എം ടിയെന്ന മഹാസാഗരം അരങ്ങിലെത്തി

By Amritha AU.20 Mar, 2018

imran-azhar

 

തിരുവനന്തപുരം: എം.ടി. വാസുദേവന്‍ നായരുടെ ജീവിതത്തിലൂടെയും കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും സഞ്ചരിച്ച മഹാസാഗരം നാടകം തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ അരങ്ങേറി. എം ടി യുടെ ഭ്രാന്തന്‍ വേലായുധനും കുട്ട്യേടത്തിയും നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടും സേതുവും നാലുകെട്ടിലെ അപ്പുണ്ണിയും വളര്‍ത്തുമൃഗങ്ങളിലെ ജാനമ്മയും കാലത്തിലെ സേതുവും മഞ്ഞിലെ ബുദ്ധുവും രണ്ടാമൂഴത്തിലെ ഭീമനും വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയും ചന്തുവും, എംടി തന്നെയും അരങ്ങില്‍ പുനരവതരിക്കപ്പെടുകയായിരുന്നു അരങ്ങില്‍.

 

 

മുപ്പതോളം നാടകങ്ങള്‍ രചിച്ച പ്രമുഖ നാടകകാരന്‍ പ്രശാന്ത് നാരായണനാണ് നാടകത്തിന്റെ രംഗരചനയും ആവിഷ്‌ക്കാരവും നടത്തിയിരിക്കുന്നത്. പന്ത്രണ്ടോളം നാടകശൈലികള്‍ സമന്വയിപ്പിച്ചാണു 'മഹാസാഗരം' വേദിയിലെത്തിച്ചത്. കഥാകൃത്ത് വി.ആര്‍. സുധീഷ് രചന നിര്‍വ്വഹിച്ച് എം ടിയെ ആദരിക്കാന്‍ 'ദേശാഭിമാനി' ഒരുക്കിയ എംടി സാഹിത്യോത്സവത്തിന്റെ സമാപനം കുറിച്ചു കൊണ്ട് കോഴിക്കോട് മഹാസാഗരം വേദിയിലെത്തിയിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ കഥാപാത്രങ്ങളെയും കഥാരംഗങ്ങളും ഉള്‍ക്കൊളളിച്ചാണ് ഇത്തവണ നാടകം അരങ്ങിലെത്തിയത്.

 

 

 

പ്രശാന്ത് നാരായണന്‍ ചെയര്‍മാനും ഇന്‍ഡ്യന്‍ നാടകരംഗത്തെ അതികായനായ കന്നട നാടകാചാര്യന്‍ കെ.ജി. കൃഷ്ണമൂര്‍ത്തി ഡയറക്ടറുമായ 'കളം' എന്ന പുതിയ പ്രസ്ഥാനമാണു 'മഹാസാഗര'ത്തിന്റെ സ്രഷ്ടാക്കള്‍. സുരഭി ലക്ഷ്മി, ബിനീഷ് കോടിയേരി, നിസ്താര്‍ അഹമ്മദ് എന്നിവര്‍ക്ക് പുറമെ ശ്രീലക്ഷ്മി കലാക്ഷേത്ര, അഖിലേഷ് സി.വി, ദേവാനന്ദിനി, മനു വിശ്വനാഥ്, ആതിര കെ., ആഷിത്ത്, മാസ്റ്റര്‍ അക്ഷയ് പ്രതാപ് , അനന്തു നാഗേന്ദ്രന്‍, എബിന്‍, ഷിനോജ് പൊയ്‌നാടന്‍, ജോസ് ജോണ്‍ തുടങ്ങിയവരാണ് എം ടി കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്.
സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ശിവദാസ് പൊയില്‍ക്കാവാണ്.

 

OTHER SECTIONS