നീ പെണ്ണാണ്...നല്ല ഉശിരുള്ള പെണ്ണ്...അഭിമാനമുള്ള....ആത്മവിശ്വാസമുള്ള പെണ്ണ്...: നിജു ആൻ ഫിലിപ്പ്

By BINDU PP.13 Mar, 2017

imran-azhar

 

 

 

 

സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യാത്ത വിഷയങ്ങൾ വളരെ കുറവാണ്..........തുറന്നെഴുതാനും, ആശയവിനിമയം നടത്താനുമൊക്കെ നമ്മൾ സോഷ്യൽ മീഡിയ ഏടുകളിൽ സ്ഥാനം പിടിക്കുമ്പോൾ...കവിതകളായും കഥകളായും നമ്മുടെ ചിന്തയായി മാറുന്ന നിമിഷങ്ങൾ ഉണ്ട് .....കരുത്തുള്ള പെണ്ണിനെ വാർത്തെടുക്കപ്പെട്ട ഒരുപാട് കവിതകളിലൂടെ നമ്മൾ കടന്നുപോയിട്ടുണ്ട്. ആ കൂട്ടത്തിൽ ഉള്ള ഒരു കവിതയാണ് "ഞാൻ പെണ്ണാണ് "................ ഈ കവിത നമുക്ക് സമ്മാനിച്ചത് നിജു ആൻ ഫിലിപ്പ് ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട് ഓഫ് മെഡിക്കൽ സയൻസിലേയ് നഴ്സിംഗ് ഓഫീസറാണ് നിജു .പൊട്ടിച്ചിരിക്കുമ്പോൾ പൊത്തിച്ചിരിക്കാനും,നിലത്തുനിൽക്കാനും,നിലക്ക്നിൽക്കാനും,വായടക്കാനും,വയറടക്കാനും,അടങ്ങാനും,ഒതുങ്ങാനും മിണ്ടാതിരിക്കാനും,ശബ്ദംതാഴ്ത്താനും,ചിറകൊതുക്കാനും,ചിരിയൊതുക്കാനും,ഇരുളും മുൻപേ വീടണയാനും,പൊതിഞ്ഞു പിടിക്കാനും,മൂടിവെക്കാനും,അടച്ചുവെക്കാനും,അടക്കിപ്പിടിക്കാനും..............പെണ്ണിനെ പഠിപ്പിക്കാതെ ........ആണ്മക്കളോട് ഒരിക്കലെങ്കിലും പറഞ്ഞു കൊടുക്ക് നിങ്ങൾ അണുങ്ങളാണെന്ന്.പെണ്ണ് സഹജീവിയാണെന്ന്-മാംസം മാത്രമല്ലെന്ന്..........എന്ന് കവിതയിൽ പറയുമ്പോൾ ഇന്നത്തെ സമകാലീനമായി എത്രത്തോളം അടുത്തുനിൽക്കുന്നു എന്ന് നിങ്ങൾ അറിയണം ............ പീഢനത്തിനായി മാത്രം ഒരു പേജ് പത്രത്തിൽ കാണുന്ന അവസ്ഥയിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് .........പെണ്ണിന് പെണ്ണായി സമൂഹത്തിൽ ഇറങ്ങിനടക്കാൻ കഴിയാത്ത ഒരാവസ്ഥയാണ് ഇന്ന് ..........

 

 

ഞാൻ പെണ്ണാണ്

 

