ഭര്‍ത്താക്കന്‍മാരും മക്കളും പാഠമാക്കണം മിനി എന്ന വീട്ടമ്മയെ... ആളുകള്‍ക്ക് കൗതുകമായി മിനിയുടെ സാരിയും മ്യൂറല്‍ പെയിന്റിംഗും

By Farsana Jaleel.13 Apr, 2018

imran-azhar

വീട്ടില്‍ ആദ്യം ഉറക്കം ഉണരുന്നത് ആരെന്ന് ചോദിച്ചാല്‍ അത് വീട്ടമ്മമാര്‍ തന്നെ.... അവസാനം ഉറങ്ങുന്നതും വീട്ടമ്മമാര്‍ തന്നെ... ഭര്‍ത്താവിനെയും മക്കളെയും സ്‌കൂളിലും ജോലിയ്ക്കും പറഞ്ഞയച്ച ശേഷം വീട്ടുജോലികളൊക്കെ ദൃതിപ്പെട്ട് ചെയ്തു തീര്‍ത്ത് പിന്നീട് ടിവിയുടെ മുന്നിലും ബാക്കി സമയം പരദൂഷണങ്ങളിലും ഏര്‍പ്പെടുന്ന വീട്ടമ്മമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്... ഭര്‍ത്താവ് കുടുംബം പോറ്റുന്നു എന്ന കാരണത്താല്‍ ഭാര്യമാര്‍ക്ക് ജോലി വേണ്ടെന്ന ആ പഴഞ്ചന്‍ സംസ്‌കാരം ആഗ്രഹിക്കുന്നവരും മിനി എന്ന ചുറുചുറുക്കായ വീട്ടമ്മയെ കണ്ടുപഠിക്കേണ്ടതാണ്. ഒപ്പം ഭര്‍ത്താക്കന്‍മാരും മക്കളും മിനിയെന്ന ഈ വീട്ടമ്മയെ ഒന്നു കണ്ടു പഠിക്കണം. എഞ്ചിനിയറിംഗിനും മെഡിസിനും പഠിക്കുന്ന രണ്ടു പെണ്‍മക്കളുടെ അമ്മയാണ് മിനി. ബിസിനസ്സുകാരനായ ഭര്‍ത്താവിന്റെ യാതൊരു പ്രോത്സാഹനവും പിന്തുണയുമില്ലാതെയാണ് മിനി ഇന്ന് നിറങ്ങളുടെ ലോകത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവിന്റെ പിന്തുണ ഇല്ലെങ്കിലും മക്കളുടെ പിന്തുണയും പ്രോത്സാഹനവും ആശയങ്ങളും മിനിക്കൊപ്പമുണ്ട്...അത് തന്നെയാണ് ഈ വീട്ടമ്മയുടെ ധൈര്യവും.

 

20 വര്‍ഷമായി മിനി സ്വയം തൊഴില്‍ രംഗത്ത് എത്തിയിട്ട്. കുട്ടിക്കാലത്ത് തന്നെ വരയോടു താത്പര്യമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ പ്രോത്സാഹനം ഉണ്ടായിരുന്നില്ല മിനിയ്ക്ക്. എങ്കിലും മിനിക്ക് വരയോടും പെയിന്റിംഗിനോടും ഭയങ്കര ക്രെയിസായിരുന്നു. പെയിന്റിംഗിനോടു മാത്രമല്ല ഹാന്‍ മെയ്ഡ് സാധനങ്ങളോടും മിനിയ്ക്ക് നല്ല ക്രെയിസായിരുന്നു. ക്രാഫ്റ്റ് വര്‍ക്കുകളും മിനിയുടെ കൈവശമുണ്ട്. ഹാന്‍ഡ് മെയിഡ് സാധനങ്ങളോടു മിനിയ്ക്ക് പണ്ട് മുതല്‍ക്കെ ക്രെയിസായിരുന്നു. ആദ്യം പരീക്ഷണാര്‍ത്ഥം വീട്ടില്‍ തന്നെ ചെയ്തു തുടങ്ങി. ശേഷം തന്റെ കൈയ്യിലുള്ള കഴിവുകള്‍ വെച്ച് സ്വയം തൊഴിലിലേയ്ക്ക് ഇറങ്ങി തിരിക്കാന്‍ തീരുമാനിച്ചു. ആദ്യമൊക്കെ സാധനങ്ങള്‍ സ്വന്തമായി ഉണ്ടാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. ആദ്യം നല്ല റിസള്‍ട്ട് ഉണ്ടാകാതിരുന്നിട്ടും ഈ വീട്ടമ്മ തളര്‍ന്നില്ല.

