തിരുപ്പതി ദര്‍ശനം ഭാഗ്യമരുളും

By ബി.ആര്‍.ശുഭലക്ഷ്മി.13 Mar, 2018

imran-azhar

തിരുപ്പതി ഭഗവാനെ ദര്‍ശിച്ചാല്‍ സര്‍വ്വദുരിതങ്ങളും പീഡകളും അകലുകയും ഭാഗ്യം തെളിയുകയും ചെയ്യുമെന്നാണ് വിശ്വാസം. തിരുപ്പതി വെങ്കടാചലസ്വാമി ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ അഞ്ചു വിഗ്രഹങ്ങളാണുളളത്. ഓരോ പ്രതിഷ്ഠയെയും കുറിച്ച് വിശദമായി ചുവടെ:

1.വെങ്കടേശ്വരസ്വാമി
പ്രധാന പ്രതിഷ്ഠ തിരുപ്പതി ബാലാജിയെന്നും ശ്രീനിവാസനെന്നും അറിയപ്പെടുന്നു. ധ്രുവബേരം എന്നാണ് തെലുങ്കില്‍ പറയുക. മൂലവിഗ്രഹമെന്ന് സാരം. എട്ടടി ഉയരമുളള വെങ്കടേശ്വരനാണിത്. ശ്രീമഹാവിഷ്ണുവിന്‍റെ കലിയുഗാവതാരമായാണ് തിരുപ്പതി വെങ്കടേശ്വരന്‍ അറിയപ്പെടുന്നത്. കലിയുഗ പ്രത്യക്ഷദൈവമെന്നും അറിയപ്പെടുന്നു.

 

 

 

2. മലയപ്പസ്വാമി

 


മൂലവിഗ്രഹത്തിന്‍റെ ഇടതുഭാഗത്താണ് മഹാലക്ഷ്മിയും, പത്മാവതിയും; അതായത് ശ്രീദേവി, ഭൂദേവി സമേതനായ മലയപ്പസ്വാമിയുടെ സ്ഥാനം. ഇതാണ് ഉത്സവവിഗ്രഹം. ഉത്സവകാലത്ത് പുറത്തെഴുന്നളളിക്കുന്നത് ഈ വിഗ്രഹമാണ്. ആദ്യകാലത്ത് ഉഗ്രശ്രീനിവാസന്‍റെ വിഗ്രഹമായിരുന്നു പുറത്തെഴുന്നെള്ളിച്ചിരുന്നത്. ആ സമയത്ത് ക്ഷേത്രത്തില്‍ പതിവായി അഗ്നിബാധയുണ്ടായി. ഉഗ്രമൂര്‍ത്തി ഭാവത്തിലുളള ശ്രീനിവാസനെ എഴുന്നള്ളിക്കുന്നതുകൊണ്ടാണ് അഗ്നിബാധയെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് ഭക്തര്‍ വെങ്കടേശ്വരനോട് തന്നെ പരിഹാരത്തിന് പ്രാര്‍ത്ഥിച്ചു. സ്വപ്നദര്‍ശനത്തിലെ ഭഗവാന്‍റെ അരുളപ്പാടനുസരിച്ച് അന്വേഷണം തുടര്‍ന്ന ഭക്തര്‍ തിരുമലയിലെ ഒരു ഗുഹയില്‍ രണ്ടു ദേവിമാരോട് കൂടിയ ഭഗവാന്‍റെ വിഗ്രഹം കണ്ടെത്തി. മലയില്‍ കണ്ടെത്തിയ സ്വാമിയെ ഭക്തര്‍ മലയപ്പസ്വാമി എന്നുവിളിച്ചു. മലയപ്പസ്വാമിയെ കണ്ടെത്തിയ ഗുഹ ‘മലയപ്പകോനെയ്' എന്നാണ് അറിയപ്പെടുന്നത്. മലയപ്പസ്വാമിയെ ഉത്സവവിഗ്രഹമാക്കിയ ശേഷം യാതൊരു അനിഷ്ടസംഭവങ്ങളുംക്ഷേത്രത്തിലുണ്ടായിട്ടില്ല. മലയപ്പസ്വാമിയുടെ വരവോട് കൂടിയാണ് നിത്യകല്യാണഘോഷം, സഹസ്ര ദീപാലങ്കാരസേവ, ആര്‍ജ്ജിത ബ്രഹ്മോത്സവം, നിത്യോത്സവം, ഡോലോത്സവം തുടങ്ങിയ ആചാരങ്ങള്‍ തുടങ്ങിയത് .

