തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തില്‍ കര്‍ക്കടക ചോതി ഉത്സവം

By Subha Lekshmi B R.31 Jul, 2017

imran-azhar

കൊടുങ്ങല്ളൂര്‍: തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ കര്‍ക്കടക ചോതി ഉല്‍സവത്തിനു തുടക്കമായി. ഉത്സവം ആഘോഷിക്കുന്ന തമിഴ് ഭക്തര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍നിന്നു തിരുവഞ്ചിക്കുളം ക്ഷേത്രത്തിലേക്കു ഘോഷയാത്രയായി എത്തിയതോടെയാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്.

 

ശിവഭക്തരും ഉറ്റചങ്ങാതിമാരുമായിരുന്ന ചേരമാന്‍ പെരുമാളും സുന്ദരമൂര്‍ത്തി നയനാരും തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തില്‍ വച്ച് ഉടലോടെ കൈലാസം പൂകിയെന്നാണ് വിശ്വാസം. ഇതിന്‍റെ ഓര്‍മ്മ നിലനിര്‍ത്താനായാണ് കോയന്പത്തൂര്‍ ചേക്കിഴാര്‍ തിരുക്കൂട്ടത്തിന്‍റെ നേതൃത്വത്തില്‍ തമിഴ് ഭക്തര്‍ ഉത്സവത്തിനെത്തുന്നത്. തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ പൂജ നടത്തുന്ന ചേരമാന്‍ പെരുമാളിന്‍റെയും സുന്ദരമൂര്‍ത്തി നയനാരുടെയും പഞ്ചലോഹ വിഗ്രഹം ഭക്തര്‍ ഇന്നലെ ഏറ്റുവാങ്ങി. തുടര്‍ന്നു ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെത്തിച്ചു വിശേഷാല്‍ പൂജകള്‍ നടത്തി. അലങ്കരിച്ച മരം കൊണ്ടുണ്ടാക്കിയ വെള്ളാനപ്പുറത്ത് സുന്ദരമൂര്‍ത്തീ വിഗ്രഹവും വെള്ളക്കുതിരപ്പുറത്ത് ചേരമാന്‍ പെരുമാളിന്‍റെ വിഗ്രഹവും ഇരുത്തി വാദ്യമേളങ്ങളുടെയും തേവാര ഗീതങ്ങളുടെയും അകന്പടിയോടെ തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെത്തി.

 

ചോതിദിനമായ ഇന്ന് തിരുവഞ്ചിക്കുളം ക്ഷേത്രത്തിന്‍െറ വടക്കേ നടയില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ പൂജവയ്ക്കും. തുടര്‍ന്നു പ്രസാദ് ഊട്ട്. ചോതി ആഘോഷത്തിനായി ഒട്ടേറെ ഭക്തര്‍ ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. തൃക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് തമിഴ് ഭക്തര്‍ മടങ്ങുക.

loading...