ചരിത്രത്തിലെ പത്മാവതി.....

By Online Desk.28 Nov, 2017

imran-azhar

നിരന്തരം യുദ്ധം ചെയ്ത് നിരവധി നാട്ടുരാജ്യങ്ങള്‍ കീഴടക്കിയ ഭരണാധികാരിയാണ് ഖില്‍ജി വംശത്തിലെ ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജി (1296–1316). യുദ്ധങ്ങളുടെ ഭാഗമായി അദ്ദേഹം അനവധി കോട്ടകള്‍ കീഴടക്കി. പിടിച്ചെടുത്ത കോട്ടകളില്‍ ഒന്നായിരുന്നു രാജസ്ഥാനിലെ പത്മാവതിയുടെ ചിത്തോര്‍. എന്നാല്‍ അത് പ്രധാന കോട്ട ആയിരുന്നില്ല. രന്ധംബോര്‍ ആയിരുന്നു പ്രധാനകോട്ട. പ്രധാനയുദ്ധം നടന്നതും അവിടെയായിരുന്നു. പിന്നീട് അദ്ദേഹം ഗുജറാത്ത് ആക്രമിക്കുകയും നിരവധി കോട്ടകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇത്തരത്തിലുള്ള അലാവുദ്ദീന്‍ ഖില്‍ജിയുടെ യുദ്ധചരിത്രങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 


അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലശേഷം രണ്ടു നൂറ്റാണ്ടുകള്‍ കഴിഞ്ഞ് 16–ാം നൂറ്റാണ്ടിന്റെ ആദ്യം ജീവിച്ചിരുന്ന മാലിക് മുഹമ്മദ് ജെയ്‌സി (മരണം 1542) എന്ന സൂഫി കവിയാണ് 'പത്മാവത്' എന്ന കാവ്യം എഴുതുന്നത്. ഈ കാവ്യത്തിലാണ് ചിത്തോര്‍ കോട്ടയുമായി ബന്ധപ്പെട്ട കഥപറയുന്നത്. ചിത്തോറിലെ രാജാവ് രത്തന്‍ സിങ്ങിന് പത്മാവതി (റാണിപത്മിനി) എന്ന സുന്ദരിയായൊരു ഭാര്യയുണ്ടായിരുന്നു. പത്മാവതിയില്‍ ആകൃഷ്ടനായ അലാവുദ്ദീന്‍ ഖില്‍ജി ചിത്തോര്‍ ആക്രമിച്ചു. കണ്ണാടിയിലൂടെ പ്രതിബിംബം കണ്ടാണ് അലാവുദ്ദീന്‍ ഖില്‍ജി പത്മാവതിയില്‍ ആകൃഷ്ടനായതെന്ന് കാവ്യത്തില്‍ പറയുന്നു. അതെന്തായാലും പത്മാവതിയെ സ്വന്തമാക്കാനായിരുന്നു ആക്രമണം. രത്തന്‍സിങ് പരാജയപ്പെടുന്നതോടെ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങില്ലെന്ന് പത്മാവതി പ്രഖ്യാപിക്കുന്നു. പത്മാവതിയും അന്ത:പുര സ്ത്രീകളും 'ജോഹര്‍' എന്ന കൂട്ടആത്മാഹുതി നടത്തി. പത്മാവതില്‍ പറയുന്ന കഥയുടെ ചുരുക്കമിതാണ്.

 


ചരിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലഘട്ടം രേഖപ്പെടുത്തപ്പെടുത്തിയിട്ടുണ്ട്. കവി അമീര്‍ ഖുസ്രു ജീവിച്ചിരുന്നത് അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലഘട്ടത്തിലാണ്. നിസ്‌സാമുദ്ദീന്‍ അവ്‌ലിയയേപ്പോലെയുള്ള കവികളും അദ്ദേഹത്തിന്റെ കാലത്താണ് ജീവിച്ചിരുന്നത്. എന്നാല്‍ ആ കാലഘട്ടത്തിലൊന്നും കാവ്യത്തില്‍ പരാമര്‍ശിക്കുന്ന മുഹൂര്‍ത്തം രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ പത്മാവതിയുടെ കഥ ചരിത്രമായി രേഖപ്പെടുത്തിയിട്ടുള്ളത് എവിടെയാണെന്നത് പ്രധാനപ്പെട്ടൊരു ചോദ്യമാണ്.

 


'പത്മാവതി’ന് സമാനമായൊരു കഥയും പ്രചാരത്തിലുണ്ട്. അത് നേരിട്ട് അലാവുദ്ദീന്‍ ഖില്‍ജിയുമായി ബന്ധപ്പെടുന്നതല്ല. ഗുജറാത്ത് ആക്രമണ സമയത്ത് അലാവുദ്ദീന്‍ ഖില്‍ജിയുടെ സൈന്യാധിപനായിരുന്ന അസഫ് ഖാന്‍ സോളങ്കി രാജാവിന്റെ പത്‌നി കമലാദേവിയെ നേടാന്‍ മോഹിച്ചു. യുദ്ധത്തില്‍ സോളങ്കി മരിച്ചു; അസഫ്ഖാന്‍ കമലാദേവിയെ സ്വന്തമാക്കി. മുസ്‌ളീമായി മതം മാറ്റിയതായും പറയപ്പെടുന്നു.

