പറഞ്ഞു പേടിപ്പിക്കുന്ന ചൊവ്വാദോഷം

By online Desk .24 Jan, 2017

imran-azharവിവാഹത്തിനൊരുങ്ങുന്നവരെയും അവരുടെ രക്ഷിതാക്കളെയും വല്ലാതെ വലയ്ക്കുന്ന ഒന്നാണ് ചൊവ്വാദോഷം. ആ പെണ്ണിന് ചൊവ്വാദോഷമുണ്ട് അല്ലെങ്കില്‍ അവന് ചൊവ്വാദോഷമുണ്ട് എന്ന് എല്ലാ വിവാഹാലോചനയ്ക്കിടയിലും പല വട്ടം കേള്‍ക്കാറുണ്ട്. എന്നാല്‍ എന്താണ് ഈ ചൊവ്വാദോഷം? പറഞ്ഞ് പേടിപ്പിക്കുന്നതുപോലെ ഭയപ്പെടേണ്ട ഒരു മഹാദുര്യോഗമാണോ?

 


മനസ്‌സിനിഷ്ടപ്പെട്ട ഒരു പുരുഷനെയോ സ്ത്രീയെയോ സ്വീകരിക്കുന്നതിനോ, അവരവരുടെ ഇഷ്ടാനുസരണം ഒരാളെ തിരഞ്ഞെടുക്കുന്നതിനൊ രക്ഷിതാക്കള്‍ അവരുടെ ഇഷ്ടപ്രകാരവും യുക്തിപ്രകാരവും തിരഞ്ഞെടുക്കുന്നവരെ വിവാഹം കഴിക്കുന്നതിനോ ചൊവ്വാ ദോഷം തടസ്‌സമായി നില്‍ക്കാറുണ്ട്.

 


സ്ത്രീ ജാതകത്തില്‍ ലഗ്നത്തിലോ, രണ്ടിലോ, നാലിലോ, ഏഴിലോ, എട്ടിലോ, പന്ത്രണ്ടിലോ നില്‍ക്കുന്ന ചൊവ്വ ഭര്‍ത്തൃ മരണ കാരണമാകുമെന്നും ഈ ഗ്രഹനില ഭര്‍ത്തൃ ജാതകത്തിലാണുള്ളതെങ്കില്‍ ഭാര്യയുടെ മരണത്തിന് കാരണമാകുമെന്നും ചില ജ്യോതിഷ ഗ്രന്ഥങ്ങള്‍ പറയുന്നു. ഈ ദോഷങ്ങള്‍ക്ക് പരിഹാരമായി സമാന ദോഷങ്ങള്‍ ഉള്ള ജാതകം വിവാഹത്തിന് തിരഞ്ഞെടുക്കണം എന്നാണ് ജ്യോതിഷികള്‍ നല്‍കുന്ന ഉപദേശം. ആ ദോഷങ്ങള്‍ ലഗ്നാല്‍ മാത്രമല്ല ചന്ദ്രാലും, ശുക്രാലും കൂടി പരിശോധിക്കണമെന്ന് മനസാഗരി എന്ന ഗ്രന്ഥം വിധിക്കുന്നു. അങ്ങനെ ഈ ദോഷം മഹാദുര്യോഗമായി പ്രഖ്യാപിക്കപ്പെട്ടു.

 

അതോടെ ചൊവ്വാദോഷം ഉള്ളതോ ഇല്ലാത്തതോ ആയ കുട്ടികള്‍ക്കു വേണ്ടിയുള്ള രക്ഷിതാക്കളുടെ പരക്കം പാച്ചില്‍ തുടങ്ങുകയായി. ഹിന്ദു പുരാണങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ ജാതക ചേര്‍ച്ചയേയോ ജാതകദോഷത്തെയോ കുറിച്ച് ഒരിടത്തും പരാമര്‍ശമില്ല. എന്നാല്‍ മുഹൂര്‍ത്തങ്ങളെക്കുറിച്ചും ജനനസമയത്തെ ഗ്രഹനിലയെക്കുറിച്ചും ചര്‍ച്ച ഉണ്ട് താനും. സീതാരാമന്മാരുടെയും, രുക്മിണീകൃഷ്ണന്‍മാരുടെയും ജാതക പരിശോധന നടത്തിയതായി എവിടെയും പരാമര്‍ശം കാണുന്നില്ല.

