കവിമനസ്സിന്‍റെ വെളിപാട് പുസ്തകം

By ശുഭലക്ഷ്മി.ബി.ആര്‍.03 Aug, 2017

imran-azhar


"വെളിച്ചം വാരിപ്പുതച്ച ഇരുളില്‍
തനിച്ചിരുന്ന് അവന്‍ കരഞ്ഞു
കണ്ണീരാല്‍ മെനഞ്ഞ തൂലിക
ചുടുചോരയില്‍ മുക്കി
ചിലത് കോറിയിട്ടു....
വാഹ്....അതു വായിച്ച്
അവര്‍ അട്ടഹസിച്ചു..
അക്ഷരങ്ങളായി ഒഴുകിപ്പടര്‍ന്ന്
ഉണങ്ങിപ്പിടിച്ചത് അവന്‍റെ
ഹൃദയരക്തമെന്നറിയാതെ....''

 

വി.ജി.നകുല്‍ എന്ന യുവ എഴുത്തുകാരന്‍റെ കവിതാസമാഹാരമായ പെണ്‍വൃത്തം വായിച്ചപ്പോള്‍ ഇങ്ങനെ കുറിക്കാനാണ് തോന്നിയത്. ഹൃദയത്തില്‍ തിക്കുമുട്ടിയ ചിലതിനെ
വാക്കുകളായി കോറിയിട്ടിരിക്കുകയാണീ പുസ്തകത്തില്‍. മഴപോലെ നനുത്ത ചില ഭാവനകള്‍, പൊളളിക്കുന്ന വെളിപാടുകള്‍......

 

 


വി.ജി.നകുല്‍ എന്ന യുവ എഴുത്തുകാരന്‍റെ കവിതാസമാഹാരമായ പെണ്‍വൃത്തം വായിച്ചപ്പോള്‍ ഇങ്ങനെ കുറിക്കാനാണ് തോന്നിയത്. ഹൃദയത്തില്‍ തിക്കുമുട്ടിയ ചിലതിനെ
വാക്കുകളായി കോറിയിട്ടിരിക്കുകയാണീ പുസ്തകത്തില്‍. മഴപോലെ നനുത്ത ചില ഭാവനകള്‍, പൊളളിക്കുന്ന വെളിപാടുകള്‍......

പ്രണയം മാത്രമല്ല കവിതയും, മഴയും മണ്ണും മനുഷ്യനും മനുഷ്യബന്ധങ്ങളും നകുലിന്‍റെ കവിതകളില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. ഇവിടെ പ്രണയത്തിന് പല ഭാവങ്ങളാണ് പ്രണയിനിക്കും.

"എഴുതുവാന്‍ ലിപിയില്ലാത്ത
ഭാഷ.
പ്രണയിക്കുന്പോള്‍
സംസാരിക്കാന്‍''
എന്ന് പറയുന്പോള്‍ പ്രണയം കവിക്ക് മോഹിപ്പിക്കുന്ന അനുഭവമാകുന്നു.

 

"എഴുതിപ്പൂര്‍ത്തിയാക്കിയില്ല
കവിത.
പ്രണയം പോലെ നീണ്ട അവസാനിക്കാത്ത''

എന്നെഴുതുന്പോള്‍ പ്രണയം കവിത പോലെ പ്രിയതരമാകുന്നു...കവിത പ്രണയം പോലെ മധുരമുളളതും. 

 

"ശരീരങ്ങള്‍
ചരടുകളാക്കി
രണ്ടുപേര്‍
പരസ്പരം

 

കെട്ടുകയും
അഴിക്കുകയും
ചെയ്യുന്നു.

ആയിരത്തി ഒന്ന് പ്രാവശ്യം
കെട്ടി.
ആയിരം പ്രാവശ്യം
അഴിച്ചു.
അഴിക്കാത്ത
ആ ഒരു കെട്ടാണ്
പ്രണയം....''