 


പത്മാവതില്‍ പറയപ്പെടുന്ന കഥ ചരിത്ര സംഭവമാണോ എന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ നേരത്തേയുണ്ട്. റെമീല ഥാപ്പര്‍ അടക്കമുള്ള ചരിത്രകാരന്‍മാര്‍ ഈ കഥയുടെ ചരിത്രപരമായ നിലനില്‍പ്പ് ചോദ്യം ചെയ്തിട്ടുണ്ട്. റാണി പത്മിനി എന്ന പത്മാവതി കാലങ്ങളായി പ്രചാരത്തിലുള്ള ഒരു ഇമേജറിയാണെന്നത് വാസ്തവമാണ്. രാജാക്കന്‍മാരുടെ കാലത്ത് സ്ത്രീയെന്നാല്‍ വെറും സ്ത്രീമാത്രമായിരുന്നു. അതിന് രജപുത്ര സ്ത്രീയെന്ന പ്രത്യേകതയൊന്നും ഉണ്ടായിരുന്നില്ല. അന്ത:പുരങ്ങളിലേക്ക് ചുരുങ്ങാന്‍ വിധിക്കപ്പെട്ടവരായിരുന്നു രാജാവുമായി ബന്ധപ്പെട്ട സ്ത്രീകളെല്ലാം. ഡല്‍ഹി സുല്‍ത്താന്റെ കാര്യത്തിലായാലും മുഗള്‍ രാജാക്കന്‍മാരുടെ കാര്യത്തിലായാലും ഇത് തെന്നയാണ് അവസ്ഥ.

 


പത്മാവതി സിംഹളരാജ്യത്ത് ജനിച്ച് വളര്‍ന്ന സ്ത്രീയാണെന്നാണ് മാലിക് മുഹമ്മദ് ജെയ്‌സിയുടെ കാവ്യത്തില്‍ പറയുന്നത്. പത്മാവതി എങ്ങനെയാണ് സിംഹളരാജ്യത്തു നിന്നും ചിത്തോറിലെത്തിയതെന്ന ചോദ്യത്തിന് യുക്തിപരമായ മറുപടിയില്ല. രത്തന്‍ സിങ് സിംഹളരാജ്യത്ത് പോയി പത്മാവതിയെ വിവാഹം കഴിച്ച് ചിത്തോറിലേക്ക് കൊണ്ടുവരികയായിരുന്നെതന്ന് കേവലം കവി ഭാവന മാത്രമാണ്. രത്തന്‍ സിങ് അക്കാലത്ത് സിംഹള രാജ്യത്ത് പോകാന്‍ മാത്രം പ്രതാപശാലിയായൊരു രാജാവായിരുന്നില്ല. ചിത്തോര്‍ അത്രമാത്രം പ്രബലമായൊരു കോട്ടയുമായിരുന്നില്ല. അജ്മീര്‍, ജയ്പൂര്‍, രന്ധംബോര്‍, ഉദയ്പൂര്‍ തുടങ്ങിയ കോട്ടകള്‍ പരിഗണിക്കുമ്പോള്‍ ചിത്തോറിന് അത്രയൊന്നും പ്രധാന്യമുണ്ടായിരുന്നില്ല.

 

ഇതിന്റെ അടിസ്ഥാനത്തില്‍ 'പത്മാവതി'ല്‍ പറയുന്ന കഥയ്ക്ക് ചരിത്രപരമായ നിലനില്‍പ്പുണ്ടെന്ന് പറയാന്‍ കഴിയില്ല. ഒരു സെമി മിത്തിക്കല്‍ റൊമാന്‍സ് എന്നതില്‍ കവിഞ്ഞൊരു പ്രാധാന്യമൊന്നും പത്മാവതിന് കല്‍പ്പിച്ച് നല്‍കാനാവില്ല.
മാലിക് മുഹമ്മദ് ജെയ്‌സി സൂഫി പാരമ്പര്യത്തില്‍പ്പെട്ടൊരു കവിയായിരുന്നു. അധാര്‍മ്മികത എങ്ങനെ നാശം വരുത്തിവയ്ക്കും, എങ്ങനെ രാജാക്കന്മാര്‍ അധാര്‍മ്മികരായി മാറാം എന്ന് പറയാനായി എഴുതിയൊരു ഗുണപാഠ കഥയാണ് പത്മാവത് എന്ന കാവ്യം.

 


(കോഴിക്കോട് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം മുന്‍ മേധാവിയാണ് ചരിത്രകാരനായ
ഡോ. കെ.എന്‍.ഗണേഷ്)