മുല്ലുവീട്ടില്‍ കാരണവര്‍ പ്രതിഷ്ഠിച്ച അമ്മ

By Online Desk.19 Feb, 2019

imran-azhar

ആദികാലത്ത് ആറ്റുകാല്‍ ദേശത്ത് ഏതാനും നായര്‍ തറവാടുകള്‍ നിലനിന്നിരുന്നു. ചെറുകര, വലിയവീട്, മുല്ലുവീട് എന്നിങ്ങനെയായിരുന്നു തറവാടുകളുടെ പേരുകള്‍. മുല്ലപ്പൂങ്കാവും പൂന്തോപ്പും സ്വന്തമായുണ്ടായിരുന്നതിനാലാണ് മുല്ലവീടെന്നും പിന്നീട് മുല്ലുവീടെന്നും പേരുവന്നത്.

 

മുല്ലവീട്ടിലെ കാരണവര്‍ ശിവ~ശക്തിമാരുടെ ഉപാസകനായിരുന്നു. തറവാടിന് സമീപം മുല്ലവളളികള്‍ പടര്‍ന്നുപന്തലിച്ച ഒരു കാവുണ്ടായിരുന്നു. ഈ മുല്ലപ്പൂങ്കാവില്‍ ദേവിയെ സങ്കല്പിച്ച് പൂജ നടത്തിവന്നിരുന്നു.കളരിമാടന്‍, നാഗയക്ഷി, നാഗരാജാവ് തുടങ്ങിയ ഉപദേവതകളെയും ആരാധിച്ചുപോന്നിരുന്നു. കാരണവരായിരുന്നു പൂജാരി. ചൊവ്വ,വെളളി, ഞായര്‍ ദിവസങ്ങളിലും എല്ലാ മലയാളമാസം ഒന്നാം തീയതിയും പൂജയുണ്ടായിരുന്നു.നിത്യവും ത്രിസന്ധ്യയ്ക്ക് വിളക്കുവച്ചിരുന്നു. മന്ത്രതന്ത്രങ്ങള്‍ അധികം വശമില്ലെങ്കിലും പരമഭക്തനായിരുന്നു കാരണവര്‍. മഴയെയും മഞ്ഞിനെയും മറ്റുതടസ്സങ്ങളെയുമൊന്നും വകവയ്ക്കാതെകിളളിയാറ്റില്‍ മുങ്ങി ഈറനോടെ സന്ധ്യാദീപം കൊളുത്തുന്ന ആ ഭക്തനില്‍ ആദിപരാശക്തി സംപ്രീതയായിരുന്നുവെന്നുവേണം കരുതാന്‍.

 

ഒരിക്കല്‍ മകരമാസത്തിലെ അവസാന വെളളിയാഴ്ച കാരണവര്‍ കിളളിയാറ്റിലിറങ്ങി മുങ്ങിക്കുളിക്കുന്പോള്‍ ആറ്റില്‍ പെട്ടെന്ന് അതിശക്തമായ ഒഴുക്കുണ്ടായി. തുടര്‍ന്ന് കരയാകെ കുലുങ്ങുകയും വൃക്ഷലതാദികള്‍ കടപുഴകി വീഴുകയും ചെയ്തു. അരുതാത്തതെന്തെങ്കിലും സംഭവിച്ചോ എന്ന് ആ സാധു പരിഭ്രമിച്ചു. ആ സമയത്ത് പെട്ടെന്ന് എല്ലാം ശാന്തമാവുകയും കിള്ളിയാറിനും തീരത്തിനും അലൌകികമായ ഒരു ഭംഗി കൈവന്നതായി തോന്നുകയും ചെയ്തു. അത്ഭുതത്തോടെ വീക്ഷിച്ച കാരണവര്‍ ഒരു ദിവ്യജ്യോതി ദര്‍ശിക്കുകയും പിന്നീട് ആ ജ്യോതി ദര്‍ശിച്ച ഭാഗത്ത്
ഒരു ബാലികയെ കാണുകയും ചെയ്തു. കാരണവര്‍ ബാലികയെ വണങ്ങി. അപ്പോള്‍, ബാലിക അദ്ദേഹത്തോട് തനിക്ക് ആറ്റിനക്കരെ പോകണമെന്ന് ആവശ്യപ്പെട്ടു. കാരണവര്‍ ബാലികയെ ചുമലിലിരുത്തിനീന്തി മറുകരയെത്തി. പിന്നീട്, ബാലികയുടെ കൈപിടിച്ച് മുല്ലുവീട്ടിലേക്ക് നടന്നു. ചുവന്ന പട്ടുപാവാടയുടുത്ത് കൈയില്‍ തങ്കവളകളിട്ട് കാതില്‍ വജ്രകുണ്ഡലങ്ങളും കഴുത്തില്‍ കനകമാലയുംവൈരക്കല്ല് പതിച്ച മൂക്കുത്തിയും അണിഞ്ഞ ബാലിക ഇവിടെ എങ്ങനെ എത്തി എന്ന ചിന്ത കാരണവരെ മദിച്ചുകൊണ്ടിരുന്നു. ബാലികയുമായി കാരണവര്‍ സ്വഭവനത്തിന്‍റെ മുറ്റത്തെത്തിയപ്പോള്‍
സമയം ത്രിസന്ധ്യകഴിഞ്ഞിരുന്നു.

