രണ്ടന്ത്യ രംഗത്തോടുകൂടി ഭാരത് മുരളി നാടകോത്സവത്തിന് തിരശ്ശീല ഉയർന്നു

By BINDU PP.06 Jan, 2017

imran-azhar

 


അബുദാബി : തീരം ആർട്സ് ദുബായ് അവതരിപ്പിച്ച 'രണ്ടന്ത്യ രംഗങ്ങൾ' എന്ന നാടക അവതരണത്തോട് കൂടി ഭാരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു.നാടകം അവതരണ രീതികൊണ്ടും സമകാലീനത കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടി. പരാജിതരുടെ നീതിശാസ്ത്രങ്ങൾ പുനർ വായനയ്ക്ക് വിധേയമാക്കുകയായിരുന്നു രണ്ടന്ത്യ രംഗങ്ങൾ.പരാജിതർ എന്നുമുണ്ടാകുകയും അവർ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു തള്ളിമാറ്റപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ നാടകം മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള സമകാലീനതയുടെ ഒരു കീഴാള വായനയാണ്.

 

വർത്തമാന ഫാസിസ്റ്റ് സവർണ്ണതയുടെ ധ്വനിപാഠങ്ങൾ സമ്മാനിക്കുന്നതോടൊപ്പം എന്തിനാണ് യുദ്ധം എന്ന ചോദ്യവും നാടകമുയർത്തുന്നു.തുടയ്ക്കടിയേറ്റ് മരിക്കാറായ ദുര്യോധനനെയാണ് നാടകാരംഭത്തിൽ നാം കാണുന്നത്. ദുര്യോധന കുടുംബത്തിന്റെ വിലാപങ്ങളും തുടർന്നുള്ള രംഗങ്ങളും പ്രേക്ഷകരിൽ വൈകാരികത സൃഷ്ടിക്കപ്പെടുന്നു. പിന്നീട് ,മഹാഭാരത യുദ്ധത്തിന്റെ പതിനാറാം നാൾ സ്വർഗ്ഗം പൂകിയ കർണ്ണൻ ആത്മാവിന്റെ രൂപത്തിൽ ദുര്യോധനനെ കാണുവാനെത്തുന്നു .കുരുക്ഷേത്രത്തിൽ കർണൻ മരണം വരിച്ചതിന്റെ കഥകൾ ആത്മാവ് ദുര്യോധനനോട് പറയുമ്പോൾ കർണഭാരം നാടകം അരങ്ങിൽ ആരംഭിക്കുന്നു.കർണന്റെ ശാപത്തിന്റെയും മരണത്തിന്റെയും കഥപറച്ചിലിനൊടുവിൽ നാടകം ദുര്യോധനന്റെ അന്ത്യത്തിൽ അവസാനിക്കുന്നു.

 

നിസാർ ഇബ്രാഹിം, ശശി വെള്ളിക്കോത്ത് എന്നിവർ ചേർന്നാണ് കലാസംവിധാനം നിവ്വഹിച്ചിരിക്കുന്നത്.ചമയം ക്ളിന്റ് പവിത്രനും വേഷവിധാനം പ്രേമൻ ലാലുരും അഭിലാഷും ചേർന്നുമാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം വിജു ജോസഫും സതീഷ് കോട്ടക്കലുമാണ് ഒരുക്കിയത്.ശ്രീജിത്ത് പൊയിൽകാവിന്റെ നോഹരമായ വെളിച്ചവിതാനം നാടകത്തെ കൂടുതൽ ആസ്വാദ്യകരമാക്കി.

OTHER SECTIONS