 


യുദ്ധങ്ങളിലും, മഹായുദ്ധങ്ങളിലും ജീവന്‍ പൊലിക്കുന്ന എല്ലാ യോദ്ധാക്കളുടെയും ഭാര്യമാര്‍ക്ക് ചൊവ്വാദോഷം ഉണ്ടാകുമോ? ഹിന്ദു സമുദായത്തിലല്ലാത്തവരുടെ ജാതകം കുജപരിശോധനയ്ക്കും പൊരുത്ത പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ടോ? പൊരുത്ത, കുജപരിശോധനകള്‍ക്ക് ശേഷം നടത്തുന്ന ഹിന്ദു വിവാഹങ്ങള്‍ക്ക് ഈ പരിശോധനകള്‍ ഇല്ലാതെ നടത്തുന്ന സമുദായ വിവാഹങ്ങളേക്കാള്‍ സൗഖ്യവും ആയൂര്‍ദൈര്‍ഘ്യവും കൂടുതല്‍ ഉണ്ടോ? നിങ്ങള്‍ക്ക് ഉള്ളതുപോലെ എനിക്കും ഉള്ള സംശയങ്ങളാണ് ഇതെല്ലാം.
ബൃഹദ് പരാശരഹോരയില്‍ ഈ ദോഷത്തെക്കുറിച്ച് ഒരേ ഒരു ശേ്‌ളാകത്തിലാണ് നിര്‍വ്വചിക്കുന്നത്.

 


'ലഗ്നേ വ്യയേ സുഖേവാപി
സപ്തമേ വാ ഷ്ടമേ
ശുഭ, ദൃക്, യോഗ, ഹീനേ
ച പതീം ഹന്തി നഃ സംശയ'
പരിഭാഷപ്പെടുത്തുമ്പോള്‍ സ്ത്രീ ജാതകത്തില്‍ പന്ത്രണ്ടിലോ, ലഗ്നത്തിലോ, നാലിലോ, ഏഴിലോ, എട്ടിലോ നില്‍ക്കുന്ന ചൊവ്വ മറ്റു ഗ്രഹങ്ങളുടെ യോഗമോ, ദൃഷ്ടിയോ ഇല്ലാതിരിക്കുന്നെങ്കില്‍ നിശ്ചയമായും ഭര്‍ത്താവിനെ കൊല്ലും. ഇത് പുരുഷ ജാതകങ്ങള്‍ക്കും ബാധകമാണ് എന്ന് പിന്നീട് പറയുന്നുണ്ട്. അതായത് മുന്‍പറഞ്ഞ ഭാവങ്ങളില്‍ നില്‍ക്കുന്ന ചൊവ്വയ്ക്ക് മറ്റ് ഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഇല്ലാതിരുന്നാല്‍ മാത്രമേ ചൊവ്വാദോഷം പറയേണ്ടതുള്ളു. അങ്ങനെ ഒറ്റയാനായ ചൊവ്വ ജാതകങ്ങളില്‍ വിരളമായിരിക്കും. ഒറ്റയാനായ ചൊവ്വ ലഗ്നത്തില്‍, മുന്‍പറഞ്ഞ യോഗ, ദൃഷ്ടികള്‍ കൂടാതെ നില്‍ക്കുകയാണെങ്കില്‍ കഠിനമായ ദോഷം അനുഭവപ്പെടും; സംശയമില്ല. എന്നാല്‍ ഈ ചൊവ്വാ ലഗ്ന ഭാവത്തെ അവിടെയുള്ള സ്ഥിതി കൊണ്ടും 4,7,8 എന്നീ ഭാവങ്ങളെ 4,7,8എന്നീ ഭാവങ്ങളിലേക്കുള്ള ചൊവ്വയുടെ വിശേഷദൃഷ്ടികള്‍ കൊണ്ടും ദോഷങ്ങളുണ്ടാക്കുന്നു. നാലാം ഭാവം കുടുംബസൗഖ്യത്തേയും ഏഴാം ഭാവം ഭര്‍ത്താവിന്റെ നിലയെയും വിലയേയും ഭാര്യാഭര്‍ത്തൃ ബന്ധ സ്വാരസ്യ, അസ്വാരസ്യങ്ങളെയും, എട്ടാം ഭാവം ലൈംഗിക ബന്ധത്തെയും അതില്‍ നിന്നുളവാകുന്ന സംതൃപ്തിയെയും, പന്ത്രണ്ടാം ഭാവം കിടപ്പറ സൗഖ്യങ്ങളേയും സൂചിപ്പിക്കുന്നു.

