ഈ വര്‍ഷം നിങ്ങള്‍ക്ക്....സന്പൂര്‍ണ്ണ കൊല്ലവര്‍ഷഫലം

By Subha Lekshmi B R.24 Aug, 2017

imran-azhar

1,10,19,28 തീയതികളില്‍ ജനിച്ചവര്‍
തിരിച്ചറിവിന്‍റെ വര്‍ഷം

വ്യക്തിപരമായി വളരെ ശ്രദ്ധിക്കേണ്ട വര്‍ഷം.  ജോലി, കുടുംബ ജീവിതം, ഹോബികള്‍ എന്നിവയില്‍ ഏകാഗ്രത പ്രദര്‍ശിപ്പിച്ചാല്‍ അത്ഭുതകരമായ ഫലസിദ്ധി പ്രതീക്ഷിക്കാവുന്ന വര്‍ഷം.  പുതിയ ജോലി, പുതിയ ഉത്തരവാദിത്തം, പുതിയ സുഹൃത്തുക്കള്‍ ഇവയൊക്കെ ഈ വര്‍ഷത്തിന്‍റെ അനുഗ്രഹങ്ങളായി കണക്കാക്കുക.  ഭൂതകാലം മറന്ന് ഭാവിയില്‍ ശ്രദ്ധിക്കുക.  ഒരുപക്ഷേ,  അനഭിലഷണീയങ്ങളെന്ന് ആദ്യം വിലയിരുത്തപ്പെടുന്ന മാറ്റങ്ങള്‍പോലും ഈ വര്‍ഷം അവസാനിക്കുന്നതിനു മുന്പ് വളരെ അനുകൂലമാണെന്ന് നിങ്ങള്‍ തിരിച്ചറിയും.  അടുത്ത മാര്‍ച്ചിനുമുന്പ് എല്ലാ അനിശ്ചിതത്വങ്ങളും അപ്രതീക്ഷിതമായി മാറി മുന്നോട്ടുള്ള പാത തെളിയും.  ചിങ്ങം മുതല്‍ തുലാം വരെ പുതിയ പ്രോജക്ടുകള്‍ തുടങ്ങാം.  നിങ്ങളുടെ അഭ്യുദയത്തില്‍ ആനന്ദം കണ്ടെത്തുകയും വിഷമഘട്ടങ്ങളില്‍ സന്ദര്‍ഭോചിതവും സമയോചിതവുമായ ഉപദേശങ്ങള്‍ നല്‍കി ക്ളേശങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുന്ന നാലഞ്ചു സുഹൃത്തുക്കള്‍ ഉണ്ടായിവരും.  ധാര്‍ഷ്ട്യവും ഔദ്ധത്യവും വെടിഞ്ഞ് അവരെ ഉള്‍ക്കൊള്ളുക.  ലത, കിരണ്‍, അദ്വൈത്, ലൌലി, ഫ്രാന്‍സിസ്, മുരളീധരന്‍, അപ്പു, നിഷാന്ത്, നയ എന്നിങ്ങനെ ചില വ്യക്തികളെ പരിചയപ്പെടും. ചിങ്ങം, തുലാം, ധനു, കുംഭം മാസങ്ങള്‍ നന്നായിരിക്കും. വൃശ്ചികം, മകരം, മീനം, ഇടവം മാസങ്ങളില്‍ വെല്ലുവിളികള്‍ സംഘര്‍ഷങ്ങള്‍, ത്വക്രോഗങ്ങള്‍, കണ്ണുകള്‍ക്കും ഉദരത്തിനും അസുഖങ്ങള്‍ ഇവ പ്രതീക്ഷിക്കാം.  വിമാനയാത്രകള്‍, ശസ്ത്രക്രിയകള്‍ ഇവ വേണ്ടിവരും.  ജോലിപരമോ, സാന്പത്തികസഹായവുമായി ബന്ധപ്പെട്ടോ വലിയ ഒരു ഓഫര്‍ ഇടവ മാസത്തില്‍ കിട്ടിയേക്കും.  ചിട്ടി, ലോട്ടറി ഇവകള്‍ കിട്ടാന്‍ സാദ്ധ്യത.  ശിവനെ തിങ്കളാഴ്ചയും ഹനുമാനെ വ്യാഴാഴ്ചയും ഭജിക്കുക.  തേജസ്വിയായ ഒരു സന്യാസിയെ കണ്ടുമുട്ടും.

