നിശാഗന്ധി നൃത്തോത്സവം 20ന് തുടങ്ങും

By online desk .18 01 2020

imran-azhar

 

 

തിരുവനന്തപുരം: അനന്തപുരിയില്‍ നൂപുരധ്വനികള്‍ ഉണര്‍ത്തി നിശാഗന്ധി നൃത്തോത്സവത്തിന് 20ന് വൈകിട്ട് ആറ് മണിക്ക് തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.സംസ്ഥാന ടൂറിസം വകുപ്പാണ് 26 വരെ നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്.

 

നൃത്തരംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്‌കാരം നര്‍ത്തകനും നൃത്ത സംവിധായകനും പത്മഭൂഷണ്‍ ജേതാവുമായ ഡോ. സി.വി ചന്ദ്രശേഖറിന് മുഖ്യമന്ത്രി സമര്‍പ്പിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നര്‍ത്തകനെന്ന നിലയിലും അദ്ധ്യാപകനെന്ന നിലയിലും ഭരതനാട്യത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാര സമര്‍പ്പണം.

 

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ.വികെ പ്രശാന്ത് എംഎല്‍എ, മേയര്‍ കെ. ശ്രീകുമാര്‍, ഡോ.ശശി തരൂര്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, കെടിഡിസി ചെയര്‍മാന്‍ എം.വിജയകുമാര്‍, കൗണ്‍സിലര്‍ പാളയം രാജന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവര്‍ പങ്കെടുക്കും. നിശാഗന്ധി നൃത്തോത്സവത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച നര്‍ത്തകരാണ് വേദിയിലെത്തുക. യുവ നര്‍ത്തകര്‍ക്കും അവസരം നല്‍കിയിട്ടുണ്ട്.

 

OTHER SECTIONS