 

പെയിന്റിംഗിലാണ് മിനി ക്ലച്ച് പിടിച്ചത്. അതില്‍ പ്രധാനം മ്യൂറല്‍ പെയിന്റിംഗും. പണ്ട് മ്യൂറല്‍ പെയിന്റിംഗിന് പ്രകൃതിയില്‍ നിന്നെടുക്കുന്ന പച്ചക്കറികളുടെ ചാറുകളും ചിരട്ടയുടെ കരിയുമൊക്കെ ഉപയോഗിച്ചാണ് വരയ്ക്കുന്നത്. അതാണ് ഒറിജിനല്‍ പ്രിന്‍്‌റിംഗ്. എന്നാല്‍ ഇന്നെല്ലാം ആര്‍ട്ടിഫിഷ്യലാണ്. സാരിയിലാണ് മിനി പ്രധാനമായും ചെയ്തു കൊടുക്കുന്നത്. കടകളില്‍ നിന്നും പ്ലെയിന്‍ സാരി വാങ്ങി അതില്‍ മ്യൂറല്‍ പെയിന്റിംഗ് ചെയ്തു കൊടുക്കും. മ്യൂറല്‍ പെയിന്റിംഗ് അല്‍പ്പം പാടാണെങ്കിലും വരച്ചു കഴിഞ്ഞാല്‍ നല്ല റേറ്റ് കിട്ടുമെന്നാണ് മിനിയുടെ അഭിപ്രായം. രണ്ടു ദിവസം കൊണ്ട് ചെറിയ പെയിന്റിംഗ് വരച്ചു തീര്‍ക്കും. രാധയും കൃഷ്ണനുമൊക്കെ മുഴുവനും വേണമെങ്കില്‍ ഒരാഴ്ച്ചയെടുക്കും മിനിയ്ക്ക്. സാരി, സെറ്റും മുണ്ടും, ഷര്‍ട്ട്, ചുരിദാര്‍, കുര്‍ത്ത, ബെഡ്ഷീറ്റ് തുടങ്ങീ എല്ലാറ്റിലും മ്യൂറല്‍ പെയിന്റിംഗ് ചെയ്യാറുണ്ട്. ഇതു കൂടാതെ പോട്ട് പെയിന്റിംഗും ചെയ്യാറുണ്ട്. രാജസ്ഥാനി ലേഡി, ഒട്ടകം ഇതൊക്കെയാണ് പോട്ട് പെയിന്റിംഗില്‍ ചെയ്യുന്നത്. പിന്നെ ബ്ലോക്ക് പെയിന്റിംഗ്.. ബ്ലോക്ക് പെയിന്റിംഗ് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഐറ്റമാണ്. എന്നാല്‍ ഇതിന്റെ അച്ച് കിട്ടാന്‍ പാടാണ്. ബ്ലോക്ക് പെയിന്റിംഗ് സാരിയും ചുരിദാറും ആളുകള്‍ക്ക് ക്രെയിസാണ്...