 

2,11,20,29 തീയതികളില്‍ ജനിച്ചവര്‍
യാത്രകളുടെ വര്‍ഷം, അനുഭവങ്ങളുടെയും

കഴിഞ്ഞ വര്‍ഷം നല്‍കിയ ചില വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഈ വര്‍ഷം നിങ്ങള്‍ക്കു സാധിക്കും.  കാര്യങ്ങള്‍ ഉദ്ദേശിച്ച വേഗതയോടെ മുന്നോട്ടു നീങ്ങുന്നില്ല എന്നു കാണുന്പോള്‍ നിരാശപ്പെടാതെ ക്ഷമയോടെ ശ്രമം തുടരുക.  വൃശ്ചികം, ധനു, മകരം മാസങ്ങളില്‍ വിജയത്തിളക്കം പ്രതീക്ഷിക്കാം.  സുപ്രധാന പ്രോജക്ടുകള്‍ക്കോ, തീരുമാനങ്ങള്‍ക്കോ പറ്റിയ വര്‍ഷമല്ല 1193.  കൂടെയുള്ളവരും സഹപ്രവര്‍ത്തകരും നിങ്ങളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകുമോ എന്ന കാര്യത്തില്‍ സംശയമുള്ളതിനാല്‍ വേറെ ചിലരെ അണിനിരത്തി കാര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള നയവും തഞ്ചവും പ്രദര്‍ശിപ്പിക്കേണ്ടിവരും.  പ്രണയജീവിതത്തില്‍ അല്ലലുകളുണ്ടാകും.  പുതിയ മേല്‍വിലാസത്തില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തുടങ്ങേണ്ടതില്ല.  ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടാന്‍ ഈ വര്‍ഷം നല്ലതാണ്.  പില്‍ക്കാല വിജയത്തിന് സാദ്ധ്യതകളുണ്ട്.  ധാരാളം യാത്രചെയ്യും.  ഗള്‍ഫ്, യൂറോപ്പ്, ശ്രീലങ്ക, കാനഡ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇവിടേക്കായിരിക്കും കൂടുതല്‍ യാത്രകളും. ശിവതജന്‍, കണ്ണമ്മ, വിനീത്, ഗോപി, ശശീന്ദ്രന്‍, നാസര്‍, പരശുരാമന്‍, സതീഷ്, ഗിരിജ, അഫ്സല്‍, പ്രിയങ്ക, ഏലിയാമ്മ എന്നീ വ്യക്തികളെ പരിചയപ്പെടും.  കറുത്തു മെലിഞ്ഞു കണ്ണാടിവെച്ച ഒരു സ്ത്രീ ജീവിതത്തിലേക്കു കടന്നുവരും.  ധ്രുവപ്രദേശങ്ങള്‍, റഷ്യ, നോര്‍വ്വെ, ഐസ്്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും.  ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല വര്‍ഷം.  അന്തര്‍ദ്ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് അന്താരാഷ്ട്ര പ്രശസ്തി പിടിച്ചുപറ്റും.  സഹോദരി പ്രസവിക്കും.  കുടുംബത്തില്‍ വിവാഹം തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ നടക്കും.  മീനം, മേടം, തുലാമാസങ്ങള്‍ നേട്ടങ്ങളുടെ മാസമായി പരിഗണിക്കാം.  ശിവലിംഗ പ്രതിഷ്ഠയ്ക്ക് സംഭാവന നല്‍കും.  ഉദരാസ്വാസ്ഥ്യം, തൊലിപ്പുറത്ത് ചൊറിച്ചില്‍, കണ്ണിന് അസ്വസ്ഥത ഇവയ്ക്ക് സാദ്ധ്യത.  ഒരു അവാര്‍ഡ് ലഭിക്കും.  കുംഭം, ഇടവം ക്ളേശഭരിതം.  സഹപാഠികളും, അദ്ധ്യാപകരും സഹായിക്കുന്ന വര്‍ഷം.  ശിവനെയും, സൂര്യനെയും ഉപാസിക്കുക.  രുദ്രവും ചമകവും ജപിക്കുക.

