ഇവന്‍ മാന്ത്രികന്‍

By Amritha AU.24 Mar, 2018

imran-azhar


കുഞ്ഞുപ്രായത്തില്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം മനസില്‍ പതിക്കും. അത്തരത്തില്‍ മനസിലേക്ക് ചേക്കേറിയതായിരുന്നു അനന്തുവിന്റെ മനസിലേക്ക് ജാലവിദ്യ. കുട്ടിക്കാലത്തെപ്പോഴോ ടിവി യിലെ സ്‌ക്രീനിലൂടെ മിന്നിമറഞ്ഞിരുന്ന മജീഷ്യന്റെ ചെപ്പടിവിദ്യകളാണ് ഇന്ന് ഒരു കുടുംബത്തിന് തന്നെ തണലാകുന്നത്.

 


കുട്ടിക്കാലത്ത് മാജിക്കിനോട് തോന്നിയിരുന്ന ഇഷ്ടം തേച്ചുമിനുക്കുകയായിരുന്നു അനന്തു. ഒന്‍പതാം വയസിലാണ് മജീഷ്യന്‍ മാന്ത്രിക അനന്തു മാജിക് പഠനം ആരംഭിക്കുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിയുംതോറും മേഖലയിലെ നിറസാന്നിദ്ധ്യമായി. അനന്തുവിന്റെ മാന്ത്രികതയില്‍ 2018 ലെ സുവര്‍ണ്ണ വിസ്മയം പുരസ്‌കാരവും 2014ലും 2017ലും എക്കോ മാജിക് മത്സരത്തില്‍ നിന്നുമടക്കമുളള പുരസ്‌കാരങ്ങള്‍ അനന്തു നേടിയിട്ടുണ്ട്.
വീടിന്റെ അടുത്തു തന്നെയുളള പൂജപ്പുര മനുവിന്റെ കീഴിലായിരുന്നു മാജിക്കിന്റെ ആദ്യ പാഠങ്ങള്‍. പിന്നീട് പഠിക്കുംതോറും അത് വെറുമൊരു ഇഷ്ടമല്ലെന്ന് മനസിലാക്കി ജാലവിദ്യയെ കൂടുതല്‍ അറിയാനുളള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് 2014 ല്‍ മുതുകാട് മാജിക്ക് അക്കാദമിയിലേക്കും. പക്ഷേ രണ്ടുവര്‍ഷം മുന്‍പ് കാര്‍പെന്ററായ അച്ഛന്‍ സുരേഷ് അപകടത്തില്‍പ്പെട്ട് മരിച്ചതോടെ അനന്തു വേദിയില്‍ ശക്തമാവുകയായിരുന്നു.മജീഷ്യന്‍ മാന്ത്രിക അനന്തു
ചിന്മയവിദ്യാലയത്തിലെ പതിനൊന്നാം ക്‌ളാസ് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് അനന്തു. പഠനം കഴിഞ്ഞുളള വൈകുന്നേരങ്ങളിലാണ് അനന്തുവിന്റെ മാജിക് പ്രകടനം. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ നേരെ വേദിയിലേക്ക്. കാര്‍പെന്ററായിരുന്ന അച്ഛന്റെ മരണത്തിന്‌ശേഷം ഓരോ വേദിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ തുകയാണ് അനന്തുവിന്റെ വീടിന്റെ ഏക വരുമാനമാര്‍ഗ്ഗം. അമ്മയും അമ്മൂമ്മയും അടങ്ങുന്ന കുടുംബത്തിലെ അത്താണിയാണിപ്പോള്‍ അനന്തു. പൂജപ്പുര താടിയറയിലെ വാടക വീട്ടില്‍ അമ്മ ബിന്ദുവിനും അമ്മൂമ്മ മാക്ഷിക്കും ഇന്ന് ആശ്രയം ഈ പതിനാറുവയസുകാരനാണ്.
കൂടെപഠിക്കുന്ന കുട്ടികള്‍ക്ക് എന്‍ജിനിയറിംഗ് പോലുളള മേഖലകളാണ് ഇഷ്ടം പക്ഷേ അനന്തുവിന് കംപ്യൂട്ടര്‍ സയന്‍സിനെക്കാളിഷ്ടം മാജിക്കിനോടാണ്. ഭാവിയില്‍ നല്ലൊരു മജീഷ്യനാകണമെന്നാണ് ആഗ്രഹം. സാധാരണ മാന്ത്രികന്‍മാരുടെ പ്രകടനത്തെക്കാള്‍ ആശയപരമായി വേറിട്ടു നില്‍ക്കുന്നതാണ് അനന്തുവിന്റെ പ്രകടനങ്ങള്‍. ലഹരിമരുന്നുകളുടെ ഉപയോഗം, വേദിയില്‍ മാജിക് അവതരിപ്പിക്കുമ്പോള്‍ അവിടെ കൂടിയിരിക്കുന്ന കാണികള്‍ ഉണ്ടാക്കാനിടയുളള പരിസ്ഥിതി മലിനീകരണം, പ്‌ളാസ്റ്റികിന് എതിരെയുളള ബോധവത്കരണം എന്നിവയെല്ലാമാണ് മുഖ്യ ആകര്‍ഷണങ്ങളാകുന്നത്. ഓരോ സ്‌റ്റേജുകളും വ്യത്യസ്തമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ അവതരിപ്പിച്ചത് തന്നെ പിന്നെയും പ്രക്ഷേകര്‍ക്കുമുന്നിലെത്തിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ പുതുമയുളള പ്രകടനങ്ങളും ആശയങ്ങളുമായാണ് ഓരോ വേദിയിലുമെത്തുന്നത്.

