/kalakaumudi/media/post_banners/bb8d502af41b601491f026b909ad65d8d6699cf628884a47758b55c20afc9a12.png)
തിരുവനന്തപുരം: കോവിഡ് ആശങ്കകള്‍ക്കിടയില്‍ ശ്രീപത്മനാഭന് നാളെ ആറാട്ട്. ഇന്ന് രാത്രി പള്ളിവേട്ടയും നാളെ വൈകുന്നേരം ആറാട്ടും നടക്കും. രാജഭരണക്കാലം മുതല്‍ ശംഖുമുഖം കടപ്പുറത്ത് നടത്തുന്ന ആറാട്ട് ഇക്കുറിയില്ല. പകരം ക്ഷേത്രത്തിന് മുന്നിലെ പത്മതീര്‍ത്ഥക്കുളത്തില്‍ ചെറിയതോതിലുള്ള ആറാട്ട് നടക്കും. 20ന് രാവിലെയാണ് ആറാട്ട് കലശം. ഉത്സവദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 12 വരെയും വൈകുന്നേരം 5.30 മുതല്‍ ആറുവരെയും ദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. നാടകശാല മുഖപ്പില്‍ 10 ദിവസവും പതിവുള്ള കഥകളി, മറ്റ് ക്ഷേത്രകലകള്‍ എന്നിവയും ഒഴിവാക്കി. ക്ഷേത്രത്തില്‍ ആറുമാസത്തിലൊരിക്കലായി
രണ്ട് ഉത്സവങ്ങളാണുള്ളത്. അല്‍പ്പശി ഉത്സവം ഒക്ടോബര്‍ 15 ന് ആരംഭിക്കും. അതിന് മുന്‍പ് പൈങ്കുനി ഉത്സവം നടത്തണമെന്നും ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്താമെന്നും തന്ത്രി തരണനല്ലൂര്‍ നമ്പൂതിരിപ്പാട് അറിയിച്ചിരുന്നു. തുടര്‍ന്നാണ് പൈങ്കുനി ഉത്സവം ചടങ്ങുകളോടെ നടത്താന്‍ തീരുമാനിച്ചത്. അല്‍പ്പശി ഉത്സവം രോഗവ്യാപനത്തിന്റെ സ്ഥിതിയറിഞ്ഞ് പിന്നീട് നടത്താനും നിശ്ചയിച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമിക്കൊപ്പം പൈങ്കുനി ഉത്സവത്തിന് ശ്രീവരാഹം വരാഹമൂര്‍ത്തി ക്ഷേത്രം, ത്രിവിക്രമംഗലം മഹാവിഷ്ണുക്ഷേത്രം, ഇരവിപേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൃപ്പാപ്പൂര്‍ മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവവും കൂടിയാറാട്ടുമാണ് നടത്തേണ്ടത്. ഇവ നാലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളാണ്. ഇവയ്ക്ക് അറിയിപ്പ് നല്‍കിയെങ്കിലും ഉത്സവം നടത്തുന്നതിനെ കുറിച്ച് ബോര്‍ഡ് തീരുമാനം അറിയിച്ചിട്ടില്ല.