 

3. ഭോഗ ശ്രീനിവാസന്‍

 

 


ഭഗവാന്‍ വിഷ്ണുതന്നെയാണ് ഭോഗ ശ്രീനിവാസന്‍. മൂലവിഗ്രഹത്തിന് താഴെ മധ്യഭാഗത്താണ് പ്രതിഷ്ഠ. വെങ്കടേശ്വരനെ സങ്കല്പിച്ചുളള വഴിപാടുകള്‍ അതായത് മൂലവിഗ്രഹത്തില്‍ നടത്താനാകാത്ത അര്‍ച്ചനകള്‍, അഭിഷേകങ്ങള്‍ തുടങ്ങിയവ സമര്‍പ്പിക്കുന്നത് ഭോഗശ്രീനിവാസ വിഗ്രഹത്തിലാണ്. അത്തരത്തില്‍ ഭക്തരാല്‍ സമര്‍പ്പിക്കപ്പെടുന്ന വഴിപാടുകള്‍ സ്വീകരിക്കുന്നത് അഥവാ ഭോഗിക്കുന്നത് കൊണ്ടാണ് ഭോഗശ്രീനിവാസന്‍ എന്ന പേരുവന്നത്. ഒരടി നീളമുളള ഈ വെളളിവിഗ്രഹം ക്ഷേത്രത്തിന് സമര്‍പ്പിച്ചത് പല്ലവരാജാവായിരുന്ന ശക്തി വികടന്‍റെ പത്നി കടവൈ പെരുന്തേവിയാണ്. എ.ഡി.614 ~ല്‍ ആണ് വിഗ്രഹം ക്ഷേത്രത്തിന് സമര്‍പ്പിക്കപ്പെട്ടത്. മലയപ്പസ്വാമിയെ പോലെ തന്നെ ഈ വിഗ്രഹവും ശ്രീകോവിലില്‍ ഉറപ്പിച്ചിട്ടില്ല. എന്നാല്‍ പ്രതിഷ്ഠ കഴിഞ്ഞ അന്നുമുതല്‍ ഇന്നുവരെ വിഗ്രഹം ശ്രീകോവിലില്‍ നിന്ന് അനക്കിയിട്ടില്ല.

 

4. ഉഗ്രശ്രീനിവാസന്‍

 

 


ഭഗവാന്‍റെ ഉഗ്രഭാവത്തിലുളള പ്രതിഷ്ഠ. വെങ്കടേശ്വരന്‍റെ വലതുഭാഗത്താണ് സ്ഥാനം. പാല്, തൈര്, നെയ്യ്, ചന്ദനം, മഞ്ഞള്‍ തുടങ്ങിയവ കൊണ്ട് നിത്യവും അഭിഷേകം ചെയ്യപ്പെടുന്നതിനാല്‍ സ്നാനവിഗ്രഹമെന്നും അറിയപ്പെടുന്നു. ഭഗവാന്‍റെ കോപം തണുപ്പിക്കാന്‍ ഭക്തര്‍ ഇവിടെ അഭിഷേകവഴിപാട് കഴിപ്പിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ കൈഷിക ദ്വാദശി ദിവസം മാത്രമാണ് ഈ വിഗ്രഹം പുറത്തിറക്കുന്നത്.

 

5. കൊലുവു ശ്രീനിവാസന്‍

 

 


ക്ഷേത്രസന്പത്തിന്‍റെ രക്ഷാധികാരിയാണ് കൊലുവുശ്രീനിവാസനെന്നാണ് വിശ്വാസം. പഞ്ചലോഹനിര്‍മ്മിതമാണ് വിഗ്രഹം. ബലിവിഗ്രഹമെന്നും ഈ വിഗ്രഹം അറിയപ്പെടുന്നു. നിത്യവും ലഭിക്കുന്ന കാണിക്കകളുടെ കണക്കുകള്‍ കൊലുവു ശ്രീനിവാസനുമുന്നില്‍ സമര്‍പ്പിക്കുന്നു. എല്ലാവര്‍ഷവും ജൂലായില്‍ ദക്ഷിണായനസംക്രമദിനത്തില്‍ സാന്പത്തികവര്‍ഷാവസാനത്തെ സൂചിപ്പിക്കുന്ന ചടങ്ങായ അണിവര്‍ അസ്ഥാനം ക്ഷേത്രത്തില്‍ ആചരിക്കുന്നു.