3,12,21,30 തീയതികളില്‍ ജനിച്ചവര്‍
ഫലസിദ്ധിയുടെ വര്‍ഷം

കഴിഞ്ഞകാലപരിശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നത് ഈ വര്‍ഷത്തിലായിരിക്കും.  പൊതുജനങ്ങള്‍ ശ്രദ്ധിക്കുന്നവിധം കാര്യമായ രാഷ്ട്രീയസാമൂഹ്യസാംസ്ക്കാരിക പ്രവര്‍ത്തങ്ങളില്‍ നിങ്ങള്‍ മുഴുകും.  ചിങ്ങം, തുലാം, വൃശ്ചികം, മകരം, കുംഭം, ഇടവം മാസങ്ങള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ വിജയങ്ങള്‍ സമ്മാനിക്കും.  അവിവാഹിതനെങ്കില്‍ ഈ വര്‍ഷം വിവാഹം നിശ്ചയം.  പുതിയ കാമുകന്‍, കാമുകി, സുഹൃത്ത്, പുതിയ പ്രവര്‍ത്തനമണ്ഡലം ഇവയ്ക്കൊക്കെ സാദ്ധ്യത.  മിഥുനം ആനന്ദപ്രദായകമായ ഒരു മാസമായിരിക്കും.  വരുന്ന മൂന്നുകൊല്ലം ഇപ്പോള്‍ തുടങ്ങുന്ന മാനസികബന്ധങ്ങളും ബിസിനസ്   പാര്‍ട്ണര്‍ഷിപ്പുമെല്ലാം നന്നായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും.  പുതിയ ഒരു പ്രതിച്ഛായ സൃഷ്ടിച്ചെടുക്കണമെന്നും പുതിയ പാതകള്‍ വെട്ടിത്തുറക്കണമെന്നും നിങ്ങള്‍ക്ക് തോന്നും.  ചിട്ടികള്‍, ലോട്ടറികള്‍ എന്നിവ വഴിയും മാതാപിതാക്കള്‍ എഴുതിവയ്ക്കുന്ന ഓഹരി മുഖേനയും ധനാഗമന മാര്‍ഗ്ഗങ്ങള്‍ തുറന്നുകിട്ടും.  തിരുവോണം, വിശാഖം, ഉതൃട്ടാതി, അവിട്ടം, രേവതി, ഭരണി നക്ഷത്രങ്ങള്‍ സഹായിക്കും.   ആയില്യം, ചോതി, പൂരാടക്കാര്‍ ഉപദ്രവിച്ചേക്കാം.  കന്നി, മേടം, ഇടവം, കര്‍ക്കടകം, മാസങ്ങളില്‍ സ്ഥാനലബ്ധി, അംഗീകാരം എന്നിവ നിശ്ചയമായും കിട്ടും. പുത്രിക്ക് സന്താനഭാഗ്യം, പുത്രന് വിദ്യാഭ്യാസത്തില്‍ അത്യുന്നത നിലവാരം ഇവ പ്രതീക്ഷിക്കാം.  മേരി, വിന്‍സെന്‍റ്, സലാഹുദ്ദീന്‍, ഷീബ, രാജന്‍, ഗോമതി, സിതാര, സിന്ധു, വേണുഗോപാല്‍, സിദ്ധാര്‍ത്ഥന്‍ എന്നീ വ്യക്തികള്‍ ഈ വര്‍ഷം കാര്യമായ സ്വാധീനം ചെലുത്തും.  മഹാസുദര്‍ശനമന്ത്രം ജപിക്കുക, ഭാഗവതപാരായണം, വിഷ്ണുസഹസ്രനാമം ചൊല്ലല്‍ ഇവ നല്ലത്.  ഉദരരോഗങ്ങള്‍, നേത്രരോഗങ്ങള്‍, നെഞ്ചുവേദന, കാല്‍മുട്ടുകള്‍ക്ക് അസുഖം ഇവയ്ക്ക് സാദ്ധ്യത.  ഒരു ദിവ്യമായ ആദ്ധ്യാത്മികാനുഭൂതിക്ക് ചിങ്ങമാസത്തില്‍ സാദ്ധ്യത.  പണം കടംനല്‍കി ഒരാളെ സഹായിക്കും.  ശിവലിംഗപ്രതിഷ്ഠാ കര്‍മ്മത്തിന് സാക്ഷിയാകും.  ആസ്പത്രിയില്‍ കൂട്ടിരിക്കും.

 

