മണ്ണാറശ്ശാല ആയില്യം നവംബര്‍ 1ന്

നവംബര്‍ 1നാണ് മണ്ണാറശ്ശാല ആയില്യം. നാഗരാജാവിന്‍െറ അവതാരദിനമായി കേരളീയര്‍ ആചരിക്കുന്നത് കന്നിമാസത്തിലെ ആയില്യമാണ്.പണ്ടൊക്കെ കന്നിമാസത്തിലെ ആയില്യമായിരുന്നു

author-image
subbammal
New Update
മണ്ണാറശ്ശാല ആയില്യം നവംബര്‍ 1ന്

 നവംബര്‍  1നാണ് മണ്ണാറശ്ശാല ആയില്യം. നാഗരാജാവിന്‍െറ അവതാരദിനമായി കേരളീയര്‍ ആചരിക്കുന്നത് കന്നിമാസത്തിലെ ആയില്യമാണ്.പണ്ടൊക്കെ കന്നിമാസത്തിലെ ആയില്യമായിരുന്നു മണ്ണാറശ്ശാല ആയില്യമായി ആഘോഷിച്ചിരുന്നത്. ഒരിക്കല്‍ ആയില്യദിനത്തില്‍ തിരുവിതാംകൂര്‍ രാജാവിന് എത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തുലാത്തിലെ ആയില്യം രാജകുടുംബം കെങ്കേമമായി നടത്തി. അന്നുമുതലാണ് മണ്ണാറശാലയില്‍ തുലാത്തിലെ ആയില്യവും പ്രധാനമായി മാറിയത്. ക്രമേണ തുലാത്തിലെ ആയില്യം മണ്ണാറശ്ശാല ആയില്യമായി അറിയപ്പെടുകയും ചെയ്തു. പുണര്‍തം നാള്‍ മുതല്‍ ഇവിടെ പ്രധാനവഴിപാടുകളും പൂജകളും നടക്കുന്നു. ആയില്യം നാളില്‍ നടക്കുന്ന എഴുന്നളളത്താണ് ഏറ്റവും പ്രധാനം. ഈ ക്ഷേത്രത്തില്‍ ആയില്യവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന വിശേഷമാണ് ആയില്യം എഴുന്നെള്ളത്ത്. ആയില്യം നാളില്‍ മണ്ണാറശ്ശാല അമ്മ ക്ഷേത്രത്തില്‍ നിന്ന് നാഗരാജാവിനെ ഇല്ളത്തേയ്ക്ക് എഴുന്നള്ളിക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങാണ് ആയില്യം എഴുന്നള്ളത്ത്. അമ്മയുടെ ഇല്ളത്തെ നിലവറയില്‍ കുടികൊള്ളുന്ന അനന്ത സാന്നിധ്യത്തിന്‍റെയും ക്ഷേത്രത്തിലെ വാസുകീ ചൈതന്യത്തിന്‍റെയും ഒരു കൂടിച്ചേരലായി ഈ ചടങ്ങ് സങ്കല്‍പ്പിക്കപ്പെടുന്നു. എഴുന്നള്ളത്തിനായി ക്ഷേത്രകുളത്തില്‍ നിന്നും കുളിച്ചു വന്നു അമ്മ ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചു കോാവിലിനുള്ളില്‍ നിന്നും കുത്തുവിളക്കിലെയ്ക്ക് ദീപം പകരും. ഈ സമയം ശംഖു, വായ്ക്കുരവ, തിമിലപ്പാണി എന്നിവ മുഴങ്ങി കേള്‍ക്കും. തുടര്‍ന്ന് അമ്മ നാഗരാജവിന്‍റെ തിരുമുഖവും നാഗഫണവുമായി ശ്രീകോവിലിനു പുറത്തേയ്ക്ക് എഴുന്നള്ളും. കുടുംബത്തിലെ ഇളയമ്മ സര്‍പ്പയക്ഷിയുടെയും കാരണവന്‍മാര്‍ നാഗചാമുണ്ടിയുടേയും , നാഗയക്ഷിയുടേയും വിഗ്രഹവുമായി അമ്മയെ അനുഗമിക്കും. സര്‍വ്വവിധ രാജചിഹ്നങ്ങളോടും കൂടിയുള്ള എഴുന്നള്ളത്ത് ക്ഷേത്രത്തിന് വലംവെച്ച് ഇല്ളത്തെ നിലവറയ്ക്കു സമീപമുള്ള തെക്കേത്തളത്തില്‍ എത്തുന്നതോടെ അവസാനിക്കും. ശേഷം ഇല്ളത്ത് പൂജ, നൂറുംപാല്‍ സര്‍പ്പബലി, ഗുരുതി പൂജ എന്നിവ നടക്കും. ഈ പൂജകള്‍ കഴിയുന്പോള്‍ അമ്മ ഭഗവത് ചൈതന്യമുള്‍കൊണ്ട് കുത്തുവിളക്കിന്‍റെ അകന്പടിയോടു കൂടി തിരികെ ക്ഷേത്രത്തില്‍ മടങ്ങിയെത്തും. ഈ എഴുന്നള്ളത്തു ദര്‍ശിച്ച് ആയില്യം തൊഴുതു മടങ്ങിയാല്‍ നാഗദേവതാ പ്രീതിയിലൂടെ സന്താനഭാഗ്യം, രോഗശമനം, ധനാഭിവൃദ്ധി, ദാന്പത്യസുഖം തുടങ്ങീ സര്‍വ്വൈശ്വര്യങ്ങളും കൈവരുമെന്നാണ് വിശ്വാസം

mannarassala life astro mannarassalaamma