കൊച്ചിയില്‍ ഇനി കലയുടെ മാമാങ്കം

By Anju N P.13 12 2018

imran-azhar

 

 

കലയുടെ സംഘമ ഭൂമിയാണ് കൊച്ചി മുസിരിസ് ബിനാലെ. ജനകീയവും വൈവിധ്യവുമാര്‍ന്ന കലയെ കൂടുതല്‍ അടുത്തറിയാനാഗ്രഹിക്കുന്നവര്‍ക്ക് എന്നും നവ്യാനുഭവം തന്നെയാണ് ബിനാലെ സമ്മാനിക്കുന്നത്.31 രാജ്യങ്ങളിലെ 138 കലാകാരന്‍മാര്‍ 9 വേദികളിലായി തീര്‍ക്കുന്ന കലാവിരുന്ന് ആസ്വദിക്കാന്‍ രാജ്യമെമ്പാടുമുള്ള കലാസ്വാദകര്‍ കൊച്ചിയിലേക്ക് എത്തിക്കഴിഞ്ഞു.

 


ഇത്തവണ നിരവധി പ്രതേകളുമായാണ് ബിനാലെ നാലാം പതിപ്പ് നമുക്ക് മുന്നിലെത്തുന്നത്. പെരുവനം കുട്ടന്മാരാരുടെ മേളത്തിന്റെ അകമ്പടിയോടെയാണ് ബിനാലെയുടെ നാലാപതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

 

'അന്യത്വത്തില്‍നിന്നും അന്യോന്യതയിലേക്ക്' എന്നതാണ് ബിനാലെ നാലാം ലക്കത്തിന്റെ ക്യൂറേറ്റര്‍ പ്രമേയം. ആര്‍ക്കും അഭിപ്രായം സ്വതന്ത്രമായി പറയാന്‍ അവസരമൊരുക്കുന്ന പവലിയന്‍ ബിനാലെയുടെ ജനകീയത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രശസ്ത ആര്‍ടിസ്റ്റ് അനിത ദുബെയാണ് 108 ദിവസം നീണ്ടുനില്‍ക്കുന്ന കലാപ്രദര്‍ശനങ്ങളുടെ ഇത്തവണത്തെ ക്യൂറേറ്റര്‍. ലോക പ്രശസ്തരായ പല ആര്‍ടിസ്റ്റുകളും ഇത്തവണ പങ്കെടുക്കുന്നുണ്ട്. നെതര്‍ലന്‍ഡില്‍ നിന്നുള്ള മര്‍ലിന്‍ ദുമാസ്, ഓസ്ട്രിയയില്‍ നിന്നും വാലി എക്‌സ്‌പോര്‍ട്ട്, ചൈനയില്‍ നിന്നും സോങ്ങ് ഡോങ്ങ്, അമേരിക്കയില്‍ നിന്നും ഗറില്ല ഗേള്‍സ് എന്നിവരെ കൂടാതെ ഇന്ത്യയില്‍ നിന്നും ജിതീഷ് കല്ലാട്ട്, നീലിമ ഷെയ്ഖ് തുടങ്ങിയവരാണ് ഇത്തവണ പങ്കെടുക്കുന്ന ചില പ്രമുഖര്‍.

 


മാത്രമല്ല പതിവില്‍ നിന്ന് വ്യത്യസ്ഥമായി പകുതിയിലധികം വനിതാ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ലോകത്തിലെ ആദ്യ ബിനാലെയെന്ന ഖ്യാതി ഇനി കൊച്ചി മുസരീസ് ബിനാലെക്ക് സ്വന്തമാവും.


തികച്ചും കാലഘട്ടം ആവശ്യപ്പെടുന്ന സ്ത്രീപക്ഷ ബിനാലെയാണ് ഇത്തവണ നടത്തുന്നത്. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ സ്ത്രീ സമൂഹത്തെ തന്നെ ഒതുക്കി നിര്‍ത്തുന്നിടത്ത് നിന്നും സ്ത്രീകളെ അരങ്ങിലേക്ക് നയിക്കുകയാണ് ബിനാലെ. ഈ ബിനാലെയിലെ അമ്പത് ശതമാനം കലാസൃഷ്ടികളും സ്ത്രീ കലാകാരന്മാരുടേതാണെന്നത് മാത്രമല്ല, ഭൂരിഭാഗം കലാസൃഷ്ടികളും സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവയുമാണ്.

 


100 രൂപയാണ് ബിനാലെ പ്രദര്‍ശനങ്ങള്‍ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്. ആസ്പിന്‍വാള്‍ ഹൗസില്‍ ദിവസത്തില്‍ 3 തവണയും മറ്റ് വേദികളില്‍ ഒരു തവണയുമാണ് പ്രവേശനം അനുവദിക്കുന്നത്. 500 രൂപയുടെ ഗ്രൂപ്പ് ടിക്കറ്റ് എടുത്താല്‍ രണ്ട് പേര്‍ക്ക് 3 ദിവസത്തേക്ക് എല്ലാ വേദികളിലും പരിധിയില്ലാതെ പ്രവേശനം അനുവദിക്കും. പതിനെട്ട് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ നല്‍കിയാല്‍ മതിയാകും. ഇതിനു പുറമെ 108 ദിവസവും പരിധിയില്ലാതെ ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാനുള്ള ഡോണര്‍ പാസ് 5000 രൂപ നിരക്കില്‍ ലഭ്യമാണ്. 3000 രൂപ നല്‍കിയാല്‍ പരമാവധി അഞ്ച് പേര്‍ക്ക് 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഗൈഡഡ് ടൂറുകളും ലഭ്യമാണ്.

 

OTHER SECTIONS