ഈ മന്ത്രങ്ങളാല്‍ സുബ്രഹ്മണ്യ ഭജനം ചെയ്താല്‍ തീര്‍ച്ചയായും ഭഗവത് അനുഗ്രഹം

പരബ്രഹ്മസ്വരൂപനായ മുരുകനെ അറിവിന്റെ മൂര്‍ത്തി എന്ന അര്‍ത്ഥത്തില്‍ 'ജ്ഞാനപ്പഴം' എന്ന് വിശേഷിപ്പിക്കാറുണ്ട്.

author-image
parvathyanoop
New Update
ഈ മന്ത്രങ്ങളാല്‍ സുബ്രഹ്മണ്യ ഭജനം ചെയ്താല്‍ തീര്‍ച്ചയായും ഭഗവത് അനുഗ്രഹം

സുബ്രഹ്മണ്യന്‍. കാര്‍ത്തികേയന്‍, മുരുകന്‍, കുമാരന്‍, സ്‌കന്ദന്‍, ഷണ്മുഖന്‍, വേലായുധന്‍, ആണ്ടവന്‍, ശരവണന്‍ എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടാറുണ്ട്. പ്രാചീന സിദ്ധവൈദ്യന്മാരുടെ ആരാധനാമൂര്‍ത്തിയും മുരുകന്‍ ആണെന്ന് കരുതപ്പെടുന്നു. 'സ്‌കന്ദബോധിസത്വന്‍' എന്ന പേരില്‍ ബൗദ്ധര്‍ മുരുകനെ ആരാധിക്കാറുണ്ട്. തമിഴ് കടവുള്‍ (തമിഴരുടെ ദൈവം) എന്നൊരു വിശേഷണവും സുബ്രഹ്മണ്യന് ഉണ്ട്. പരബ്രഹ്മസ്വരൂപനായ മുരുകനെ അറിവിന്റെ മൂര്‍ത്തി എന്ന അര്‍ത്ഥത്തില്‍ 'ജ്ഞാനപ്പഴം' എന്ന് വിശേഷിപ്പിക്കാറുണ്ട്.

പാര്‍വതീപരമേശ്വരന്മാരുടെ പുത്രനായ സുബ്രഹ്മണ്യ സ്വാമിക്ക് പ്രാധാന്യമുള്ള ദിനമാണ് എല്ലാ വാരത്തിലെയും ചൊവ്വാഴ്ച ദിനം. അതോടൊപ്പം ഭഗവാന് അതി വിശേഷമായ വിശാഖം നക്ഷത്രം കൂടി ചേര്‍ന്നു വരുന്ന അതിവിശിഷ്ടമായ ദിനമാണ് നാളെ. അന്നേദിവസം സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം നടത്തുന്നതും സുബ്രഹ്മണ്യ പ്രീതികരമായ മന്ത്രങ്ങള്‍ ജപിക്കുന്നതും ഉദ്ദിഷ്ട ഫലദായകമാണ്. കുമാരസൂക്ത പുഷ്പാഞ്ജലി , പാല്‍ അഭിഷേകം എന്നിവ വഴിപാടായി സമര്‍പ്പിക്കുന്നതും ഉത്തമം.

ജ്യോതിശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്‌നം രണ്ടിലോ ഏഴിലോ എട്ടിലോ നില്‍ക്കുന്നവര്‍ക്കും, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ചൊവ്വാ പ്രീതി വരുത്തേണ്ടത് അനിവാര്യമാണ്.പൊതുവേ സുബ്രഹ്മണ്യപ്രീതികരമായ മന്ത്രങ്ങള്‍ 21 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. സുബ്രഹ്മണ്യ സ്വാമിയുടെ മൂലമന്ത്രമായ ''ഓം വചദ്ഭുവേ നമ:'' സുബ്രഹ്മണ്യരായമായ ''ഓം ശരവണ ഭവ:'' എന്നിവ ചൊവ്വാഴ്ചകളില്‍ 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്.

സൂര്യോദയത്തിനു മുന്നേ കുളികഴിഞ്ഞു വിളക്ക് തെളിയിച്ചു ഗണപതിയേയും സൂര്യഭഗവാനെയും വന്ദിച്ചശേഷം സുബ്രഹ്മണ്യഗായത്രി ജപിക്കാവുന്നതാണ്. സുബ്രഹ്മണ്യ ഗായത്രി ഭക്തിയോടെ ജപിച്ചാല്‍ ചൊവ്വയുടെ ദോഷഫലങ്ങള്‍ നീങ്ങുകയും സന്താനങ്ങള്‍ക്കു ഉയര്‍ച്ചയും ഉണ്ടാവുമെന്നാണ് വിശ്വാസം.സുബ്രഹ്മണ്യ ഗായത്രി,'സനല്‍ക്കുമാരായ വിദ്മഹേഷഡാനനായ, ധീമഹീതന്വോ സ്‌കന്ദ: പ്രചോദയാത്''. ദിനത്തിലും ചൊവ്വാഴ്ചകളിലും ഭഗവാനെ മനസ്സില്‍ വന്ദിച്ചുകൊണ്ടു ധ്യാനശ്ലോകം ജപിക്കുന്നത് ഉത്തമം. ശ്ലോകത്തിന്റെ അര്‍ഥം മനസ്സിലാക്കി ജപിക്കുമ്പോള്‍ ഭഗവല്‍ രൂപം മനസ്സില്‍കണ്ടുകൊണ്ടുവേണം ധ്യാനശ്ലോകം ജപിക്കാന്‍.

ധ്യാനശ്ലോകം

''സ്ഫുരന്‍മകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-

സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം

ദധാനമഥവാ കടീകലിതവാമഹസ്‌തേഷ്ടദം

ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം''

കുടുംബ ഐക്യത്തിനും ഐശ്വര്യത്തിനുമായി ജപിക്കേണ്ട മുരുകമന്ത്രം:

''ഓം വല്ലീദേവയാനീ സമേത

ദേവസേനാപതീം കുമാര ഗുരുവരായ സ്വാഹാ''

രോഗദുരിതശാന്തിക്കായി ജപിക്കേണ്ട മുരുകമന്ത്രം:

''ഓം അഗ്‌നികുമാര സംഭവായ

അമൃത മയൂര വാഹനാരൂഡായ

ശരവണ സംഭവ വല്ലീശ

സുബ്രഹ്മണ്യായ നമ:''

 

 

 

 

 

 

 

 

 

 

 

Subrahmanya Bhajan blessings