4,13,22 തീയതികളില്‍ ജനിച്ചവര്‍
ധനപ്രാപ്തിക്കുള്ള യത്നങ്ങള്‍

ഭൌതികമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനാണ് ഈ വര്‍ഷം വിനിയോഗിക്കേണ്ടത്. സാമൂഹിക ജീവിതത്തില്‍ നിന്നും ഒഴിഞ്ഞുനിന്നുകൊണ്ട് ധനമുണ്ടാക്കുന്നതിലേക്കും ബിസിനസ്. താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലേക്കും ശ്രദ്ധ തിരിച്ചുവിടേണ്ട സന്ദര്‍ഭമാണിത്.  അനാവശ്യകാര്യങ്ങള്‍ക്കായി സമയം പാഴാക്കാതെ നന്നായി പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഭാവിയില്‍ വിജയം ഉറപ്പാക്കാനായി അശ്രാന്തപരിശ്രമം അനിവാര്യമായി വരുന്ന ഒരു കാലഘട്ടമാണിത്.  കഴിഞ്ഞകാല അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഒരു പുതിയ തുടക്കത്തിന് സന്നദ്ധനാകണം.  പൈസയോട് അമിതാഭിനിവേശമോ ആര്‍ത്തിയോ വേണ്ട എങ്കിലും കാശ് പരമാവധി ചുരുക്കി ചെലവഴിക്കാനും ആഡംബരവും ധൂര്‍ത്തും ഒഴിവാക്കാനും യത്നിക്കണം.  ചിങ്ങം, തുലാം, ധനു, മകരം, മേടം മാസങ്ങളില്‍ പണച്ചെലവു പ്രതീക്ഷിക്കാം. സഹോദരിയുടെ വിവാഹം, മാതാപിതാക്കളുടെ രോഗങ്ങള്‍, മകന്‍റെ പഠിത്തം, വീടുപണി എന്നിവയുമായി ബന്ധപ്പെട്ട് നല്ല ചെലവുണ്ടാകും.  അതുകൊണ്ട് വീട്ടില്‍ നിന്നു തന്നെ സാന്പത്തിക ക്രമീകരണങ്ങള്‍ തുടങ്ങണം.  മാറ്റങ്ങള്‍ക്ക് തുടക്കമിടുന്പോള്‍ നിങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമായി മാറും.  നിങ്ങളുടെ ഉടുപ്പിലും നടപ്പിലും രൂപത്തിലും ഭാവത്തിലുമെല്ലാം നല്ല മാറ്റങ്ങള്‍ ഉണ്ടാകും.  ഗോപാലകൃഷ്ണന്‍, വിവേക്, സിനി, മാക്സ്വെല്‍, ശ്രീകണ്ഠന്‍, ലത, ഗോവിന്ദ്, രാമഭദ്രന്‍ എന്നീ പേരുകള്‍ ഒര്‍ക്കുക.  ഉദരം, ശ്വാസകോശങ്ങള്‍, ഇടത്തെ കൈകാലുകള്‍, കരള്‍, മൂത്രാശയം ഇവയ്ക്ക് അസുഖങ്ങള്‍ വന്നേക്കാന്‍ സാദ്ധ്യത.  തിരുവാതിര, അശ്വതി, പുണര്‍തം, ആയില്യം നക്ഷത്രക്കാര്‍ സഹായിക്കും.  രേവതി, അത്തം, പൂരാടക്കാര്‍ ശല്യപ്പെടുത്തിയേക്കും.  ഒരു ദേവീക്ഷേത്രത്തിന്‍റെ പുനരുദ്ധാരണത്തിന് 25000 രൂപ സംഭാവന ചെയ്യും.  വീടിന്‍റെ ചുറ്റുമുള്ള മതിലിനും അടുക്കളയ്ക്കും പണികള്‍ വരും.  ട്രെയിന്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെടുന്ന രോഹിണിക്കാരിയായ വെളുത്ത സ്ത്രീ ജീവിതത്തെ സ്വാധീനിക്കും.  ഗണപതിയെ ഭജിക്കുക.  ഗണേശാഷ്ടകം ചൊല്ലുക.  25 വര്‍ഷങ്ങള്‍ക്കുശേഷം ഒരു സുഹൃത്തിനെ മീനമാസത്തില്‍ കണ്ടുമുട്ടും.

5,14,23, ദിവസങ്ങളില്‍ ജനിച്ചവര്‍
ചലനാത്മകമായ വര്‍ഷം

മാറ്റങ്ങളുടെയും, വ്യതിയാനങ്ങളുടെയും വര്‍ഷം. വീട്, ജോലി, കര്‍മ്മമണ്ഡലം ഇവയ്ക്കൊക്കെ മാറ്റങ്ങളുണ്ടാകും. ധനു, ഇടവം മാസങ്ങളിലാണ് മാറ്റങ്ങള്‍ക്ക് കൂടുതല്‍ സാദ്ധ്യത. നിങ്ങള്‍ക്ക് ഒട്ടും സുഖകരമല്ലെന്ന് ബോദ്ധ്യമുള്ള കാര്യങ്ങള്‍ മാറ്റിയെടുക്കാന്‍ പറ്റുന്ന ഒരു സുവര്‍ണ്ണാവസരമാണിത്. ഒരു ചുഴലിക്കാറ്റിലകപ്പെട്ടപോലെ നിങ്ങള്‍ ചലനോന്മുഖനാകും. മീറ്റിംഗുകള്‍, സമ്മേളനങ്ങള്‍, ബിസിനസ് കൂടിക്കാഴ്ചകള്‍, ഫോണ്‍വിളികള്‍, ഇമെയിലുകള്‍ ഇവയുടെ ബാഹുല്യം അനുഭവിച്ചറിഞ്ഞുകൊള്‍ക. ആണുങ്ങള്‍ പെണ്ണുങ്ങള്‍ക്കിടയിലും, പെണ്ണുങ്ങള്‍ ആണുങ്ങള്‍ക്കിടയിലും അറിയപ്പെടുകയും പ്രശസ്തരാകുകയും ചെയ്യും. ധാരാളം യാത്ര ചെയ്യുക. ധാരാളം ആള്‍ക്കാരെ പുതിയതായി പരിചയപ്പെടുക, സംസാരിക്കുക, ഇടപെടുക. ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കും. പുതിയ സംരംഭങ്ങള്‍ക്ക് പറ്റിയ സന്ദര്‍ഭമാണിത്. അപ്രതീക്ഷിതകാര്യങ്ങള്‍ക്കായി കാത്തിരിക്കുക. പൊന്തിവരുന്ന സന്ദര്‍ഭങ്ങള്‍ പാഴാക്കിക്കളയാതിരിക്കുക.