പ്രണയം ഇവിടെ ശരീരങ്ങള്‍ക്കപ്പുറം ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു.എന്നാല്‍ പ്രണയവിരക്തിയും കവി മറച്ചുവയ്ക്കുന്നില്ല.

 

"മുട്ടുന്പോള്‍
കുത്തിയിരിക്കണം
ഞെക്കിയിറക്കണം
ഞെങ്ങി
ഞെരുങ്ങി
ഇറങ്ങി
വരും
പ്രണയം
പോലെ....''
എന്നെഴുതുന്പോള്‍ ചില പ്രണയങ്ങള്‍ അഥവാ ഒരുകാലത്ത് അങ്ങനെ കരുതിയിരുന്നവ വര്‍ജ്ജ്യമാണ്....ഉളളില്‍ കിടന്നാല്‍ ചിലപ്പോള്‍ ചീഞ്ഞുനാറുന്നത്.

                      "നീണ്ട വഴി നീ
                      നടക്കുന്നു ഞാന്‍''

 

എന്നെഴുതുന്പോള്‍ അവള്‍ വഴിയും അവന്‍ പഥികനുമാണ്. അവനെ നയിക്കുന്നത് അവളാണ്. മാത്രമല്ല അവളുടെ മിഴികളാണ് അവന്‍റെ കണ്ണാടി. ചിലപ്പോള്‍ അവന്‍ അവളുടെ നിഴലാണ്. ചിലപ്പോള്‍ അവള്‍ അസ്വസ്ഥതയുയര്‍ത്തുന്ന മുടിയിഴയും പ്രണയംനുരയുന്ന നിശകളില്‍ അവള്‍ അലസമായി വീണുലഞ്ഞ സ്വപ്നവുമാകുന്നു. ചിലപ്പോള്‍ അവര്‍ ബാഹ്യാവരണമില്ലാത്ത ശരീരങ്ങളാണ് ...പ്രണയത്താല്‍ പുണരുകയും വിതുന്പുകയും ചെയ്യുന്നവര്‍.

മഴ കവികളുടെ നിത്യപ്രചോദനമാണ്...നകുലിനുമതേ;
       "മഴയുടുത്ത്കാറ്റിന്‍റെ നൃത്തം....''എന്നത് മനോഹരമായ ഭാവന തന്നെ.

കവിക്ക് മഴ അലസനായ ചങ്ങാതിയാണ്, പെയ്തുതോരാത്ത പ്രണയമാണ്, കവിതയുമാണ്.....

 

എഴുപതുകള്‍ മുതല്‍ ചുവന്നൊഴുകുന്ന കബനിയും അക്ഷരങ്ങളിലാവിഷ്ക്കരിക്കാനാവാത്ത വേദനയായി വീണപൂവും എവിടേക്കെന്നറിയാത്ത പ്രയാണവും തുടങ്ങിയിടത്തേക്ക് തിരികെയെത്തിക്കുന്ന വിരസമായ ജീവിതയാത്രയുമെല്ലാം വി.ജി.നകുല്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ എഴുത്തുകാരന്‍ മനോഹരമായി കോറിയിടുന്നു. ‘ദിഗംബരം'
എന്ന നീണ്ട കവിത സാഹിത്യ~സിനിമാ ചരിത്രത്തിലേക്ക് കവിയുടെ ചുഴിഞ്ഞുനോട്ടമാണ്. കാലങ്ങളിലൂടെ... കലാകാരന്മാരിലൂടെ ഒരു ലഘുയാത്ര.

ഒടുവില്‍ ഇത്രമാത്രം കുറിക്കട്ടെ

                     ഉളളിലെ വാക്കുളത്തില്‍ നിന്ന്
                     ഇനിയും കവിതപ്പൂക്കള്‍ വിരിയട്ടെ
                     വിടര്‍ന്ന് സൌരഭം പരത്തട്ടെ....

 

OTHER SECTIONS