 


ഏറ്റവും ഇഷ്ടം

കൂടാതെ  കലോത്സവവേദികളിലെ സ്ഥിരസാന്നിദ്ധ്യമാണ് അനന്തു. പ്രസംഗിക്കാനാണ് ഏറെ ഇഷ്ടം. മാനസികമായുളള അതീവ ശ്രദ്ധയും അതിലുപരി കൃത്യമായ പ്രാക്ടീസും വേണ്ടുന്നതാണ് മാജിക്. മാനസികാരോഗ്യത്തെ ഏറ്റവും ഫലപ്രദമായി സഹായിക്കുന്ന മെന്റലിസം ടെസ്റ്റാണ് അനന്തുവിന് ഏറ്റവും ഇഷ്ടം. കാണികളില്‍ ഒരാള്‍ക്കായി ഒന്നോ അതിലധികമോ പുസ്തകങ്ങള്‍ കാണിക്കുന്നു, അവയില്‍ ഒന്നില്‍ നിന്നുള്ള ഏതെങ്കിലുമൊരു പേജ് വായിക്കാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് കാണി വായിച്ച ഭാഗങ്ങള്‍ വെളിപ്പെടുത്താന്‍ മജീഷ്യന്‍ വായനക്കാരന്റെ മനസ് വായിക്കുകയും ചെയ്യുന്ന തരത്തിലുളളതാണ് മെന്റലിസം ടെസ്റ്റ്. മോട്ടോര്‍ ഓഫ് ഇന്‍ന്ത്യയെന്ന ഇന്ത്യയിലെ തന്നെ പരമ്പരാഗതമായ മാജിക് എന്നറിയപ്പെടുന്ന അക്ഷയപാത്രംപോലെ കുടത്തില്‍ നിന്നും വെളളം വന്നുകൊണ്ടിരിക്കുന്ന മാജിക് അനന്തുവിന് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തവയായിരുന്നു.

 

ദി വിസാഡ് ഷോയിലേക്ക്
മാജിക് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുന്നത് പ്രാവ് പൂവാകുന്ന തരത്തിലുളളവയാണ്. എന്നാല്‍ ഇന്ന് അതിന്റെയൊക്കെ കാലം മാറി. ഇന്ന് സ്റ്റേജ് ഷേകളില്‍ ഏറ്റവുമധികം ആരാധകരുളള മാജിക്ക്, മെന്റലിസം, ഷാഡോഗ്രഫി എന്നീ മൂന്ന് വിഭാഗങ്ങളും കൂടിക്കലര്‍ത്തി പുതിയൊരു ചുവടുവെപ്പിലേക്ക് നീങ്ങുകയാണ് അനന്തു. സാധാരണ കണ്ടുമടുത്ത മാന്ത്രിക വിദ്യകള്‍ ഉപേക്ഷിച്ച് അന്താരാഷ്ര്ട നിലവാരത്തിലുളള ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ചുവടുവെപ്പിലേക്ക് നീങ്ങുന്നത്. ഓരോ ചുവടുവെപ്പുകള്‍ക്കും ഒരായിരം സ്വപ്‌നങ്ങളും മാന്ത്രിപതയുണ്ട് ഈ മാന്ത്രികനോടൊപ്പം.