6,15,24 തീയതികളില്‍ ജനിച്ചവര്‍
പരിഹാരങ്ങള്‍ കണ്ടെത്തുന്ന മാസം

കഴിഞ്ഞ കാലങ്ങളില്‍ ഗൃഹജീവതത്തിലുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ വൈകാരിക പ്രശ്നങ്ങള്‍ ഇവയൊക്കെ പരിഗണിക്കാനും പരിഹരിക്കാനുമുള്ള സമയമാണ് ഈ വര്‍ഷം.  സുഹൃത്തുക്കളുമായുള്ള തര്‍ക്കം, അഭിപ്രായഭിന്നതകള്‍, വൈവാഹിക ജീവിതത്തിലുള്ള വൈരുദ്ധ്യങ്ങള്‍ ഇവയൊക്കെ ഇതിലുള്‍പ്പെടും.  ചിലപ്പോള്‍ നിയമപരമായ പ്രശ്നങ്ങളോ ആടിയുലഞ്ഞു ഇഴപൊട്ടാറായി നില്‍ക്കുന്ന സൌഹൃദങ്ങളോ ഒക്കെ ശ്രദ്ധാപൂര്‍വ്വം പരിഹരിച്ച് സംതൃപ്തമായ ഒരവസ്ഥയിലെത്തിക്കേണ്ട കാലഘട്ടം.  എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഈ വര്‍ഷം ഒരു പക്ഷേ സാധിച്ചില്ലെങ്കിലും അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങി വയ്ക്കാം.  വ്യക്തിപരമായ നഷ്ടങ്ങളോ വിരഹങ്ങളോ വന്നേക്കാം. ഒറ്റത്തടിയായി ജീവിക്കുന്നവര്‍ ഇണയെ കണ്ടെത്തുകയും കുടുംബജീവിതം ആരംഭിക്കുകയും ചെയ്യും.  ബന്ധങ്ങളിലേര്‍പ്പെട്ട് ജീവിതത്തിന് ഒരര്‍ത്ഥം കണ്ടെത്താനുള്ള യത്നങ്ങളിലായിരിക്കും മനസ്സ് വ്യാപരിക്കുക.  ചിങ്ങം, തുലാം ധനു കുഭം മേടം എന്നീ മാസങ്ങള്‍ അംഗീകാരം, അഭിനന്ദനം, പുരസ്കാരങ്ങള്‍ ഇവ കൊണ്ടുവരും.  വീട് പൂര്‍ത്തിയാക്കുക, വര്‍ഷങ്ങളായി അപൂര്‍ണ്ണമായി അവശേഷിക്കുന്ന നിര്‍മ്മിതികള്‍, പ്രോജക്ടുകള്‍ ഇവ പൂര്‍ത്തിയാക്കുക എന്നിവയ്ക്ക് സാദ്ധ്യത.  മകള്‍ക്ക് സന്തതിലാഭം, മകന് വിദ്യാഭ്യാസ രംഗത്ത് അത്യുജ്ജ്വലമായ നേട്ടങ്ങള്‍ ഇവ ഉണ്ടാകും. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചേക്കാം. അത്തം, പുണര്‍തം, പൂരൂരുട്ടാതി ചോതി നക്ഷത്രക്കാര്‍ സഹായിക്കും.  കന്നി, വൃശ്ചികം മീനം മാസങ്ങള്‍ ചില പ്രശ്നങ്ങള്‍ കാഴ്ചവയ്ക്കും, കഴുത്ത്, കയ്യ് ഇടത്തേ കണ്ണ്, രക്തക്കുഴലുകള്‍ ശ്വാസകോശം ഇവിടങ്ങളില്‍ ചെറിയ പ്രശ്നങ്ങളുണ്ടായേക്കും.  ശത്രുക്കള്‍ക്ക് വിപരീതാനുഭവങ്ങളുണ്ടാകും.  വളരെ പ്രശ്സ്തമായ ഒരു ദേവീക്ഷേത്രം സന്ദര്‍ശിക്കും.  ഹിമാലയ യാത്ര നടത്തും.  കുടുംബക്ഷേത്രത്തില്‍ ദേവപ്രശ്നം സംഘടിപ്പിക്കാന്‍ മുന്‍കൈ എടുക്കും. ചൊവ്വാഴ്ച തോറും സുബ്രഹ്മണ്യനെ വന്ദിക്കുക.  സുബ്രഹ്മണ്യാഷ്ടകം ചൊല്ലുക.  വൈരനിര്യാണ ഭദ്രകാളീസ്തവം ചൊല്ലുക. പുതിയ ചില ബിസിനസ്സുകള്‍ തുടങ്ങാന്‍ സാദ്ധ്യത (ചിങ്ങം, വൃശ്ചികം, മീനം മാസങ്ങളില്‍) ഷിബു, ചെറിയാന്‍, രാജ്കുമാര്‍, മംഗളം, ജിതിന്‍, പ്രകാശ്, ജ്യോതി, സൂര്യ, ഫാത്തിമ എന്നിങ്ങനെ ചിലരെ യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടും.  കണ്ണന്‍ എന്നറിയപ്പെടുന്ന ഒരാളെ ട്രെയിന്‍ യാത്രയ്ക്കിടെ കാണുകയും അടുക്കുകയും ചെയ്യും.  സഹോദരന് മോശപ്പെട്ട സമയം.