 

ബാലികയെ ഗൃഹത്തിനുളളിലേക്ക് ക്ഷണിച്ച കാരണവര്‍ സാധാരണ ബാലികയല്ലെന്ന് മനസ്സിലാക്കിയതിനാല്‍ പൂമുഖത്ത് പശുവിന്‍ ചാണകം മെഴുകി ശുദ്ധിയാക്കി പനയോലത്തടുക്കിട്ട് അതിന്മേലാണ് ഇരുത്തിയത്. അപ്പോള്‍ ബാലിക അത്യന്തം സന്തോഷവതിയായി കാണപ്പെട്ടു. അതുകണ്ട് സംതൃപ്തനായ കാരണവര്‍ കുട്ടിയോട് ഊരും പേരുമൊക്കെ ചോദിച്ചു. എന്നാല്‍, കുട്ടി ഒരക്ഷരം മറുപടി
പറയുകയുണ്ടായില്ല. ഈ സമയം കാവില്‍ വിളക്കുവയ്ക്കാനുളള സമയം അതിക്രമിച്ചിരുന്നു. ഒരു നിമിഷം ചിന്തയിലാണ്ട കാരണവര്‍ ഒരു ഉള്‍വിളിയെന്നോളം അറയിലെ പൂജാസവിധത്തില്‍ പ്രവേശിക്കുകയും അവിടെ
ശ്രീ ഭദ്രകാളിയുടെ ചിത്രത്തിന് മുന്നില്‍ പൂജിച്ചുവച്ചിരുന്ന ഇളനീരും, ചെറുപഴവും കല്‍ക്കണ്ടവും ഒരു തട്ടത്തിലാക്കി പൂമുഖത്തെത്തുകയും ചെയ്തു. ബാലികയ്ക്ക് ഭുജിക്കാന്‍ കൊടുക്കുകയായിരുന്നു ഉദ്ദേശം.എന്നാല്‍, ബാലികയെ അവിടെ കണ്ടില്ല. അദ്ദേഹം, ബാലികയെ അന്വേഷിച്ച് അലഞ്ഞു. പക്ഷേ, ആ പ്രദേശത്ത് ആരും അത്തരമൊരു ബാലികയെ ദര്‍ശിച്ചതായി പറഞ്ഞില്ല.

 

