/kalakaumudi/media/post_banners/992c44264bab9601b1d47413e6042bfefd1c26c0fe9a614a9c0faccb0f6f24ea.jpg)
2022 ജൂലൈ 16 ശനിയാഴ്ച രാത്രി 10 മണി 57 മിനിട്ടിന് കര്‍ക്കടക സംക്രമം. സൂര്യദേവന്‍ കര്‍ക്കടകം രാശിയിലേക്ക് പ്രവേശിക്കുന്ന ഏറ്റവും വിശിഷ്ടമായ ഈ സംക്രമ മുഹൂര്‍ത്തത്തില്‍ പൂജാമുറിയില്‍ ദീപം തെളിയിക്കുന്നത് പുണ്യ പ്രദമാണ്. സംക്രമം രാത്രിയില്‍ വരുന്നതിനാല്‍ ഞായറാഴ്ച അതിരാവിലെ വീട്ടില്‍ വിളക്ക് തെളിച്ച് പ്രാര്‍ത്ഥിച്ചാലും സദ്ഫലങ്ങള്‍ ലഭിക്കും.
ദക്ഷിണായനം പുണ്യകാല ആരംഭമാണ് കര്‍ക്കടക രവിസംക്രമം. പിറ്റേന്ന് കര്‍ക്കടകപ്പുലരിയില്‍ രാമായണ മാസം തുടങ്ങുന്നു. അതിവിശേഷമാണ് കര്‍ക്കടകം. എല്ലാ ആരാധനകള്‍ക്കും എന്ത് വഴിപാട് കഴിച്ചാലും ഇരട്ടിഫലം ലഭിക്കുന്ന മാസമത്രേ കര്‍ക്കടകം. അതിനാല്‍ സംക്രമദീപം തെളിയിച്ചു തന്നെ ഈ നല്ല മാസത്തെ വരവേല്‍ക്കണം. സല്‍കര്‍മ്മങ്ങള്‍ ചെയ്യുക, ക്ഷേത്ര ദര്‍ശനം, വഴിപാട് എന്നിവ നടത്തുക എന്നിവയ്ക്കും ഏറെ പ്രാധാന്യമുള്ള മാസമാണിത്. രാമായണ പാരായണത്തിന് പുറമെ കര്‍ക്കടകത്തില്‍ ക്ഷേത്രങ്ങളില്‍ നടത്തുന്ന മറ്റൊരു പ്രധാന വഴിപാട് ഭഗവതി സേവയാണ്.
വീടുകളില്‍ ശീവോതിക്ക് വെയ്ക്കുക ( ശ്രീ ഭഗവതിയെ പ്രത്യേകം കുടിവെച്ച് വിളക്കുവെക്കുന്ന ചടങ്ങ് ) കര്‍ക്കടക സംക്രാന്തിയുമായി ബന്ധപ്പെട്ടാണ് നടത്തുക.
ദശപുഷ്പം ചൂടുക, ഔഷധ സേവനടത്തുക തുടങ്ങിയ പരമ്പരാഗത ആചാരങ്ങള്‍ കര്‍ക്കടത്തില്‍ പലരും അനുഷ്ഠിക്കാറുണ്ട്. രാമായണം ഈ മാസം മുഴുവന്‍ കൊണ്ട് വിധി പ്രകാരം ഭക്തിയോടെ വായിച്ചു തീര്‍ത്താല്‍ കുടുംബ സൗഖ്യം, ഉന്നതി എന്നിവ ഉണ്ടാവും.
വിദേശ രാജ്യങ്ങളില്‍ ഉള്ളവര്‍ അതാത് സ്ഥലത്തെ പ്രാദേശിക സമയത്താണ് ദീപം തെളിയിക്കേണ്ടത്. എല്ലാവരെയും സൂര്യ ഭഗവാന്‍ അനുഗ്രഹിക്കട്ടെ.
ഓം ആദിത്യായ നമഃ
ഓം ആദിദേവായ നമഃ
ഓം ആര്‍ത്തരക്ഷകായ നമഃ