 

ലഗ്നത്തില്‍ നില്‍ക്കുന്ന ഒറ്റയാനായ ഈ ചൊവ്വ ഈ ഭാവങ്ങളെയെല്ലാം ഒറ്റയടിക്ക് ദുഃഖത്തിലാക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള ചൊവ്വ രണ്ടില്‍ നിന്നാല്‍ സ്ഥിതി കൊണ്ട് രണ്ടാം ഭാവത്തേയും, ദൃഷ്ടികൊണ്ട് എട്ടാംഭാവത്തെയും, നാലില്‍ നിന്നാല്‍ സ്ഥിതികൊണ്ട് നാലാം ഭാവത്തെയും ദൃഷ്ടി കൊണ്ട് ഏഴാം ഭാവത്തെ മാത്രവും, ഏഴില്‍ നിന്നാല്‍ സ്ഥിതികൊണ്ട് ഏഴാം ഭാവത്തേയും ദൃഷ്ടികൊണ്ട് പന്ത്രണ്ടാം ഭാവത്തെമാത്രവും എട്ടില്‍ നിന്നാല്‍ സ്ഥിതികൊണ്ട് എട്ടാംഭാവത്തെയും, ദൃഷ്ടികൊണ്ട് രണ്ടാം ഭാവത്തെയും മാത്രവും പന്ത്രണ്ടില്‍ നിന്നാല്‍ സ്ഥിതികൊണ്ട് പന്ത്രണ്ടാം ഭാവത്തെയും, ദൃഷ്ടികൊണ്ട് ഏഴാം ഭാവത്തെയും മാത്രമേ ബാധിക്കുന്നുള്ളൂ.

 

അതായത് മറ്റേത് പാപഗ്രഹങ്ങളെയും പോലെ നില്‍ക്കുന്ന രാശിയെയും, ദൃഷ്ടി ചെയ്യുന്ന മറ്റൊരു രാശിയെയും മാത്രം ബാധിക്കുന്ന ഗ്രഹമാണ് ചൊവ്വ. അതുകൊണ്ട് മറ്റേതു ഗ്രഹങ്ങള്‍ക്ക് കൊടുക്കുന്ന പാപത്വം മാത്രമേ ചൊവ്വയ്ക്കും കൊടുക്കേണ്ടതുള്ളു.
അപ്പോള്‍ പിന്നെ എങ്ങനെയാണ് ചൊവ്വാദോഷത്തെ ഇത്ര വലിയ ദുര്യോഗമായി ജ്യോതിഷികള്‍ പറഞ്ഞ് പേടിപ്പിക്കുന്നത്. ഇന്ത്യന്‍ ജ്യോതിഷത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പരാശര മഹര്‍ഷി നിര്‍വ്വചിച്ച ചൊവ്വാദോഷത്തെ വളച്ചൊടിച്ച്, പൊടിപ്പും തൊങ്ങലും വച്ചു പിടിപ്പിച്ച്, അതില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിബന്ധനകള്‍ അവഗണിച്ച്, പിന്നീട് വന്ന ചില ആചാര്യന്മാര്‍ ഈ ദോഷത്തെ വ്യാഖ്യാനിച്ച് മനസാഗരിയില്‍ കല്യാണവര്‍മ്മ അത്രി മഹര്‍ഷിയെ ഉദ്ധരിച്ച് പ്രതിപാദിക്കുന്ന 'ധനവ്യയേച, പാതാളെ' (ഞാന്‍ ഉദ്ധരിക്കുന്നില്ല) എന്നു തുടങ്ങുന്ന നാലു ശേ്‌ളാകങ്ങള്‍ കോടി തവണകള്‍ ജ്യോതിഷികളാല്‍ ഉദ്ധരിക്കപ്പെട്ടവയും ഉദ്ധരിക്കപ്പെടുന്നവയുമാണ്. പരാശര നിര്‍വ്വചനത്തില്‍ നിന്ന' ശുഭദൃക്യോഗ ഹീനേച' (ശുഭഗ്രഹദുഷ്ടനോ ശുഭഗ്രഹയുക്തനോ അല്ലാത്ത) എന്ന പ്രധാനവരികള്‍ മാറ്റിയപ്പോള്‍ മനസാഗരി പറയുന്ന ചൊവ്വാ ദോഷത്തിന് കാഠിന്യം കൂടി.

 

ഈ ദോഷം ചന്ദ്രനില്‍ നിന്നും ശുക്രനില്‍ നിന്നും കൂടി പരിഗണിക്കണം (ലഗ്നാശ്ചന്ദ്രാശ്ച ശുക്രാദപി) എന്നു പറയുമ്പോള്‍, ചൊവ്വാ ദോഷം ഒരു മഹാദുര്യോഗമായി പരിഗണിക്കപ്പെട്ടു തുടങ്ങി. ഇത് ഒരു തെറ്റായ പ്രവണതയാണ്. പരാശര നിര്‍വ്വചനത്തില്‍ മാത്രം ചൊവ്വയെ പരിഗണിച്ചാല്‍ മതി. അപ്പോള്‍ ചൊവ്വയെ വിവാഹശോധനയില്‍, സൂര്യനെയോ, ശനിയെയോ, രാഹുവിനെയോ പോലെ ഒരു സാധാരണ പാപഗ്രഹമായി പരിഗണിക്കുക. അത് ധാരാളം.