 

ആദ്യ നാളുകളില്‍ മിനി കടകളില്‍ പോയി തുണിയെടുത്ത് സ്വന്തമായാണ് വര്‍ക്ക് ചെയ്തു കൊടുത്തിരുന്നത്. ഷോപ്പുകളില്‍ ചെന്നവരെ സമീപിച്ച് കൈത്തറി തുണികളും കേരള സാരികളും മറ്റുമെടുത്ത് അതിലാണ് അവര്‍ വര്‍ക്ക് ചെയ്തു കൊടുക്കുന്നത്. സ്വന്തമായി ചെയ്യുന്ന ഹാന്‍ഡ്‌ലൂം കളക്ഷന്‍സും സാരിയ്‌ക്കൊപ്പം ആദ്യ നാളുകളില്‍ ബാലരാമപുരത്തും മറ്റും പല പല കടകളില്‍ കൊണ്ടു പോയി കൊടുക്കുകയായിരുന്നു പതിവ്. ഹോള്‍ സെയിലായും കൊടുത്തിരുന്നു. പിന്നീട് സ്വന്തമായി കട ഇട്ട ശേഷം ഹാന്‍ഡ്‌ലൂം കളക്ഷന്‍സും അവിടെ തന്നെ വില്‍പ്പന നടത്താന്‍ തുടങ്ങി. 10 വര്‍ഷത്തോളം കടകളിലെയും സൊസൈറ്റികളിലെയും മറ്റും ഓര്‍ഡര്‍ അനുസരിച്ചാണ് ചെയ്തു കൊടുത്തിരുന്നത്. ഇങ്ങനെ സ്ഥിരമായി ചെയ്തു കൊടുക്കുമ്പോള്‍ മറ്റുള്ളവര്‍ മിനിയോടു ചോദിക്കുമായിരുന്നു ഷോപ്പില്ലേ എന്ന്.. പിന്നീടാണ് ഒരു കട വേണമെന്ന് തോന്നുന്നതും കടയിടുന്നതും. സ്വന്തമായി കടയിട്ടിട്ട് നാലു വര്‍ഷമാകും. ഒരു സ്വയം തൊഴില്‍ വീട്ടിലിരുന്നാലും ചെയ്യാന്‍ പറ്റുന്ന ഒന്നാണല്ലോ എന്ന ചിന്തയുടെ ഫലമാണ് മിനിയുടെ അമൂഖ. അമൂഖ എന്നാണ് കടയുടെ പേര്. അമൂഖയില്‍ കിട്ടുന്ന സാരി മറ്റെങ്ങും കിട്ടാറില്ലെന്നാണ് മിനിയുടെ അവകാശവാദം. അമൂഖ എന്നാല്‍ വ്യത്യസ്തമായ അമൂഖയാണ്. റേറ്റിന്റെ കാര്യത്തിലാണെങ്കില്‍ പോലും.

 

ആദ്യം സ്റ്റാച്യുവിലായിരുന്നു കട. ഇപ്പോള്‍ പുളിമൂട്ടിലാണ്. ഗൗരീഷ പട്ടത്ത് ഒരു വീടിന്റെ മുകള്‍ ഭാഗം വാടകയ്‌ക്കെടുത്തിട്ടുണ്ട്. അവിടെയാണ് പ്രിന്റിംഗ് പെയിന്റിംഗ് വര്‍ക്കുകള്‍ നടക്കുന്നത്. മിനി ഒറ്റയ്ക്കാണ് പെയിന്റിംഗ് ചെയ്തു തുടങ്ങിയത്. പിന്നീട് കൂടുതല്‍ വര്‍ക്ക് വന്നപ്പോള്‍ ആളു കൂടി. ഇപ്പോള്‍ നാലു പേരുണ്ട്. മിനി തന്നെയാണ് മ്യൂറലും ബ്ലോക്കും സ്‌ക്രീന്‍ പ്രിന്റിംഗും ചെയ്യുന്നത്. വരയ്ക്കുന്ന ഡിഡൈനില്‍ മിനി എല്ലായിപ്പോഴും എന്തെങ്കിലുമൊരു പ്രത്യേകത വരുത്താന്‍ ശ്രമിക്കാറുണ്ട്. നെറ്റില്‍ നിന്നും ഡിസൈനെടുത്ത് വ്യത്യസ്തമാക്കിയും മിനി വരയ്ക്കാറുണ്ട്. സാരിയില്‍ മാത്രമല്ല കുട്ടികളുടെ സ്‌കര്‍ട്ട്, ഷര്‍ട്ട്, മുണ്ട്, ഷര്‍ട്ടിന്റെ പോക്കറ്റ്, കര്‍ട്ടണ്‍ അങ്ങനെ എല്ലാറ്റിലും വര്‍ക്ക് ചെയ്യാറുണ്ട്. കര്‍ട്ടനില്‍ മ്യൂറല്‍ പെയിംന്റിംഗും അല്ലാതെയുള്ള ഡിസൈനും ചെയ്യും. കൈത്തറിയുടെ സാധനങ്ങളും ചെയ്യാറുണ്ട്. കൈത്തറിയുടെ സാരി, ബെഡ് ഷീറ്റ്, റണ്ണര്‍, ടൗവല്‍, കിച്ചന്‍ സെറ്റുകള്‍, ജൂട്ട് സില്‍ക്ക്, ഡസര്‍ട്ട് സില്‍ക്ക്, ഓയില്‍ കോട്ടണ്‍ സാരി തുടങ്ങീ എല്ലാറ്റിലും ചെയ്യും. ആളുകള്‍ വന്ന ഓര്‍ഡര്‍ ചെയ്യുന്നതിനനുസരിച്ചും വരച്ചു കൊടുക്കാറുണ്ട്. ഇടയ്ക്ക ഹാഫ് സാരിയായിരുന്നു ട്രെന്‍ഡ്. കേരള സാരിയിലുള്ള ഹാഫ് സാരിയില്‍ മ്യൂറല്‍ പെയിന്റിംഗ് റെയറാണ്.

