കരവിരുതില്‍ വിരിയുന്ന വിസ്മയങ്ങള്‍

By Amritha AU.03 Feb, 2018

imran-azhar

 

 

തിരുവനന്തപുരം: മരവിപ്പിക്കുന്ന കൊടും തണുപ്പിലും ചുറ്റും വെടിയൊച്ചകള്‍ ചീറിപ്പായുമ്പോഴും കാശ്മീര്‍ ജനത എന്നും ആശങ്കയിലായിരിക്കും. പക്ഷേ കാശ്മീരില്‍ തന്‍വീറിന്റെ ജീവിതത്തിന് വര്‍ണ്ണവും ജീവനും നല്‍കുന്നത് കരവിരുതില്‍ വിരിയുന്ന പേപ്പര്‍മാഷ് ഉത്പന്നങ്ങളാണ്. വിവിധ രൂപത്തിലും ഭാവത്തിലുമുളള കാശ്മീരിലെ പേപ്പര്‍മാഷ് ഉത്പന്നങ്ങളുമായെത്തുന്ന തന്‍വീര്‍ ഇപ്പേള്‍ തിരുവനന്തപുരത്തിന് പ്രിയപ്പെട്ടവനും.

 

 

 

ഇത്തവണ കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് സഹായത്തോടെ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ഹാന്റിക്രാഫ്റ്റ്‌സ് എസ് എം എസ് എം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന അഖിലേന്ത്യാ കരകൗശല പ്രദര്‍ശനമേളക്കാണ് തന്‍വീര്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി ഓണത്തിനും അല്ലാതെയുളള ഉത്‌സവസമയങ്ങളിലുമെല്ലാം തന്‍വീര്‍ അനന്തപുരിയില്‍ എത്താറുണ്ട്. മലയാളം കുറച്ചറിയാം. കാശ്മീരി വസ്ത്രങ്ങളും ഒപ്പം പേപ്പര്‍മാഷ് ഉത്പന്നങ്ങളുമായി. കഴിഞ്ഞ ഇരുപതിലേറെ വര്‍ഷങ്ങളായി പേപ്പര്‍മാഷ് അലങ്കാര വസ്തുക്കളുടെ നിര്‍മ്മാണ മേഖയിലെ നിറസാന്നിദ്ധ്യമാണ് തന്‍വീര്‍ ഒപ്പം കൂട്ടിന് ഭാര്യയും കുഞ്ഞുങ്ങളും.

 

പാരമ്പര്യമായി പകര്‍ന്ന് കിട്ടിയതാണ് പേപ്പര്‍മാഷ് അലങ്കാര വസ്തുക്കളുടെ നിര്‍മ്മാണം. പേപ്പര്‍ കുതിര്‍ത്ത് അരച്ചുണ്ടാക്കുന്ന മിശ്രിതം തന്‍വീറിന്റെ കര വിരുതില്‍ ആനയും പുലിയും കുഞ്ഞു പെട്ടികളുമൊക്കെയായി മാറും. ആഴ്ചകളും മാസങ്ങളും നീണ്ടുനില്‍ക്കും ഓരോ ഉത്പന്നങ്ങളും നിര്‍മ്മിക്കാന്‍. പെയിന്റിംഗ് ജോലികള്‍ക്കും സഹായത്തിനുമായി വേറെയും ആള്‍ക്കാര്‍ ഉണ്ടാകും. കുറഞ്ഞമുതല്‍ മുടക്കില്‍ കൂടുതല്‍ ലാഭം മാത്രമല്ല, തന്‍വീറിന് ഈ ജോലി ഇന്ന് ആത്മാവിന്റെ ഭാഗമാണ്.

 

 

 

 

പേപ്പര്‍മാഷ് ഉത്പന്നങ്ങളെപ്പവാതോരാതെ സംസാരിക്കും. കരകൗശലമേളക്കിടയിലും ഒഴിവ് സമയങ്ങളില്‍ തന്‍വീര്‍ ചെറിയ ജോലികളിലേര്‍പ്പെട്ടുകൊണ്ടേയിരിക്കും. ഒരുമാസം പരമാവധി ഒരുലക്ഷം രൂപവരെയാണ് തന്‍വീറിന് ഇതിലൂടെ വരുമാനമായി ലഭിക്കുക. 

കേരളത്തില്‍ മികച്ച വിപണനസാധ്യതയുണ്ടെങ്കിലും ജി എസ് ടിയായിരുന്നു വലിയൊരു വിലങ്ങു തടിയായി നിന്നിരുന്നത്. എന്നാല്‍ കരകൗശല ഉത്പന്നങ്ങള്‍ക്ക് ജി എസ്. ടി പിന്‍വലിക്കുന്നത് ഈ മേഖലയിലെ നിരവധി തൊഴിലാളികള്‍ക്കും ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് തന്‍വീര്‍.

OTHER SECTIONS