അറിയാമോ 12 ഉടയ്ക്കല്‍ ചടങ്ങ്

അത്യുഗ്രദേവതയായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. വടക്കോട്ട് ദര്‍ശനം നല്‍കുന്ന ഭഗവതിയ്ക്ക് ഉപദേവതകളായി ഗണപതി, ശിവന്‍, അയ്യപ്പന്‍ എന്നിവര്‍ക്കും പ്രതിഷ്ഠകളുണ്ട്.

author-image
parvathyanoop
New Update
അറിയാമോ 12 ഉടയ്ക്കല്‍ ചടങ്ങ്

തിരുവനന്തപുരം നഗരഹൃദയത്തില്‍, മരുതംകുഴി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ദേവീക്ഷേത്രമാണ് ഉദിയന്നൂര്‍ ദേവീക്ഷേത്രം. അത്യുഗ്രദേവതയായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. വടക്കോട്ട് ദര്‍ശനം നല്‍കുന്ന ഭഗവതിയ്ക്ക് ഉപദേവതകളായി ഗണപതി, ശിവന്‍, അയ്യപ്പന്‍ എന്നിവര്‍ക്കും പ്രതിഷ്ഠകളുണ്ട്.

മരതകാന്തിയില്‍ നിന്നാണ് മരുതംകുഴി എന്ന പേരുണ്ടായതെന്നും പറയപ്പെടുന്നു. കിള്ളിയാറ്റിന്റെ കരയിലാണ് ക്ഷേത്രമുള്ളത്.ഉദിയന്നൂര്‍ ക്ഷേത്രത്തിലെ സവിശേഷ വഴിപാടാണ് അട. ഒരു അട, അരയട എന്നീ ക്രമത്തിലാണ് വഴിപാട് നടത്താറുള്ളത്. ഒരു അട ഏതാണ്ട് ആയിരത്തോളം വരും. ക്ഷേത്ര ഉടമസ്ഥതയിലുള്ള വയലില്‍ കൃഷി ചെയ്യുന്ന നെല്ലുകുത്തി പൊടിച്ചാണ് അട തയ്യാറാക്കുന്നത്.

ശര്‍ക്കരയും പഞ്ചസാരയും ഉപയോഗിക്കാറില്ല. അരിയും തേങ്ങയും പഴവും ചേര്‍ത്ത് വട്ടയിലയിലാക്കി പരമ്പരാഗത രീതിയിലാണ് അട പുഴുങ്ങിയെടുക്കുക.മേടത്തിലെ പുണര്‍തം നക്ഷത്രത്തിലാണ് ഉദിയന്നൂര്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല. പൊങ്കാലയോടെ പത്തുദിവസത്തെ ഉത്സവം തുടങ്ങും.

ഇവിടെ ക്ഷേത്രമേല്‍ശാന്തിയുടെ കാര്‍മികത്വത്തില്‍ 12 ഉടയ്ക്കല്‍ ചടങ്ങ് അഥവാ വിഘ്‌നേശ്വരന് 12 നാളികേരം പൂജാ സമയം ഉടയ്ക്കുന്ന ചടങ്ങ് നടത്തപ്പെടുന്നു.ഇത് എല്ലാ ശുക്ലഭക്ഷ ചതുര്‍ത്ഥി ദിവസം ഭക്തന്റെ ജാതകപ്രകാരം 12 രാശികളിലായി സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങള്‍ അനുകൂലമാകുന്നതിനും ഗ്രഹപ്പിഴകള്‍ മാറുന്നതിനും വിഘ്‌നങ്ങള്‍ അകന്ന് അഭീഷ്ട്ട കാര്യ പ്രാപ്തിയ്ക്കും വേണ്ടി ശ്രീ വിഘ്‌നേശ്വരന് പന്ത്രണ്ട് നാളികേരം പൂജാ മദ്ധ്യേ ഉടയ്ക്കുന്ന പ്രത്യേക വഴിപാടാണ് ഇത്. ഈ വര്‍ഷത്തെ 12 ഉടയ്ക്കല്‍ വിശേഷാല്‍ പൂജയുടെ പൂജ തീയതികള്‍ സെപ്റ്റംബര്‍ 29 ,ഒക്ടോബര്‍ 28, നവംബര്‍ 27, ഡിസംബര്‍ 26 എന്നീ ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

ഈ പൂജയ്ക്ക് ആവശ്യമായ 12 നാളികേരത്തിന്റെ നിരക്ക് 300 രൂപയും 12 നാളികേരവും ഭക്തര്‍ നേരിട്ട് സമര്‍പ്പിച്ചാല്‍ വഴിപാട് നിരക്ക് 100 രൂപയും ആണ്.പൂജാ സമയം രാവിലെ 9 മണിക്ക്.ഈ വഴിപാട് ചെയ്യേണ്ട ഭക്തര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ക്ഷേത്ര കൗണ്ടറില്‍ നേരിട്ട് ബന്ധപ്പെടുക.

ക്ഷേത്ര ഐതിഹ്യം

180 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരുതുംകുഴിയിലെ ഉദിയന്നൂര്‍ കുടുംബത്തില്‍ നീലകണ്ഠന്‍ എന്നൊരു ദേവീഭക്തനുണ്ടായിരുന്നു.ദേവിയുടെ തിരുമുടി ഒഴുകി വരുന്നതായി കുട്ടിക്കാലത്ത് നീലകണ്ഠന് സ്വപ്നദര്‍ശനമുണ്ടായി. തിരുമുടി തേടി നീലകണ്ഠന്‍ കിള്ളിയാറിന്റെ കരയിലെത്തി. കരവിഞ്ഞൊഴുകുന്ന കിള്ളിയാറ്റിലെടുത്തുചാടി, ഒഴുകിവന്ന വിഗ്രഹം (തിരുമുടി) കൈക്കലാക്കി.

എന്നാല്‍ ജലപ്രവാഹത്തിലെ ചുഴിയിലകപ്പെട്ട് നീലകണ്ഠനെ കാണാതായി. കിള്ളിയാറ്റില്‍ മുങ്ങിപ്പോയെന്ന് എല്ലാവരും കരുതി. എന്നാല്‍ ആ കുട്ടി ഏഴാംനാള്‍ തിരുമുടിയുമായി വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.വിഗ്രഹം വീട്ടിലെ പെട്ടിയില്‍ സൂക്ഷിച്ചുവച്ചു. വര്‍ഷത്തിലൊരിക്കല്‍ വീടിന്റെ ഒരു ഭാഗത്ത് മുടിപ്പുരകെട്ടി പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നത് പതിവാക്കി.

ദേവിക്ക് അടയാണ് ആദ്യമായി നിവേദിച്ചിരുന്നത്. ഈ നിവേദ്യം ഇന്നും തുടരുന്നു. ആദ്യകാലത്ത് നീലകണ്ഠ ഗുരുപാദര്‍ തന്നെയാണ് പൂജാദികര്‍മ്മങ്ങള്‍ ചെയ്തു പോന്നിരുന്നത്. പിന്നീട് പിന്‍തലമുറക്കാരായി. സ്ഥിരം ക്ഷേത്രമുണ്ടായതോടെ ബ്രാഹ്മണ പൂജയുമായി.

Thiruvananthapuram udayanoor devi temple