 

സ്‌കൂളില്‍ പഠിക്കുമ്പോഴെ പെയിന്റിംഗിനോട് താത്പര്യമുണ്ടായിരുന്നു. പക്ഷേ പഠിക്കാനൊന്നും പറ്റിയിരുന്നില്ല. മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് സ്വന്തമായി ചെയ്തു നോക്കി. ആദ്യം കുറേ തുണി വേസ്റ്റായി. കല്യാണം കഴിഞ്ഞ സമയത്താണ് സ്വന്തമായി ചെയ്യാന്‍ തുടങ്ങിയത്. അപ്പോഴണല്ലോ സ്വന്തമായൊരു തൊഴില്‍ വേണമെന്ന് തോന്നുന്നത്. പിന്നെ ബുദ്ധിമുട്ടും കുഞ്ഞുങ്ങളൊക്കെ ആയപ്പോള്‍ എന്തായാലും ഒരു തൊഴില്‍ വേണമെന്ന് തോന്നി. മറ്റുള്ളവരുടെ കീഴില്‍ നില്‍ക്കുന്നതിനേക്കാളും നമ്മള്‍ സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതാണ് നല്ലതെന്ന് തോന്നി. സ്വന്തമായൊരു വരുമാനം വാങ്ങുകയെന്നത് സ്ത്രീകളുടെ സ്വപ്‌നമാണ്. മ്യൂസിയത്ത് എക്‌സിബിഷനും മറ്റും പോകുമ്പോള്‍ അത് കണ്ടിട്ടാണ് മിനിയ്ക്ക് പ്രചോദനമുണ്ടായത്. എന്നാലന്ന് മനസ്സില്‍ സെയില്‍ ചെയ്യണമെന്ന ചിന്തയൊന്നുമില്ലായിരുന്നു. പിന്നീടാണ് പുറത്തു ചെയ്തു കൊടുത്താല്‍ കാഷ് കിട്ടുമെന്ന് ചിന്തിക്കാന്‍ തുടങ്ങിയത്... ഭര്‍ത്താവ് കുറച്ചെങ്കിലും പിന്തുണച്ചിരുന്നെങ്കില്‍ ഈ മേഖലയില്‍ സാധ്യതകളുണ്ടെന്ന് തോന്നിയിട്ടുണ്ട്. വര്‍ക്കിന് വേണ്ടി പലയിടത്തും ഒറ്റയ്ക്ക് പോകുമ്പോള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട്...

