സര്‍വകലാശാല യുവജനോത്സവം: മാര്‍ ഇവാനിയോസ് കിരീടം നിലനിര്‍ത്തി

By BINDU PP.01 Apr, 2017

imran-azhar

 

 

തിരുവനന്തപുരം: കേരള സര്‍വകലാശാലാ യുവജനോത്സവത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് കിരീടം നിലനിര്‍ത്തി. നാലാഞ്ചിറ മാര്‍ ബസേലിയസ് കോളജ് ഓഫ് എന്‍ജിനീയറിങ് രണ്ടാംസ്ഥാനവും കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസ് മൂന്നാംസ്ഥാനവും നേടി. കേരള സര്‍വകലാശാല കാര്യവട്ടം ക്യാംപസിലെ അപര്‍ണ എസ്.അനില്‍ കലാതിലകവും നാലാഞ്ചിറ മാര്‍ ബസേലിയസ് കോളജിലെ കെ.എസ്.അര്‍ജുന്‍ കലാപ്രതിഭയുമായി. മൂന്നാം തവണയാണ് അര്‍ജുന്‍ കലോല്‍സവത്തില്‍ കലാപ്രതിഭയാകുന്നത്. സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മറ്റു കോളജുകളെ ബഹുദൂരം പിന്നിലാക്കിയാണ് ഇവാനിയോസ് 14ഛാം കിരീടം സ്വന്തമാക്കിയത്. 189 പോയിന്റ് നേടിയ ഇവാനിയോസിനു പിന്നിലെത്തിയ ബസേലിയസിന് 92 പോയിന്റുകളാണുള്ളത്. കാര്യവട്ടം ക്യാംപസ് 77, സ്വാതി തിരുനാള്‍ സംഗീത കോളജ് 75 എന്നിങ്ങനെയാണു മുന്നിലെത്തിയ കോളജുകളുടെ പോയിന്റ് നില.
ആദ്യ ഏഴു സ്ഥാനങ്ങളിലും വിജയിച്ചത് തലസ്ഥാനത്തെ കലാലയങ്ങളാണ്. തിയറ്റര്‍ വിഭാഗം മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിനാണ്. നൃത്ത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ കോളജിനുള്ള ട്രോഫി മാര്‍ ഇവാനിയോസ് കോളജും സംഗീത മത്സരങ്ങളില്‍നിന്ന് ഏറ്വും കൂടുതല്‍ പോയിന്റ് നേടിയ കോളജിനുള്ള ട്രോഫി സംഗീത കോളജും നേടി. സാഹിത്യ വിഭാഗം മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റു നേടിയതു കാര്യവട്ടം ക്യാംപസ് ആണ്.

 

 

 

 

 

OTHER SECTIONS