ആണായി പിറന്നവന്റെ മൂത്രം പോലും കുടിക്കാൻ തയ്യാറായ പാരമ്പര്യമുള്ള വീട്ടിൽ ജനിച്ചു വീണപ്പോഴേ അവർ തമ്മിൽ പറഞ്ഞു-അയ്യോ!പെണ്ണായി പോയല്ലോ!
കാലിനുമുകളിൽ കാൽ കയറ്റി വച്ചിരുന്നപ്പോൾ അവരെന്നോട് പറഞ്ഞു-നീ പെണ്ണാണെന്ന്!
പേരമരത്തിന്റെ ഉയർന്ന കൊമ്പിൽ കാൽ തൂക്കിയിട്ടിരുന്നപ്പോൾ അവരെന്നോട് പറഞ്ഞു-നീ പെണ്ണാണ് നിലത്തു നിൽക്കെന്ന്!
കൂടെപ്പിറന്നവന്റെ കൂടെ തുള്ളിക്കളിക്കുമ്പോൾ അവർ എന്നോട് പറഞ്ഞു-നീ പെണ്ണാണ് നിലക്ക് നിൽക്കെന്ന്!
ആങ്ങളക്കൊച്ചിന്റെ പാത്രത്തിൽ കൂട്ടത്തിൽ മുഴുത്ത മീൻ പൊരിച്ചത് വച്ചിട്ട് എന്നെ നോക്കി അവർ വീണ്ടും കണ്ണുരുട്ടി-നീ പെണ്ണാണ് നീ വയറടക്കെന്ന്!
ചോദ്യം ചെയ്യുമ്പോൾ ചെവിക്കു പിടിച്ചു അവരെന്നോട് പറഞ്ഞു-നീ പെണ്ണാണ് വായടക്കെന്ന്!
പൊട്ടിച്ചിരിക്കുമ്പോൾ പൊത്തിച്ചിരിക്കാനും,
നിലത്തു നിൽക്കാനും,
നിലക്ക് നിൽക്കാനും,
വായടക്കാനും,
വയറടക്കാനും,
അടങ്ങാനും,ഒതുങ്ങാനും, മിണ്ടാതിരിക്കാനും,
ശബ്ദം താഴ്ത്താനും,
ചിറകൊതുക്കാനും,
ചിരിയൊതുക്കാനും,
ഇരുളും മുൻപേ വീടണയാനും,
പൊതിഞ്ഞു പിടിക്കാനും,
മൂടിവെക്കാനും,
അടച്ചു വെക്കാനും,
അടക്കിപ്പിടിക്കാനും
നിങ്ങളെന്നെ പഠിപ്പിച്ചുകൊണ്ടേയിരുന്നു.
രാത്രിയുടെ ഇരുട്ടും കറുപ്പും ഞങ്ങൾക്ക് തന്നിട്ട്
ആകാശവും ചന്ദ്രനും നക്ഷത്രങ്ങളും അവർക്കു കൊടുത്തു
പൂരവും വേലയും പെരുന്നാളും വെടിക്കെട്ടും ആളും അനക്കവും ഒച്ചയും ചിരികളും ഭൂമിയും സ്വാതന്ത്യവും അവരുടേതാണ്
ഒച്ചയും ഓശയും നിറങ്ങളുമുള്ള ഈ ഭൂമിയിൽ ഞങ്ങളും അവകാശികളാണ്
മാരാമണ്ണിലും മണിവത്തൂരിലും ഞങ്ങൾക്കും രാത്രി കാണണം.
അതിനു ഞങ്ങളോട് നീ പെണ്ണാണ് പെണ്ണാണ് എന്ന് നിരന്തരം നിങ്ങൾ ഓർമ്മിപ്പിക്കും മുൻപ് നിങ്ങളുടെ ആണ്മക്കളോട് ഒരിക്കലെങ്കിലും പറഞ്ഞു കൊടുക്ക് നിങ്ങൾ അണുങ്ങളാണെന്ന്.പെണ്ണ് സഹജീവിയാണെന്ന്-മാംസം മാത്രമല്ലെന്ന്.
എന്റെ മകളുടെ കണ്ണിൽ നോക്കി ഞാൻ ഇപ്പോഴേ പറഞ്ഞു തുടങ്ങി.
"നീ പെണ്ണാണ്.നല്ല ഉശിരുള്ള പെണ്ണ്.അഭിമാനമുള്ള,ആത്മവിശ്വാസമുള്ള പെണ്ണ്.ഉറക്കെ ചിരിക്കാൻ,തലനിവർത്തി നടക്കാൻ ,ചിറകുവീശി പറക്കാൻ ആർജ്ജവമുള്ള നല്ലൊന്തരം പെണ്ണ്"
ഞാൻ പെണ്ണാണ്.എനിക്ക് പെണ്ണായിരുന്നാൽ മതി.നല്ല ഒന്നാന്തരം പെണ്ണ്

നിജു ആൻ ഫിലിപ്പ്

loading...