 

ആദ്യം ചെയ്തു തുടങ്ങിയപ്പോള്‍ ചിലരൊക്കെ കുറ്റം കണ്ടെത്തിയിരുന്നു. അങ്ങനെ മ്യൂറല്‍ മാറ്റിവെച്ച് ബ്ലോക്ക് പ്രിംന്റിംഗ് ചെയ്യാന്‍ തുടങ്ങി. അപ്പോള്‍ കുറ്റം പറച്ചില്‍ നിന്നു. ആദ്യം മിനി തന്റെയും മക്കളുടെയും വസ്ത്രങ്ങളിലാണ് പരീക്ഷിച്ചത്. പിന്നീട് അടുത്തു പരിചയമുള്ളവരുടെ വസ്ത്രങ്ങളില്‍ ചെയ്യാന്‍ തുടങ്ങി. ആ വസ്ത്രങ്ങളുമായാണ് ബാലരാമപുരത്തുള്ള ഷോപ്പുകളെ മിനി സമീപിച്ചതും. അവിടെ തന്നെ ആദ്യം തുടങ്ങാമെന്ന് കരുതി. അവിടെ മണവാട്ടി എന്നൊരു ഷോപ്പുണ്ട്. അവിടെ മൂന്നു നാലു ഷോപ്പുകളുണ്ടായിരുന്നു. അവിടെ നിന്നും ആദ്യം മൂന്ന് കേരളാ സാരിയാണ് തന്നത്. അതില്‍ ബ്ലോക്ക് പ്രിന്റ് ചെയ്തു കൊടുത്തു. അതവര്‍ ഡിസ്‌പ്ലൈയ്ക്കും ഇട്ടു...പിന്നെ അവിടിന്നും അഞ്ചായി, 10 ആയി 20 ആയി അങ്ങനെ ഓര്‍ഡറുകള്‍ കൂടാന്‍ തുടങ്ങി. അവിടെ ചെറുകിട കച്ചവടക്കാരുടെ ഒരു സൊസൈറ്റിയുമുണ്ടായിരുന്നു. അതുവഴിയും ഒരുപാടു വര്‍ക്കുകള്‍ കിട്ടിയിരുന്നു. കൂടാതെ റിസോര്‍ട്ടുകളില്‍ നിന്നും ടൗവല്‍, ബെഡ് ഷീറ്റ്, സ്റ്റാഫിന്റെ യൂണിഫോമില്‍ പ്രിന്റ് പേരും ലോഗോയും, ലാപ് ടോപ് ബാഗില്‍ ഓഫീസിന്റെ പേരും ലോഗോയും അങ്ങനെ ജനുവരി മാസങ്ങളില്‍ നല്ല തിരക്കായിരിക്കും..

 

പോത്തീസ് ആരംഭിച്ച സമയത്ത് അവിടത്തെ പ്രധാന വര്‍ക്ക് മുഴുവന്‍ മിനിയും കൂട്ടരുമാണ് ചെയ്തിരുന്നത്. ഒരു ദിവസം 100 സാരി വരെ ചെയ്തു കൊടുക്കുമായിരുന്നു. അന്ന് അഞ്ച് പേരുണ്ടായിരുന്നു. ഒരു സാരി വര്‍ക്കിന് 250 മുതല്‍ 3000 വരെയാണ് വര്‍ക്ക് റേറ്റ്. ബ്ലോക്ക് പ്രിന്റിംഗിനും സ്‌ക്രീന്‍ പ്രിന്റിംഗിനും കുറവാണ്. അത് കൂടിപ്പോയാല്‍ 1000 നകം വെയ്ക്കും. മ്യൂറല്‍ പെയിന്റിംഗ് തുടക്കം 500 മുതല്‍ 5000 വരെ പോകും. പൂജാ മുറിയില്‍ വെയ്ക്കാനായി ടേബിള്‍ മേറ്റില്‍ കൃഷ്ണന്‍, ദേവി തുടങ്ങീ ദൈവങ്ങളുടെ പടം വരച്ചു കൊടുക്കാറുണ്ട്. ഭാവിയില്‍ ഇതുതന്നെയാണ് കൊണ്ടു പോകുന്നത്. ടെറാകോട്ടയുടെ ശേഖരവുമുണ്ട് മിനിയുടെ പക്കല്‍.