പാര്‍ത്ഥസാരഥിക്ക് ഓണസദ്യയ്ക്കുളള സാധനങ്ങളുമായി തിരുവോണത്തോണി...

By ബി.ആര്‍. ശുഭലക്ഷ്മി.09 Aug, 2017

imran-azhar

ഓണവുമായി ബന്ധപ്പെട്ട സുപ്രധാനമായ ആചാരമാണ് ആറന്മുളയിലെ തിരുവോണത്തോണി. നൂറ്റാണ്ടുകള്‍ പഴക്കമുളള ആചാരമാണിത്.ഇന്നും പാരന്പര്യത്തനിമ ചോരാതെ ഇത് അനുഷ്ഠിച്ചു പോരുന്നു. ആറന്മുള ശ്രീ പാര്‍ത്ഥസാരഥിക്ക് തിരുവോണദിനത്തില്‍ സദ്യയൊരുക്കാനുളള സാധനങ്ങള്‍ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എത്തിക്കാനുളള ന
ിയോഗം കാട്ടൂര്‍ മങ്ങാട്ട് ഇല്ലത്തിനാണ്. കഥയിങ്ങനെ:

 

 

മങ്ങാട്ടില്ലത്തെ കാരണവര്‍ എല്ലാ തിരുവോണദിനത്തിലും ബ്രാഹ്മണര്‍ക്ക് സദ്യനല്‍കി വന്നിരുന്നു. എന്നാല്‍, ഒരു തിരുവോണത്തിന് ബ്രാഹ്മണര്‍ ആരും എത്തിയില്ല. വിഷണ്ണനായ കാരണവര്‍ പാര്‍ത്ഥസാരഥിയെ വിളിച്ച് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ഒരു ചെറിയ കുട്ടി വന്ന്
ഊണുകഴിച്ചു. കുറച്ചുകഴിഞ്ഞ് ഈ സദ്യ ക്ഷേത്രത്തില്‍ വച്ച് നല്‍കിയാല്‍ നന്നായിരുന്നു എന്ന് അശരീരിയുണ്ടായി. ഭഗവാനാണ് തന്‍റെ സദ്യയുണ്ണാന്‍ വന്നതെന്ന് മനസ്സിലാക്കിയ കാരണവര്‍ പിറ്റേ വര്‍ഷം മുതല്‍ മുതല്‍ മുടങ്ങാതെ ഭഗവാന് സദ്യയൊരുക്കാനുളള സാധനങ്ങള്‍
എത്തിക്കാന്‍ തുടങ്ങി.

 

ഈ തറവാട്ടുകാര്‍ പിന്നീട് കുമാരനല്ലൂരേക്ക് താമസം മാറ്റി. അതോടെ കാരണവര്‍ പത്യേകം അലങ്കരിച്ച തിരുവോണത്തോണിയില്‍ ഭഗവാനുളള ഓണസാധനങ്ങള്‍ എത്തിക്കാന്‍ തുടങ്ങി. കാലം പോകെ ഗരുഢമുഖമുളള തിരുവോണത്തോണിക്ക് അകന്പടിയായി നിരവധി
പളളിയോടങ്ങളെത്തി.

 

 

കുമാരനല്ലൂരില്‍ നിന്ന് പ്രത്യേകം ചുരുളന്‍ വളളത്തില്‍ മൂന്നുതുഴക്കാരുമായി പൂരാടദിനത്തില്‍ യാത്രതിരിക്കുന്ന മീനച്ചിലാറില്‍ നിന്ന് വേന്പനാട്ടുകായല്‍ വഴി കിടങ്ങറയിലെത്തുന്നു .അവിടെ നിന്ന് തിരുവല്ലയ്ക്ക് സമീപം മൂവടത്ത് മനയില്‍ അന്നുരാത്രി തങ്ങുന്നു.

 

പിറ്റേന്ന് , അതായത് ഉത്രാടദിനം രാവിലെ കാട്ടുരെത്തുന്നു. ഇവിടെ ഭഗവാനുളള സാധനങ്ങള്‍ അലങ്കരിച്ച തിരുവോണത്തോണിയില്‍ തയ്യാറാക്കി വയ്ക്കുന്നു. കാട്ടൂര്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രത്യേകപൂജകള്‍ക്കു ശേഷം സന്ധ്യയ്ക്ക് ദീപാരാധന തൊഴുത് മേല്‍ശാന്തി ശ്രീലകത്ത ുനിന്ന് വിളക്കുതെളിച്ച് മങ്ങാട്ടുകാരണവര്‍ക്ക് കൈമാറുന്നതോടെ തിരുവോണത്തോണിഘോഷയാത്ര ആരംഭിക്കുന്നു. അവിടെ നിന്ന് തിര ുവോണത്തോണിയിലാണ് മങ്ങാട്ടു കാരണവര്‍ സഞ്ചരിക്കുക. ചുരുളന്‍ വളളത്തില്‍ കുടുംബത്തിലെ മറ്റ് പ്രതിനിധികളും. ഇവിടെ നിന്ന് കാട്ടൂര്‍, കൊട്ടത്തൂര്‍, ചെറുകോല്‍, എടപ്പാവൂര്‍ കരക്കാരുടെ അകന്പടി വളളങ്ങളും തിരുവോണത്തോണിയ്ക്കൊപ്പമുണ്ടാകും. പന്പാനദിയുടെ ഇരുകരകളിലുമായി ഭക്തര്‍ തിരുവോണത്തോണിയെ വണങ്ങി നിലയുറപ്പിക്കുന്നു. മങ്ങാട്ടുകാരണവര്‍ക്ക് താംബൂലവും പൊന്നാടയും ചാര്‍ത്തി തിരുവോണത്തോണിയോടുളള ആദരവും ഭക്തിയും പ്രകടിപ്പിക്കുന്നു.

 

 

തിരുവോണദിനം പുലര്‍ച്ചെ ആറന്മുള ക്ഷേത്രക്കടവിലെത്തുന്ന തിരുവോണത്തോണിയെ യഥാവിധം സ്വീകരിക്കുന്നു. തുടര്‍ന്ന് സാധനങ്ങള്‍ ക്ഷേത്രത്തിലേക്ക് മാറ്റുന്നു.അതുകൊണ്ടാണ് പ്രശസ്തമായ വളളസദ്യയൊരുക്കുന്നത് .ഭഗവാന് നേദിച്ച ശേഷം തുഴക്കാര്‍ക്കും അകന്പടി
ക്കാര്‍ക്കും ഭക്തര്‍ക്കുമെല്ലാം സദ്യ വിളന്പുന്നു. സാധാരണ സദ്യയില്‍ നിന്ന് വ്യത്യസ്തമാണീ സദ്യ. എഴുപതോളം വിഭവങ്ങളാണ് ഈ സദ്യയില്‍ വിളന്പുക. അവിട്ടം ദിനത്തില്‍ താന്‍ വന്ന ചുരുളന്‍ വളളത്തില്‍ കയറി വന്ന വഴിയിലൂടെ തന്നെ മങ്ങാട്ടുകാരണവര്‍ മടങ്ങുന്നു.