സൂര്യ കലാമേളയ്ക്ക് അരങ്ങുണരുകയായി ; ഇത്തവണ ഓണ്‍ലൈനില്‍, 43ാം വര്‍ഷവും പാടി തുടങ്ങാന്‍ യേശുദാസ്

By online desk .01 10 2020

imran-azhar 

തിരുവനന്തപുരം: 43 വര്‍ഷമായി അനന്തപുരിയുടെ സാംസ്‌കാരികോത്സവമായ സൂര്യ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പതിനൊന്ന് ദിവസമായി ചുരുക്കി ഓണ്‍ലൈനായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മേളയുടെ സ്ഥിരം സാന്നിധ്യമായ പ്രമുഖ കലാകാരന്‍മാര്‍ ഇത്തവണയും അണിനിരക്കും. എല്ലാ പരിപാടികളും മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്തതായിരിക്കും അവതരിപ്പിക്കുക. അര മണിക്കൂര്‍ വീതം മാത്രമായിരിക്കും ഓരോ ദിവസത്തെയും പരിപാടിയുടെ ദൈര്‍ഘ്യം. പതിവ്
പോലെ യേശുദാസിന്റെ സംഗീത കച്ചേരിയോടെ ലോകത്തിലെ ഏറ്റവും വലിയ കലാമേളയ്ക്ക് തുടക്കമാകും. തുടര്‍ച്ചയായ 43ാം വര്‍ഷമാണ് യേശുദാസ് സൂര്യ ഫെസ്റ്റിവലില്‍ പാടുന്നത്.

 

നാളെ നര്‍ത്തകി മീനാക്ഷി ശ്രീനിവാസന്റെ ഭരതനാട്യം അരങ്ങിലെത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഞ്ജുവാര്യര്‍, ലക്ഷ്മി ഗോപാലസ്വാമി, ദിവ്യാ ഉണ്ണി, ആശാ ശരത്ത്, തുടങ്ങി പ്രമുഖര്‍ ആസ്വാദകര്‍ക്ക് മുന്നിലെത്തും. പത്തു ദിവസത്തെ കലാവിരുന്നിന് ശേഷം പതിനൊന്നാം ദിവസം സൂര്യയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന പണ്ഡിറ്റ് ഭീംസെന്‍ ജോഷിക്കും പണ്ഡിറ്റ് ജസ്‌രാജിനും പ്രണാമമര്‍പ്പിച്ചുകൊണ്ട് ഇരുവരുടെയും റെക്കോര്‍ഡ് ചെയ്ത കച്ചേരികള്‍ കാണാം. അന്നേ ദിവസം പണ്ഡിറ്റ് രമേഷ് നാരായണനാണ് പരിപാടി അവതരിപ്പിക്കുക. എല്ലാ ദിവസവും വൈകുന്നേരം 6.45 മുതല്‍ സൂര്യയുടെ യൂട്യൂബ് ചാനല്‍ വഴി കലാവിരുന്നുകള്‍ ആസ്വദിക്കാനാകും. ഇത്തവണ നടത്താനിരുന്ന 111 ദിവസത്തെ മേള ഒരു മാറ്റവുമില്ലാതെ അടുത്ത വര്‍ഷം നടത്തും. ഡിസംബര്‍ 21 മുതല്‍ 56 ദിവസം നീളുന്ന ദേശീയ യുവജനോത്സവവും സൂര്യ സംഘടിപ്പിക്കുമെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി അറിയിച്ചു.

 

 

കലാപരിപാടികൾ

 

ഒക്ടോബര്‍ 1- കെ.ജെ.യേശുദാസ് (കച്ചേരി)
ഒക്ടോബര്‍ 2-മീനാക്ഷി ശ്രീനിവാസന്‍ (ഭരതനാട്യം)
ഒക്ടോബര്‍ 3- പ്രിയദര്‍ശിനി ഗോവിന്ദ് (ഭരതനാട്യം)
ഒക്ടോബര്‍ 4-ദിവ്യ ഉണ്ണി (ഭരതനാട്യം)
ഒക്ടോബര്‍ 5-രമ വൈദ്യനാഥന്‍ (ഭരതനാട്യം)
ഒക്ടോബര്‍ 6-ജാനകി രംഗരാജന്‍ (ഭരതനാട്യം)
ഒക്ടോബര്‍ 7-നീന പ്രസാദ് (മോഹിനിയാട്ടം)
ഒക്ടോബര്‍ 8-ലക്ഷ്മി ഗോപാലസ്വാമി (ഭരതനാട്യം)
ഒക്ടോബര്‍ 9-മഞ്ജു വാര്യര്‍ (കുച്ചിപ്പുടി)
ഒക്ടോബര്‍ 10-ആശാശരത്ത് (ഭരതനാട്യം)
ഒക്ടോബര്‍ 11-സ്മരണാഞ്ജലി

 

 

OTHER SECTIONS