ഭവനത്തില്‍ മടങ്ങിയെത്തിയ കാരണവര്‍ ധ്യാനത്തിന് ശേഷം നിലത്ത് പുല്‍പ്പായ വിരിച്ചുകിടന്നു. കിടക്കേണ്ട താമസം, ക്ഷീണം കൊണ്ട് അദ്ദേഹം നിദ്രയിലാണ്ടു. നിദ്രാവേളയില്‍ അദ്ദേഹത്തിന്‍റെ അകക്കണ്ണ്തുറക്കുകയും താന്‍ ആറ് കടത്തിക്കൊണ്ടുവന്ന അത്ഭുതബാലികയുടെയും സാക്ഷാല്‍ ജഗദംബയുടെയും മാറി മാറി ദര്‍ശിക്കുകയും ചെയ്തു. ദേവിയെ സ്തുതിച്ച കാരണവരോട്ദേവി ഇപ്രകാരം അരുളി. "എന്‍റെ ഭക്തനില്‍ ഞാന്‍ സംപ്രീതയാണ്. നാളെ പ്രഭാതത്തില്‍ കാവിലേക്ക് ചെല്ലുക. കാവിനുളളില്‍ മൂന്ന് വെളളിവരകള്‍ കാണും.അത് അങ്ങേയ്ക്ക് മാത്രമേ ദര്‍ശിക്കാനാവൂ. വരകള്‍ കാണുന്ന സ്ഥലത്ത് എന്നെ ഉപാസിക്കുക. കാവും കളരിത്തറയും മാറി അവിടം ക്ഷേത്രമായി തീരണം. പതിവ് പൂജകളും ഉണ്ടാകണം. ഈ നാടിനും നാട്ടുകാര്‍ക്കും മാത്രമല്ല, സകലര്‍ക്കും
സര്‍വ്വ സൌഭാഗ്യങ്ങളും ഭവിക്കും". ഇത്രയും അരുളിച്ചെയ്ത് അമ്മ അപ്രത്യക്ഷയായി. ആ രാത്രി അദ്ദേഹത്തിന് പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല.

 

പ്രഭാതത്തില്‍ സ്നാനജപാദികള്‍ക്കുശേഷം കാരണവര്‍ കാവിലെത്തി. അവിടെ ദേവി അരുളിച്ചെയ്തപ്രകാരം മൂന്ന് വെളളിവരകള്‍ ദര്‍ശിച്ചു. അദ്ദേഹം നാട്ടുകാരെ വിളിച്ചുകൂട്ടി. വിവരമറിഞ്ഞ് ദേശവാസികള്‍ മുഴുവന്‍ കാവിലേക്ക് പ്രവഹിച്ചു. ഭക്തനായ കാരണവര്‍ എല്ലാം വിവരിച്ചു. തുടര്‍ന്ന് ദേവീ കല്പനപ്രകാരം കാവിനുളളില്‍ ശുദ്ധികര്‍മ്മങ്ങള്‍ നടത്തി ദേവിയെ പ്രതിഷ്ഠിച്ചു. പ്രതിഷ്ഠയെ തുടര്‍ന്ന് അവിടെ ഒരു മണ്‍തിട്ട പടുത്തുയര്‍ത്തി. മാസങ്ങള്‍ക്കു ശേഷം മറ്റൊരു മണ്‍തിട്ട കൂടി കെട്ടിപ്പൊക്കി. ഏതാനും ആഴ്ചകള്‍ക്കു ശേഷം അതിനുമുകളില്‍ ഓല മേഞ്ഞു. അതിനു ശേഷം ശ്രീകോവിലിനോട് ചേര്‍ന്ന്
ചെറിയൊരു അഴിയിട്ട വാതില്‍ സ്ഥാപിച്ചു. അങ്ങനെ കാവിനുളളില്‍ ചെറിയൊരു തെക്കത് നിര്‍മ്മിതമായി. ദേശവാസികള്‍ ആ തെക്കതിനെ കാവില്‍ തെക്കത് എന്നു വിളിച്ചു.

 

കാലം പലതു കടന്നു. കാരണവര്‍ ഗൃഹനാഥസ്ഥാനം ഉപേക്ഷിച്ച് സന്യാസിയായി. ശേഷിച്ച കാലം ആറ്റുകാല്‍ കാവിലും ദേവീ കുടികൊളളുന്ന കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലുമായി കാലം കഴിച്ചുകൂട്ടി.. പതിയെപതിയെ കാവിലമ്മ ആറ്റുകാലമ്മയായി. നാനാജാതി~മതസ്ഥര്‍ക്കും ആറ്റുകാലമ്മ അഭീഷ്ടവരദായിനിയായി. ദേവിയുടെ കീര്‍ത്തി കടല്‍കടന്നും വ്യാപിച്ചു.

OTHER SECTIONS