സംഘടിപ്പിക്കും. ഇതോടൊപ്പം പ്രശസ്ത കവി പ്രഭാവര്‍മ്മ രചിച്ച് ഗായകന്‍ യേശുദാസ് ആലപിച്ച ഹരിതകേരള ഗീതം എന്ന മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടത്തുന്നതിനും മത്സരം സംഘടിപ്പിക്കും. അനുയോജ്യമായ കലാരൂപങ്ങളിലൂടെയോ പ്രകൃതി ദൂശ്യങ്ങളിലൂടെയോ ആവിഷ്‌കാരം നടത്തി വീഡിയോ ക്ലിപ്പിങ് അക്കാദമിയ്ക്ക് അയക്കാം. പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും, പ്ലസ് വണ്‍ മുതല്‍ പ്രൊഫഷണല്‍ കോളെജുകള്‍ വരെയുള്ളവര്‍ക്കുമായി പ്രത്യേകമായാണ് മത്സരം. ഒറ്റയ്ക്കും, സംഘമായും മത്സരത്തില്‍ പങ്കെടുക്കാം. ഗീതത്തിന്റെ കോപ്പി മീഡിയ അക്കാദമി വെബ്സൈറ്റില്‍ ലഭ്യമാണ്. പേരും പൂര്‍ണവിലാസവും ഫോണ്‍ നമ്പറും സഹിതം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം സഹിതം 2017 ജനുവരി 30 നകം ലഭിക്കണം. വിലാസം- സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 2422275, 2422068. വെബ്‌സൈറ്റ്: www.keralamediaacademy.org

 

OTHER SECTIONS