 

 

7,16,25 തീയതികളില്‍ ജനിച്ചവര്‍
ലക്ഷ്യപ്രാപ്തിക്കുള്ള വര്‍ഷം

അദ്ധ്വാനത്തിന്‍റെ അല്ല പ്രത്യുത വിശ്രമത്തിന്‍റെയും പുനരുജ്ജീവനത്തിന്‍റെയും കാലമാണ് ഈ വര്‍ഷം. കഴിഞ്ഞ ജീവിതം നിഷ്ക്കൃഷ്ടമായി വിലയിരുത്തുകയും പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഴുതുകളടച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട വര്‍ഷമാണ് 1193. ഒറ്റത്തവണയെങ്കിലും അവനവന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും സ്വന്തം ആരോഗ്യം കണക്കിലെടുക്കുകയും ചെയ്യണം. ധ്യാനമാര്‍ഗ്ഗങ്ങള്‍ ശീലിക്കുകയും നല്ല ആയുര്‍വ്വേദ ചികിത്സാമാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് ശാരീരികമാനസികവൈകാരിക സ്വച്ഛതയും സമതുലിതാവസ്ഥയും വീണ്ടെടുക്കുകയും വേണം. ധാരാളം കുഞ്ഞു കുഞ്ഞു യാത്രകള്‍ വേണ്ടിവരും. അപ്രതീക്ഷിതമായി ഉണ്ടാകുന്ന യാത്രാസന്ദര്‍ഭങ്ങള്‍ പരമാവധി മുതലെടുത്ത് പുതിയ പുതിയ കാര്യങ്ങള്‍ കാണുകയും പഠിക്കുകയും വേണം. കാശ്, ജോലി, കുടുംബം, പ്രശസ്തി എന്നിങ്ങനെയുള്ള ഭൌതികകാര്യങ്ങളെച്ചൊല്ലി വിഷാദിക്കേണ്ട ഒരു വര്‍ഷമല്ല 1193. കുറെക്കൂടി ആഴത്തിലിറങ്ങി ജീവിതത്തിന്‍റെ ആത്യന്തികലക്ഷ്യത്തെക്കുറിച്ച് പഠിക്കാനും മനനം ചെയ്യാനും ഈ വര്‍ഷം ഉപയോഗിക്കുക. ഗൂഢ ശാസ്ത്രങ്ങള്‍, ജ്യോതിഷം, മാജിക്ക്, മന്ത്രവാദം തന്ത്രശാസ്ത്രം ഇവ പഠിക്കാന്‍ ഈ വര്‍ഷം നല്ലത്. ചിങ്ങം, കുംഭം, മീനം, മേടം മാസങ്ങള്‍ സാന്പത്തികനേട്ടം ഔദ്യോഗിക രംഗത്ത് അംഗീകാരം ഇവ നല്‍കും. ആണ്‍കുട്ടികള്‍ ജനിക്കും. ഭര്‍ത്താവിന് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. സംഖ്യാ ജ്യോതിഷികള്‍, ഒക്കല്‍ട്ടിസ്റ്റുകള്‍ ഇവര്‍ക്കൊക്കെ നല്ല സമയം. അഥവാ ഇവ ഒന്നും വശമില്ലെങ്കിലും മറ്റുള്ളവരെ സഹായിക്കാന്‍ പറ്റിയ അനവധി സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ക്ക് വന്നുചേരും. റോബര്‍ട്ട്, സിജി, മഞ്ജു, ഗോപിനാഥന്‍, രാധാകൃഷ്ണന്‍, വേണി എന്നിങ്ങനെ ചില വ്യക്തികള്‍ ഈ വര്‍ഷം നിങ്ങളെ കണ്ടുമുട്ടി കടന്നുപോകും. തെക്ക്, തെക്ക് പടിഞ്ഞാറ് ദിക്കുകളില്‍ നിന്നും വാഗ്ദാനങ്ങള്‍ ലഭിക്കും.  

