അല്‍പശി ഉത്സവം: പളളിവേട്ട ഭക്തിനിര്‍ഭരം; ഇന്ന് ആറാട്ട് ഘോഷയാത്ര

By SUBHALEKSHMI B R.28 Oct, 2017

imran-azhar

അല്‍പശി ഉത്സവത്തോടനുബന്ധിച്ചു തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടത്തിയ പള്ളിവേട്ട ഭക്തിനിര്‍ഭരമായി. രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അനേകം ഭക്തര്‍ പള്ളിവേട്ട കണ്ടുതൊഴാനെത്തി.

 

ഉത്സവത്തിന്‍റെ ഒന്‍പതാം ദിവസമാണു പള്ളിവേട്ട. ശീവേലിപ്പുര വലംവച്ചു പടിഞ്ഞാറേനട വഴി പള്ളിവേട്ടയ്ക്കായി സംഘം പുറത്തിറങ്ങി. പൊലീസുകാരും കുതിരപ്പട്ടാളവും കോല്‍ക്കാരും കുന്തക്കാരും മറ്റ് ഉദ്യോഗസ്ഥരും അകന്പടി സേവിച്ചു. ഉടവാളുമായി ക്ഷേത്രസ്ഥാനി മൂലം തിരുനാള്‍ രാമവര്‍മയും. ഘോഷയാത്രയായി വാദ്യമേളങ്ങളൊന്നുമില്ളാതെ നിശ്ശബ്ദമായാണു വേട്ടയ്ക്കു പുറപ്പെട്ടത്.

 

പത്മനാഭസ്വാമിയുടെ വില്ളേന്തിയ വിഗ്രഹത്തിനൊപ്പം ശ്രീകൃഷ്ണസ്വാമിയെയും നരസിംഹ മൂര്‍ത്തിയെയും എഴുന്നള്ളിച്ചു. റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണു വേട്ടക്കളം തയാറാക്കിയത്. വേട്ടയുടെ പ്രതീകമായി ക്ഷേത്രസ്ഥാനി കരിക്കില്‍ അന്പെയ്തു. ശേഷം വാദ്യഘോഷങ്ങളോടെ വടക്കേനട വഴി മടക്കം. തുടര്‍ന്ന് ഒറ്റക്കല്‍ മണ്ഡപത്തില്‍ പത്മനാഭസ്വാമി വിഗ്രഹം വച്ച് നവധാന്യങ്ങള്‍ മുളപ്പിച്ചതു ചുറ്റും വച്ചു. തന്ത്രി മുഖ്യകാര്‍മികത്വം വഹിച്ച പ്രത്യേക ചടങ്ങുകളോടെ പള്ളിവേട്ട ആചാരത്തിനു സമാപനമായി.

 

അല്‍പശി ഉത്സവത്തിനു സമാപനം കുറിച്ച് ഇന്ന് ആറാട്ടു നടത്തും. ശ്രീകോവിലില്‍ ദീപാരാധന കഴിഞ്ഞു ഗരുഡ വാഹനത്തില്‍ പത്മനാഭസ്വാമിയെയും നരസിംഹ മൂര്‍ത്തിയെയും പുറത്തെഴുന്നള്ളിക്കും. ശ്രീകോവില്‍ വലംവച്ചു കൊടിമരച്ചുവട്ടില്‍ ദീപാരാരാധന കഴിഞ്ഞു പടിഞ്ഞാറേ നട വഴിയാണ് ആറാട്ടു ഘോഷയാത്ര പുറപ്പെടുന്നത്.

 

വിമാനത്താവളത്തിന് ഉള്ളിലൂടെയാണു ഘോഷയാത്ര കടന്നുപോകുന്നത്. ഇതിനായി ചില വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിടുണ്ട്.ശംഖുമുഖത്തു പ്രത്യേകം തയാറാക്കിയ മണല്‍തിട്ടയില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു പൂജകള്‍ നടത്തിയശേഷമായിരിക്കും ആറാട്ടു നടത്തുക.കടലില്‍ വിഗ്രഹങ്ങള്‍ മൂന്നു തവണ ആറാടിക്കും. നാളെ നടത്തുന്ന ആറാട്ട് കലശപൂജയോടെ അല്‍പശി ഉത്സവത്തിനു സമാപനമാകും.

OTHER SECTIONS