മൊയ്തീന്‍-കാഞ്ചനമാല കഥാപ്രസംഗവുമായി ''കാഥികന്‍ കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ്''

By S R Krishnan.25 Feb, 2017

imran-azhar


ജോഷി അറക്കല്‍

കോതമംഗലം: മലയാളിക്ക് അനശ്വര പ്രണയത്തിന്റെ അനുഭൂതി പകര്‍ന്നു നല്കിയ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം കഥാപ്രസംഗമായി അവതരിപ്പിച്ചു കൊണ്ട് കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി എബ്രഹാം ശ്രദ്ധേയനാകുന്നു. കലാകാരനും കാര്‍ട്ടൂണിസ്റ്റുമായ ജോയി എബ്രഹാം ഇക്കഴിഞ്ഞ 10 ന് കോഴിക്കോട് മുക്കത്ത് കാഞ്ചനമാല ഇപ്പോള്‍ താമസിക്കുന്ന മൊയ്തീന്‍ സ്മാരക മന്ദിരത്തിലെത്തി നേരില്‍ അനുഗ്രഹം വാങ്ങിയാണ് 'അനശ്വരം ഈ പ്രണയം' എന്ന് പേരിട്ടിരിക്കുന്ന കഥാപ്രസംഗത്തിന്റെ അരങ്ങേറ്റം കുറിച്ചത്.
മൊയ്തീന്റയും കാഞ്ചനമാലയുടെയും പ്രണയത്തിന്റെ തീവ്രത അതേപടി കഥാപ്രസംഗത്തിലെ കഥാപാത്രങ്ങളിലേക്കും പകര്‍ത്തിയെടുക്കുക എന്ന ദൗത്യം കൂടി നിര്‍വ്വഹിക്കാനായിരുന്നു അദ്ദേഹത്തിന്റെ മുക്കം യാത്ര.1982 ജൂലൈ 15 ന് ഇരുവഴിഞ്ഞിപ്പുഴയില്‍ ഉണ്ടായ തോണി അപകടത്തിലാണ് മൊയ്തീന്‍ മരിച്ചത്. തോണിയപകടം നടന്നതിന് സമീപവും മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം തളിരിട്ട മറ്റു സ്ഥലങ്ങളും മൊയ്തീന്റെ സന്തത സഹചാരിയും നാടക കലാകാരനുമായ മുക്കം ഭാസിയോടൊപ്പം അദ്ദേഹം സന്ദര്‍ശിച്ചു.
4 മണിക്കൂര്‍ നേരം കാഞ്ചന മാലയുമായി കഥാബീജത്തെക്കുറിച്ചും ആവിഷ്‌കാരത്തെക്കുറിച്ചുമെല്ലാം ചര്‍ച്ച നടത്തിയ ജോയി എബ്രാഹമിന് കാഞ്ചന മാലക്ക് മൊയ്തീനോട് ഉള്ള സ്‌നേഹത്തിന്റെ തീവ്രത അവരുടെ കണ്ണുകളിലും വാക്കുകളിലും ഇപ്പോഴും ദര്‍ശിക്കാനായി എന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന അനശ്വരമായ പ്രണയത്തിന്റെ മുദ്രയായി മൊയ്തീന്‍ കാഞ്ചനമാലയെ അണിയിച്ച വെള്ളി മോതിരം ജീവിതത്തിന്റെ വസന്തം വിട്ടകലുമ്പോഴും കാഞ്ചനമാല കൈവിരലില്‍ അണിഞ്ഞിരിക്കുന്നത് ഇവരുടെ പ്രണയത്തിന്റെ നേര്‍ക്കാഴ്ചയിലേക്കാണ് കൊണ്ടു ചെന്നെത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 5 പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മൊയ്തീന്‍ അണിയിച്ച ആ വെളളി മോതിരം ഒടിഞ്ഞു നുറുങ്ങിപ്പോയെങ്കിലും ആ നുറുങ്ങു കഷ്ണങ്ങള്‍ എല്ലാം പെറുക്കിച്ചേര്‍ത്ത് പുറംചട്ടയൊരുക്കിയാണ് കാഞ്ചനമാല ഇന്നും അണിഞ്ഞിരിക്കുന്നത്.വീട്ടുകാര്‍ തടങ്കലില്‍ പാര്‍പ്പിച്ച 20 കൊല്ലവും മൊയ്തീനോടുള്ള സ്‌റ്റേഹത്തിന്റെ അളവില്‍ ഒട്ടും കുറവു വരാതിരിക്കാന്‍ കാഞ്ചനമാല ഈ പ്രണയമുദ്ര നെഞ്ചോട് ചേര്‍ത്തു വച്ചിരുന്നു. മരിച്ചവരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരും കഥാപാത്രങ്ങളായി എത്തുന്ന കഥാപ്രസംഗത്തിലെ ഒരു കഥാപാത്രം കൂടി ആയി മാറിയ ജോയി എബ്രാഹം അനശ്വരം ഈ പ്രണയത്തിലും മൊയ്തീന്റയും കാഞ്ചന മാലയുടെയും പ്രണയത്തിന്റെ മാധുര്യവും തീവ്രതയും ഒട്ടും ചോര്‍ന്നു പോകാതെ തന്നെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
1995-2000 കാലയളവില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോയി എബ്രഹാം 20002005 കാലയളവില്‍ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രേഡ് യൂണിയന്‍ രംഗത്തും, രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായ ഇദ്ദേഹം അന്യം നിന്ന് പോയേക്കാവുന്ന കഥാപ്രസംഗകലയെ പുതുതലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയെന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയാണ് തിരക്കിനിടയിലും പുതിയ ഉദ്യമം ഏറ്റെടുത്തിട്ടുള്ളത്.കഴിഞ്ഞവര്‍ഷം ഇദ്ദേഹം അവതരിപ്പിച്ച 'മനുഷ്യ സ്‌നേഹി' എന്ന കഥാപ്രസംഗം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കോഴിക്കോട് മാങ്കടവില്‍ മാന്‍ഹോളില്‍ അകപ്പെട്ട അയല്‍ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സ്വന്തം ജീവന്‍ നഷ്ടമായ നൗഷാദ് എന്ന ഓട്ടോറിക്ഷാ തൊഴിലാളിയുടെ ജീവിതമായിരുന്നു ഈ കഥയുടെ പ്രമേയം. ഇക്കഴിഞ്ഞ 13 ന് വടാശ്ശേരി ചൊറിയന്‍ കാവില്‍ ആയിരുന്നു പുതിയ കഥയുടെ അരങ്ങേറ്റം. കാഞ്ചനമാലയുടെ ആവശ്യപ്രകാരം മുക്കത്ത് പുതിയ കഥ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം ഇപ്പോള്‍.

OTHER SECTIONS