8,17,26 തീയതികളില്‍ ജനിച്ചവര്‍
ആദരവിന്‍റെ വര്‍ഷം

കഴിഞ്ഞകാല ചെയ്തികള്‍ക്ക് അംഗീകാരവും ആദരവും ലഭിക്കുന്ന ഒരു വര്‍ഷമായിരിക്കും 1193.  അവയുടെ വരവ് പതുക്കെ ആയിരിക്കുമെങ്കിലും വര്‍ഷാവസാനത്തോടെ ബഹുമതികളുടെ ഒരു പെരുമഴക്കാലം പ്രതീക്ഷിക്കാം.  പലര്‍ക്കും സാന്പത്തികമായും വാണിജ്യവ്യവസായ സംരംഭങ്ങളിലൂടെയുള്ളതുമായ വിജയങ്ങള്‍ പ്രതീക്ഷിക്കാം.  8,17,26 തീയതികളില്‍ പിറന്നവര്‍ക്ക് ഇതു ഒരു കര്‍മ്മ വര്‍ഷമാണ്.  സ്നേഹം,  അനുരാഗം, എന്നിവയുടെ കാര്യത്തില്‍ പൂര്‍വ്വകാലത്ത് നിങ്ങള്‍ കാണിച്ചിട്ടുള്ള നിന്ദ്യമോ, നീചമോ അപലപനീയമോ ആയ പ്രവൃത്തികള്‍ക്ക് തിരിച്ചടി കിട്ടുന്ന വര്‍ഷമായിരിക്കും ഇത്.  ഒരു ചെറിയ ശതമാനം ആളുകള്‍ക്ക് 1193 സാന്പത്തിക മാന്ദ്യമോ ഒട്ടും മുന്നോട്ടു നീങ്ങാത്ത അവസ്ഥയോ ഒക്കെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.  മൂലം, തൃക്കേട്ട, പൂയം, അനിഴം, മകം നക്ഷത്രക്കാര്‍ക്കാണിത് കൂടുതല്‍ പ്രകടമാകുക.  ചിങ്ങം, കന്നി, ധനു മകരം മേടം മാസങ്ങള്‍ പൊതുവെ നന്നായിരിക്കും.  വര്‍ഷങ്ങളായി സന്തതി ഇല്ലാത്തവര്‍ക്ക് സന്തതി,  കിടപ്പാടം എന്നിവ ഈ വര്‍ഷം ലഭിക്കും.  ഉദരരോഗങ്ങള്‍, കണ്ണ് കൈകാലുകള്‍ ചെവികള്‍  ഇവയ്ക്ക് രോഗങ്ങള്‍ വന്നേക്കാം.  ബാലന്‍, തൃപ്തി, ശശിധരന്‍, ഉമ, വാസുദേവ്, ഫിലിപ്പ്, മസൂദ്, ജിന്ന, കരുണ എന്നിങ്ങനെ ചിലരെ പരിചയപ്പെടാനിടവരും.  ഉത്രം പൂരാടം. തിരുവാതിര, കാര്‍ത്തിക, അവിട്ടം നക്ഷത്രക്കാര്‍ സഹായിക്കും.  യു.കെ, ന്യൂസിലാന്‍ഡ്, മാള്‍ട്ട, ലിബിയ, അംഗോള എന്നീ രാജ്യങ്ങളിലേക്ക് യാത്ര ഉണ്ടാകും.  വൃദ്ധരായ മാതാപിതാക്കള്‍, അപ്പൂപ്പനമ്മൂമ്മമാര്‍, മറ്റു വൃദ്ധജനങ്ങള്‍ എന്നിവരുമായി നിരന്തര സന്പര്‍ക്കം പുലര്‍ത്തുകയും അവരുടെ ശുശ്രൂഷയും പരിചരണവും ഏറ്റെടുക്കുകയും ചെയ്യും. ഒരു ശാസ്താ ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണം ഏറ്റെടുത്തു നടത്തും.  വിഷഭയം ഉണ്ടാകും തറവാട്ടില്‍ അശനീപാതം മൂലം തീ പിടുത്തം ഉണ്ടാകും.  ഹനുമാനെയും ധര്‍മ്മശാസ്താവിനെയും ഭജിക്കുക.  ഹനുമാന്‍ ചാലിസ പാരായണം ചെയ്യുക.  വര്‍ഷങ്ങള്‍ക്കു മുന്പ് നാടുവിട്ട ഒരാള്‍ തിരിച്ചെത്തും.

