കോവലന്റെ ശിരസ്സ് ഛേദത്തില്‍ പാട്ടുപുരയിലിന്ന് ശോകാര്‍ദ്രമാകും

ശരീരത്തിലെ പഞ്ചഭൂതങ്ങള്‍ ഒന്നിച്ചുചേരുന്ന ആനന്ദമാണ് ഇതില്‍നിന്നും ലഭിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച്‌സൂര്യന് അഭിമുഖമായി നിന്നാണ് പൊങ്കാല തയ്യാറാക്കുന്നത്.

author-image
parvathyanoop
New Update
കോവലന്റെ ശിരസ്സ് ഛേദത്തില്‍ പാട്ടുപുരയിലിന്ന് ശോകാര്‍ദ്രമാകും

ഇളങ്കോവടികള്‍ രചിച്ച തമിഴ് ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തിലെ നായികയാണ് കണ്ണകി.കാവേരിപ്പൂം പട്ടണത്തിലെ ഒരു ധനിക വ്യാപാരിയായ മാചാത്തുവിന്റെ മകനായ കോവലന്‍ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു.

കാവേരിപ്പൂം പട്ടണത്തിലെ തന്നെ ധനാഢ്യനായ മാനായ്കന്റെ മകളായിരുന്നു കണ്ണകി. കാവേരിപൂമ്പട്ടണത്തില്‍ ഇരുവരും സുഖം ജീവിക്കുമ്പോള്‍ കോവലന്‍, മാധവി എന്ന ദേവദാസ്സി നര്‍ത്തകിയെ കണ്ടുമുട്ടുകയും അവരില്‍ പ്രണയാസക്തനാവുകയും ചെയ്തു.

കണ്ണകിയെ മറന്ന കോവലന്‍ തന്റെ സ്വത്തുമുഴുവന്‍ മാധവിക്കുവേണ്ടി ചെലവാക്കി. ഒടുവില്‍ പണമെല്ലാം നഷ്ടപ്പെട്ടപ്പോള്‍ കോവലന്‍ തന്റെ തെറ്റുമനസ്സിലാക്കി കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോയി. അവരുടെ ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്‌നങ്ങള്‍ നിറച്ച ചിലമ്പുകള്‍ മാത്രമായിരുന്നു.

കണ്ണകി സ്വമനസാലെ തന്റെ ചിലമ്പുകള്‍ കോവലനു നല്‍കി. ഈ ചിലമ്പുകള്‍ വിറ്റ് വ്യാപാരം നടത്തുവാന്‍ കോവലനും കണ്ണകിയും മധുരയ്ക്കു പോയി.പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്.

ഇതേസമയത്താണ് കൊട്ടാരത്തില്‍ നിന്നും രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയത്. കണ്ണകിയുടെ ചിലമ്പുകളുമായി കാണാന്‍ വളരെ സാമ്യമുണ്ടായിരുന്ന ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകള്‍ മുത്തുകള്‍ കൊണ്ടു നിറച്ചതായിരുന്നെങ്കില്‍ കണ്ണകിയുടേത് രത്‌നങ്ങള്‍ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു.

ചിലമ്പു വില്‍ക്കാന്‍ ചന്തയില്‍ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാര്‍ പിടികൂടി. രാജാവിന്റെ കല്‍പ്പന പ്രകാരം കോവലന്റെ ശിരസ്സ് ഛേദിച്ചു.ഈയവസരത്തില്‍ ദു:ഖ സൂചകമായി നാളെ രാവിലെ 7 മണിയ്ക്കാണ് നട തുറക്കുക.

ആറ്റുകാല്‍ പൊങ്കാലയിലെ ബാലികമാരുടെ താലപ്പൊലി

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ് ആറ്റുകാല്‍ പൊങ്കാല.കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നച്ചു വരുന്ന ഒന്‍പതാം ഉത്സവ ദിവസമായ മാര്‍ച്ച് 7 നാണ് 2023ലെ ആറ്റുകാല്‍ പൊങ്കാല ഉത്സവം നടക്കുന്നത്.

7ന് രാവിലെ 10.50 ന് അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദിക്കും. താലപ്പൊലി, വിളക്കുകെട്ട്, പുറത്തെഴുന്നള്ളത്ത്, തട്ടനിവേദ്യം തുടങ്ങിയവയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിലെ പ്രധാന ചടങ്ങുകള്‍.

11 വയസ്സിന് താഴെയുളല ബാലികമാരാണ് താലപ്പൊലി നേര്‍ച്ചയില്‍ പങ്കെടുക്കുന്നത്.കുട്ടികള്‍ പുതുവസ്ത്രമണിഞ്ഞ് തലയില്‍ പുഷ്പകിരീടം ചൂടി ദേവിയുടെ മുന്നില്‍ താലവുമായി എത്തുന്നതാണ് താലപ്പൊലി ചടങ്ങ്.

ഐശ്വര്യ ലബ്ധിക്കായി ഭഗവതിസേവ

ഐശ്വര്യ ലബ്ധിക്കായി നടത്തുന്ന ദേവീ പ്രീതികരമായ സ്വാത്വിക പൂജയാണ് ഭഗവതിസേവ.ഉന്നതിക്കും കുടുംബശ്രേയസിനും സന്താനലബ്ദിക്കും ഉദ്ദിഷ്ട കാര്യപ്രാപ്തിക്കും ഉപകരിക്കുന്ന ദേവീപൂജയാണിത്.

എന്നും രാത്രി 7.15നാണ് ഭഗവതി സേവ. സഹസ്രനാമം ചൊല്ലി ദേവിയെ പൂജിക്കുന്ന രീതിയാണ് ഭഗവതിസേവയിലുള്ളത്. സ്വസ്തിക പത്മമിട്ട് അല്ലെങ്കില്‍ അഷ്ടദള പത്മമിട്ട് നെയ്വിളക്ക് കത്തിച്ച് ചുവന്ന പട്ടും വെള്ളപ്പട്ടും ചാര്‍ത്തി സാത്വിക പുഷ്പങ്ങളാല്‍ ദേവിയെ പൂജിക്കുന്നു.

 

പഞ്ചഭൂതങ്ങള്‍ സംഗമം

പൊങ്കാലയില്‍ പഞ്ചഭൂതങ്ങളുടെ സംഗമമാണ് കാണുവാന്‍ സാധിക്കുന്നത്. അതായത് ഭൂമിയെ പ്രതീകമായ മണ്‍കലവും അരിയും മറ്റുള്ള ആകാശം, വായു, ജലം, അഗ്‌നി എന്നിവയോട് ചേരുന്നതാണ് പൊങ്കാലയുടെ പുണ്യം എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ശരീരത്തിലെ പഞ്ചഭൂതങ്ങള്‍ ഒന്നിച്ചുചേരുന്ന ആനന്ദമാണ് ഇതില്‍നിന്നും ലഭിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച്‌സൂര്യന് അഭിമുഖമായി നിന്നാണ് പൊങ്കാല തയ്യാറാക്കുന്നത്.

attukal pongala