'സമയമായില്ലേ..., ആർക്കാണ് സമയമാവാത്തത്...?' ; കെട്ട കാലത്തോടുള്ള ഈ ചോദ്യം ഇപ്പോഴും മനസ്സിൽ പെരുമ്പറ കൊട്ടി മുഴങ്ങുകയാണ് !

By Online Desk.20 Feb, 2018

imran-azhar

 


കഴിവുണ്ടായിട്ടും നാടക വേദികളിൽ പാർശ്വവൽക്കരിക്കപ്പെട്ട, സ്ത്രീ വേഷങ്ങൾ മാത്രം ആടി തീർക്കാൻ വിധിക്കപ്പെട്ട, പിന്നീട് സ്ത്രീ അതുപോലും നിഷേധിക്കപ്പെട്ട, ആരാലും പരിഗണിക്കപ്പെടാതെ പോയ ഒരു നാടകനടന്റെ ജീവിത യാഥാർഥ്യങ്ങളിലേക്ക് തിരശ്ശീല നീക്കുന്നതാണ് സന്തോഷ് കീഴാറ്റൂരിന്റെ 'പെൺനടൻ' എന്ന ഒറ്റയാൾ നാടകം. ഓച്ചിറ വേലു ക്കുട്ടി ആശാൻ എന്ന കാലം വിസ്മരിക്കപ്പെട്ടു പോയ അതുല്യ നാടക പ്രതിഭയ്ക്ക് മഹാകവി കുമാരനാശാന്റെ കാവ്യങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളിലൂടെ പുനരാഖ്യാനം നൽകുന്നു 'പെൺനടൻ'. ആശാന്റെ വാസവദത്തയിൽ തുടങ്ങി ലീലയും ചിന്താവിഷ്ടയായ സീതയും നളിനിയും കരുണയും ചണ്ഡാലഭിക്ഷുകിയും ഒടുവിൽ വീണ പൂവും ആടിത്തീർക്കുന്ന നടന്റെ ചടുലത കാണികളെ നാടകത്തിനുള്ളിൽ തന്നെ പിടിച്ചിരുത്തുന്നു.

 

 

കഥാപാത്രത്തിന്റെ അന്തഃസംഘർഷങ്ങളെ പൂർണമായി ഉൾക്കൊണ്ടിരിക്കുന്ന കഥയും അഭിനയ മുഹൂർത്തങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. മലയാളി വായനക്കാർക്ക് അക്ഷരങ്ങളിലൂടെ മാത്രം പരിചിതമായ ആശാന്റെ നായികമാരെ ആസ്വാദകന്റെ മനസ്സിൽ ഊട്ടിയുറപ്പിക്കാൻ തന്റെ അഭിനയമികവ് കൊണ്ട് നടന് കഴിഞ്ഞു. കാലഘട്ടം വിസ്മരിച്ച ഒരു നടനെ ഓർമ്മപ്പെടുത്തുക വഴി സന്തോഷ് കീഴാറ്റൂർ മുന്നോട്ട് വെക്കുന്ന സാമൂഹിക പ്രതിബദ്ധത വർത്തമാനക്കാലത്ത് മാതൃകയാക്കപ്പെടേണ്ടത് തന്നെയാണ്...!!!

 

പുരസ്കാരങ്ങൾക്കും ബഹുമതികൾക്കുമപ്പുറം പരിഗണിക്കപ്പെടലിന്റെ രാഷ്ട്രീയമാണ് നമ്മൾ ചർച്ച ചെയ്യേണ്ടത് എന്ന് ഈ നാടകം അടിവരയിട്ടു പറയുന്നു.. കേരള സർവകലാശാല ഗവേഷക യൂണിയന്റെ പ്രവർത്തനോത്ഘാടനത്തോടനുബദ്ധിച്ച് നടത്തിയ കലാ സദ്ധ്യയിലാണ് നാടകം അരങ്ങേറിയത് മേയർ വി.കെ.പ്രശാന്ത് കലാ സദ്ധ്യ ഉദ്ഘാടനം ചെയ്തു.ഗവേഷക യൂണിയൻ ചെയർമാൻ വിഷ്ണു കെ പി അദ്ധ്യക്ഷത വഹിച്ചു ,സിൻഡിക്കേറ്റ് മെമ്പർ പ്രതാൻ സന്തോഷ് കീഴാറ്റൂരിനെ പൊന്നാട ഇട്ട് അദരിച്ചു, യുണിയൻ ജനറൽ സെക്രടറി മനേഷ് സ്വാഗതവും ,വൈസ് ചെയർമാൻ ലക്ഷ്മി പ്രഭ നന്ദിയും പറഞ്ഞു.600ൽ പരം കാണികൾ നാടകം കാണാനെത്തി.

 

OTHER SECTIONS