 

9,18,27 തീയതികളില്‍ ജനിച്ചവര്‍
പുത്തന്‍ പ്രതീക്ഷകള്‍ക്ക് തുടക്കം

ഈ വര്‍ഷത്തില്‍ പുതിയ, ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്ന തീരുമാനങ്ങള്‍ വേണ്ടിവരും.  കഴിഞ്ഞകാല ചെയ്തികളെയും സംഭവങ്ങളെയും വിലയിരുത്താനായി സമയവും സന്ദര്‍ഭങ്ങളും ഈ വര്‍ഷം ധാരാളം ലഭിക്കും.  കുറച്ച് എടുത്തുചാട്ടങ്ങളും ആലോചനയില്ലാത്ത പ്രവര്‍ത്തനങ്ങളുമൊക്കെ ഈ വര്‍ഷം കുറച്ച് പ്രശ്നഭരിതമാക്കും.  അതുകൊണ്ട് നന്നായി ആലോചിച്ച് വേണം തീരുമാനങ്ങള്‍ എടുക്കാന്‍.  കടം വാങ്ങുന്നതും കടം കൊടുക്കുന്നതും സൂക്ഷിച്ചുവേണം.  ആജന്മശത്രുത സൃഷ്ടിക്കാന്‍ വരെ ഈ വര്‍ഷം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന കടങ്ങള്‍ക്ക് സാധിക്കുമെന്നോര്‍ക്കുക. ജോലി മാറാനും വീടുമാറാനുമൊന്നും ഈ വര്‍ഷം ശ്രമിക്കാതിരിക്കുകയാണ് നല്ലത്.  മനസ്സിന്‍റെ സമനില നിലനിര്‍ത്താന്‍ ശ്രമിക്കുന്നതോടൊപ്പം ഭാവി പ്രവര്‍ത്തനങ്ങള്‍ നന്നായി ആസൂത്രണം ചെയ്യാനും ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  അപ്രസക്തവും അപ്രധാനവുമായ പല പ്രണതകളും ശീലങ്ങളും ഈ വര്‍ഷം ഉപേക്ഷിക്കേണ്ടിവരും.  ചിങ്ങം, കന്നി, വൃശ്ചികം, ധനു, കുംഭം, മേടം, മിഥുനം മാസങ്ങള്‍ അവസരങ്ങളോടൊപ്പം വെല്ലുവിളികളും ഉയര്‍ത്തും.  ഭൂതകാലം വിസ്മരിച്ച് ഭവിഷ്യകാലത്തേക്ക് തയ്യാറെടുക്കുക.  ജോലിയില്‍ പുതിയ ചുമതലകള്‍, പുതിയ മേഖലകള്‍ ഇവയ്ക്കു സാദ്ധ്യത.  പ്രിയ, ഗൌരി, റാണി, അപ്പുക്കുട്ടന്‍, സരിത, ഡേവിഡ്, സുജ, ഗോവിന്ദന്‍ നായര്‍, ചക്രപാണി എന്നിങ്ങനെ ചില വ്യക്തികളെ പരിചയപ്പെടും. കാര്‍ത്തിക, പുണര്‍തം, പൂരാടം, അവിട്ടം നക്ഷത്രക്കാര്‍ സഹായിക്കും.  ആഗസ്റ്റ്, ഒക്ടോബര്‍, ജനുവരി മാസങ്ങളില്‍ ശുഭ വാര്‍ത്തകള്‍ ശ്രവിക്കും.  ഈ വര്‍ഷം തുടങ്ങിവയ്ക്കുന്ന സൌഹൃദങ്ങള്‍ ജീവിതാന്ത്യം തുടരും.  ഇടുപ്പ്, തുടകള്‍, നട്ടെല്ല്, കഴുത്ത്, വയറ് വൃഷണങ്ങള്‍, അണ്ഡാശയങ്ങള്‍ ഇവയ്ക്ക് അസ്വസ്ഥതകള്‍ വന്നേക്കും.  ശസ്ത്രക്രിയയ്ക്ക് സാദ്ധ്യത.  ആയില്യം രേവതിക്കാര്‍ ഉപദ്രവിച്ചേക്കും വിചിത്ര സ്വപ്നങ്ങള്‍ കാണും.  കൃഷിയും, ബിസിനസ്സും മെച്ചപ്പെടും.   സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങും.  അതി ദിവ്യമായ ഒരു ദേവീമന്ത്രം കന്നിയിലോ മകരത്തിലോ മീനത്തിലോ ഉപദേശരൂപേണ കിട്ടും.  വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ അപ്രതീക്ഷിത ധനലബ്ധി കാണുന്നു.  വീട്ടില്‍ അറ്റുകുറ്റപ്പണികള്‍ ഉണ്ടാകും.  ഒരു കുളം നവീകരിക്കാന്‍ സംഭാവന നല്‍കും.   ദുര്‍ഗ്ഗയെ ഭജിക്കുക.  ദുര്‍ഗ്ഗാസപ്തശതി ചൊല്ലുക.

 

എം. നന്ദകുമാര്‍, പ്രണവം, റ്റി.സി. 6/837(1) VARA, അറപ്പുര ഗാര്‍ഡന്‍സ് വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം 695013. മൊബൈല്‍: 9496447755

OTHER SECTIONS