ബഹുഭാഷാ കാവ്യാഞ്ജലി ഭാരത് ഭവനില്‍ അരങ്ങേറി

By online desk .15 07 2019

imran-azhar

 

 

ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ സംഗമോത്സവത്തിന്റെ ഭാഗമായി ഭാരത് ഭവനില്‍ നടന്ന ബഹുഭാഷാ കാവ്യോത്സവം ശ്രദ്ധേയമായി. പത്തോളം സംസ്ഥാനങ്ങളുടെ സാമൂഹ്യ, സാംസ്‌കാരിക ചരിത്രങ്ങളുടെ വീഡിയോ പ്രസന്റേഷനും അതിനനുബന്ധമായി ഓരോ ഭാഷാ സമൂഹത്തിന്റെയും കവിതകളുമാണ് ഇംഗ്ലീഷ് വിവര്‍ത്തനങ്ങളോടെ നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി അരങ്ങേറിയത്. പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാകട അദ്ദേഹത്തിന്റെ കവിതകളായ ബാഗ്ദാദും കണ്ണടയും ആലപിച്ച് കാവ്യോത്സവം ഉദ്ഘാടനം ചെയ്തു. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, എസ്. രാധാകൃഷ്ണന്‍, ശ്രീകുമാര്‍ ചാറ്റര്‍ജി, റോബിന്‍ സേവ്യര്‍, എന്നിവര്‍ സാംസ്‌കാരിക കൂട്ടായ്മയില്‍ സന്നിഹിതരായി. തുടര്‍ന്ന് ഒറിയ, കര്‍ണ്ണാടക, ബംഗാളി, തമിഴ്, മഹാരാഷ്ട്ര മണ്ഡല്‍, തെലുങ്ക്, താന്‍സെന്‍സൂര്‍ സംഘ് എന്നീ ഭാഷാ പ്രധിനിധികള്‍ അവതരിപ്പിച്ച കവിതാലാപനം സദസ്സിന് വേറിട്ട അനുഭവം പകര്‍ന്നു. ഇന്ന് സംഗമോത്സവം സമാപന സാംസ്‌കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രമോദ് പയ്യന്നൂര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രതിഭകളെ ആദരിക്കും. തുടര്‍ന്ന് വിഖ്യാത ദേശഭക്തി ഗാനങ്ങള്‍ അറുപതോളം വരുന്ന സംഘങ്ങള്‍ ആലപിക്കും. മോഹിനിയാട്ടം, ലാവണി നൃത്തം, രബീന്ദ്ര സംഗീതത്തിന്റെ നൃത്താവിഷ്‌ക്കാരം എന്നിവ ഇതിനനുബന്ധമായി അരങ്ങേറും.

OTHER SECTIONS