സര്‍പ്പദോഷം പൂര്‍ണ്ണമായും പ്രതിരോധിക്കാം

സര്‍പ്പദോഷത്തിന്റെ കാഠിന്യം ജാതകം, പ്രശ്നം എന്നിവയിലൂടെ കണ്ടെത്തിയാല്‍ ഉപാസന, വ്രതം, വഴിപാടുകള്‍ തുടങ്ങിയ അനുഷ്ഠാനങ്ങള്‍ വഴി ഭക്തര്‍ക്ക് പൂര്‍ണ്ണമായും പ്രതിരോധിക്കാം.

author-image
parvathyanoop
New Update
സര്‍പ്പദോഷം പൂര്‍ണ്ണമായും പ്രതിരോധിക്കാം

സര്‍പ്പദോഷത്തിന്റെ കാഠിന്യം ജാതകം, പ്രശ്നം എന്നിവയിലൂടെ കണ്ടെത്തിയാല്‍ ഉപാസന, വ്രതം, വഴിപാടുകള്‍ തുടങ്ങിയ അനുഷ്ഠാനങ്ങള്‍ വഴി ഭക്തര്‍ക്ക് പൂര്‍ണ്ണമായും പ്രതിരോധിക്കാം. മാരക സര്‍പ്പദോഷമുള്ള വ്യക്തികള്‍ മുടങ്ങാതെ സര്‍പ്പപ്രീതി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും സദാചാര നിരതരായി ജീവിക്കുകയും വേണം. ഇവര്‍ ശുദ്ധിയോടെ ചിട്ടയോടെ രാഹു-കേതു പ്രീതി വരുത്തുന്നതിനൊപ്പം സുബ്രഹ്മണ്യ ഉപാസന നടത്തുന്നതും സര്‍പ്പ ദുരിത മുക്തിക്ക് ഉത്തമമാണ്. സര്‍പ്പബലി, നാഗരൂട്ട്, ആയില്യപൂജ, അഭിഷേകം തുടങ്ങിയവയാണ് സര്‍പ്പപ്രീതി നേടാന്‍ കഴിയുന്ന പ്രസിദ്ധമായ വഴിപാടുകള്‍.

ഒരു ഉത്തമ ജ്യോതിഷന്റെ നിര്‍ദ്ദേശമനുസരിച്ച് വഴിപാടുകള്‍ നടത്തിയാല്‍ ഉപാസനയ്ക്ക് പെട്ടെന്ന് ഫലസിദ്ധി ലഭിക്കും.ഒരു വ്യക്തിയുടെ ജാതകം നോക്കിയും പ്രശ്നം വച്ചും സര്‍പ്പദോഷം കണ്ടെത്താം. ജാതകത്തില്‍ ആയാലും പ്രശ്നത്തില്‍ ആയാലും രാഹുവിന്റെ അനിഷ്ടസ്ഥിതി സര്‍പ്പബാധക്ക് കാരണമാകും. ജാതകത്തില്‍ രാഹു 6,8,12 ഭാവങ്ങളില്‍ നിന്നാലും ആ ഭാവാധിപന്മാരുമായി യോഗം ചെയ്താലും സര്‍പ്പന്‍ അനിഷ്ടനാണ്. ആദിത്യന്‍, ചന്ദ്രന്‍, കുജന്‍, ഗുരു എന്നീ ഗ്രഹങ്ങളുമായുള്ള രാഹുയോഗവും ദോഷകരമാണ്.രാഹു - കേതുക്കളുടെ അര്‍ദ്ധവൃത്തത്തിനകത്ത് സപ്തഗ്രഹങ്ങള്‍ നിന്നാല്‍ കാളസര്‍പ്പയോഗമായി ഭവിക്കുന്നു. കാളസര്‍പ്പയോഗം മാരകമായ സര്‍പ്പ ദോഷങ്ങളില്‍ ഒന്നാണ്.

ഇത് കര്‍മ്മ വിജയത്തെ ഏറെ പ്രതികൂലമായി ബാധിക്കും. സര്‍പ്പവും കേതുവും നില്‍ക്കുന്ന ഭാവങ്ങളനുസരിച്ച് ആ ഭാവത്തിന്റെ ദോഷത്തിന് കാരണമാകും. തന്റെ കഴിവിന് അനുസരിച്ച് ജീവിതത്തില്‍ ഉയരുവാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നതാണ്.സര്‍പ്പദോഷമുള്ളവരും തിരുവാതിര, ചോതി, ചതയം നക്ഷത്രങ്ങളില്‍ ജനിച്ചവരും നിത്യവും സര്‍പ്പാരാധന നടത്തണം. ഭരണി, രോഹിണി, ആയില്യം,പൂരം, അത്തം, തൃക്കേട്ട, പൂരാടം, തിരുവോണം, രേവതി നക്ഷത്രജാതര്‍ രാഹുദശാ കാലത്ത് സര്‍പ്പ പ്രീതി വരുത്തണം. ഇതിന് നാഗ മന്ത്രജപം, വഴിപാടുകള്‍ എന്നിവയാണ് വേണ്ടത്.

ഇവര്‍ ആയില്യം നക്ഷത്രം, ഞായറാഴ്ച, നാഗപഞ്ചമി തുടങ്ങിയ നാഗപ്രീതിക്ക് ഉത്തമമായ ദിവസങ്ങളില്‍ വ്രതമെടുത്ത് നാഗക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നത് വളരെ നല്ലത്. നാഗസന്നിധികളില്‍ നടത്തുന്ന വഴിപാടുകളില്‍ ഏറ്റവും പ്രധാനം നൂറും പാലുമാണ്. എള്ളെണ്ണ, മഞ്ഞള്‍, ഭസ്മം, ഇളനീര്‍, പശുവിന്‍പാല്‍ എന്നിവ ഉപയേഗിച്ചുള്ള അഭിഷേകം ഉത്തമമാണ്. ശര്‍ക്കരപായസം, പാല്‍പ്പായസം, കൂട്ട്പായസം, ശര്‍ക്കരച്ചോറ്, വെള്ളനിവേദ്യം വഴിപാടുകളും സമര്‍പ്പിക്കാം. സര്‍പ്പരൂപങ്ങള്‍, മുട്ട, ചുവപ്പ് പട്ട് എന്നിവയുടെ സമര്‍പ്പണവും ദോഷ പരിഹാരമാണ്. ദിവസവും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്.

അഷ്ടനാഗ മന്ത്രങ്ങള്‍

ഓം അനന്തായ നമ:

ഓം വാസുകയേ നമ:

ഓം തക്ഷകായ നമ:

ഓം കാര്‍ക്കോടകായ നമ:

ഓം പത്മായ നമ:

ഓം മഹാപത്മായ നമ:

ഓം ശംഖപാലായ നമ:

ഓം ഗുളികായ നമ:

നാഗരാജ മൂലമന്ത്രം

ഓം നമ: കാമരൂപിണേ

മഹാബലായ നാഗാധിപതയേ നമ:

നാഗയക്ഷി മൂലമന്ത്രം

ഓം വിനായതനയേ വിശ്വനാഗേശ്വരി ക്ലീം

നാഗയക്ഷി യക്ഷിണീ സ്വാഹാനമ:

snake bites prevention matters in snake