 


ഉഗ്രദോഷി എന്നു പറയപ്പെടുന്ന ഈ ചൊവ്വ, ചൊവ്വയുടെ സ്വക്ഷേത്രങ്ങളോ, ഉച്ചക്ഷേത്രങ്ങളോ, മറ്റ് മിത്രങ്ങളായ സൂര്യചന്ദ്രന്മാരുടെ രാശികളോ ലഗ്നമായി വന്നാല്‍ അവര്‍ക്ക് ദോഷം ചെയ്യില്ല. അതുപോലെ ചൊവ്വ ഭാഗ്യാധിപനായ (ഒന്‍പതാം ഭാവാധിപനായ) മീനം രാശി അഞ്ചാം ഭാവാധിപനായ (പൂര്‍വ്വ പുണ്യാധിപനായ) ധനുരാശി എന്നീ രാശികളും ലഗ്നമുള്ളവരെ ചൊവ്വ ദ്രോഹിക്കുകയില്ല. അതായത് രാശി ചക്രത്തില്‍ മേടം, കര്‍ക്കിടകം, ചിങ്ങം, വൃശ്ചികം, ധനു, മകരം, മീനം എന്നീ ഏഴു രാശികള്‍ക്ക് ചൊവ്വാ ദോഷം ബാധകമല്ല. ഒരു നിബന്ധനകൂടി. ചൊവ്വയുടെ സ്വക്ഷേത്രങ്ങളിലോ, ഉറ്റബന്ധുക്ഷേത്രങ്ങളിലോ നില്‍ക്കുന്ന ചൊവ്വ ജാതകന് ദോഷകാരിയായിരിക്കുകയില്ല. മറ്റു പാപഗ്രഹങ്ങളെ അപേക്ഷിച്ച്, ദോഷ കര്‍ത്താവ് എന്ന നിലയില്‍ വലിയ ഇളവുകളാണ് ചൊവ്വ അനുവദിക്കുന്നത്. അപ്പോള്‍ നാം ചൊവ്വയ്ക്ക് നല്‍കുന്ന ദുഷ്‌പേരും അവസാനിപ്പിച്ചുകൂടെ?

 


അതുപോലെ തന്നെ വിവാഹങ്ങളില്‍ അനുഭവപ്പെടുന്ന അസ്വാരസ്യങ്ങള്‍ക്കും വേര്‍പിരിയലിനും ചൊവ്വ ദോഷത്തെ പഴിചാരുന്നത് ശരിയല്ല. അവരവരുടെ ജാതകത്തിലുള്ള പിഴകള്‍ അവരവര്‍ അനുഭവിച്ചേ തീരൂ. അതുകൊണ്ട് അവരവരുടെ ജാതകങ്ങളില്‍ അനുഭവയോഗ്യമാകേണ്ട ദുരനുഭവങ്ങളെ ആദ്യം അപഗ്രഥിക്കുക. 'നവാംശസേ കളത്രാണാം', എന്ന ചൊല്ലനുസരിച്ച് നവാംശചക്ര പരിശോധനയും അതിപ്രധാനമാണ്. രാശിചക്രത്തില്‍ സൂചിപ്പിക്കപ്പെടാത്ത പല ദുര്യോഗങ്ങളും നവാംശത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതുകൊണ്ട് പരസ്പര പൊരുത്ത ശോധനയ്ക്ക് മുമ്പായി നവാംശ ശോധന അതിപ്രധാനം.

 


പാപഗ്രഹങ്ങളായ ചൊവ്വയും, ശനിയും, സൂര്യനും രാഹു കേതുക്കളും വിവാഹങ്ങള്‍ക്ക് നല്‍കുന്ന ദുഃസ്ഥിതികളും, വേര്‍പിരിയല്‍ യോഗങ്ങളും, ശുഭഗ്രഹങ്ങളായ വ്യാഴനും ശുക്രനും ചന്ദ്രനും ബുധനും അവരവരുടെ ഭാവയോഗസ്ഥിതി അനുസരിച്ച് നമുക്ക് നല്‍കാറുണ്ട്. പ്രത്യേകിച്ച് ഗുരുശുക്ര ബന്ധങ്ങളില്‍ നിന്ന് ഉണ്ടാകുന്ന യോഗങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

 


എല്ലാ വിവാഹ ദുഃഖങ്ങള്‍ക്കും ചൊവ്വയെ പഴിചാരരുത്. ഇതു വായിക്കുന്നവര്‍ക്ക് കുജദോഷത്തെ കുറിച്ചുള്ള പേടി കുറെയെങ്കിലും ദൂരീകരിക്കുമെങ്കില്‍!!!!
ഈ ഉഗ്രദോഷിയെന്ന് ഉദ്‌ഘോഷിക്കുന്ന കുജന്‍ ചില ജാതകങ്ങളെ ബാധിക്കുന്നതേയില്ല.