കുമാരസ്വാമിയോടൊപ്പം മീനാക്ഷി അമ്മാള്‍ എത്തില്ല

By ജി.എല്‍ അനില്‍ നാഥ്.30 09 2020

imran-azhar

 


പൂവാര്‍: തുടര്‍ച്ചയായി 30 വര്‍ഷം വേളിമലകുമാരസ്വാമി നവരാത്രിപൂജക്കായി കേരളത്തിലേക്ക് വരുമ്പോള്‍ അനുഗമിച്ചിരുന്ന മീനാക്ഷി അമ്മാള്‍ ഇക്കുറി എത്തില്ല. വാര്‍ദ്ധക്യം തളര്‍ത്തിയ ശരീരവും കോവിഡ് മഹാമാരിയുടെ ആശങ്കയുമാണ് യാത്ര ഒഴിവാക്കാന്‍ കാരണം. എങ്കിലും സ്വാമിയെ യാത്രയാക്കാന്‍ പതിവ് പോലെ മീനാക്ഷി അമ്മാള്‍ കുമാരകോവിലില്‍ എത്തും.

 

മുരുകഭക്തയും വിശാഖ നക്ഷത്രക്കാരിയുമായ മീനാക്ഷി അമ്മാള്‍ 1999 ലാണ് ആദ്യമായി നവരാത്രി ഘോഷയാത്രയോടൊപ്പം തിരുവനന്തപുരത്തെത്തുന്നത്. ഇപ്പോള്‍ വയസ് 80. ഒരു വര്‍ഷം മുമ്പുവരെ എല്ലാ വിശാഖം നാളിലും സ്വാമിയെ കാണാന്‍ കുമാരകോവിലിലെത്തിയിരുന്ന അമ്മാള്‍ അസുഖബാധിതയായതിനെ തുടര്‍ന്നാണ് ഇത്തവണ യാത്ര ഒഴിവാക്കിയത്. കന്യാകുമാരി വിവേകാനന്ദപുരം വിളവൂര്‍ക്കല്‍ വീട്ടില്‍ സിന്ദുര പണിക്കരുടെയും മാധവി ദേവിയുടെയും മകളായി ജനിച്ച് വെലക്കിലേക്ക് വിവാഹം കഴിഞ്ഞ് പോയതോടെ 21 വയസ് മുതലാണ് കുമാരസ്വാമി കോവിലില്‍ നിത്യസന്ദര്‍ശകയായത്. 50 വയസ് മുതല്‍ നവരാത്രി പൂജയ്ക്ക് കുമാരസ്വാമിയോടൊപ്പം ജില്ലയിലെത്തുന്നത് പതിവാണ്.

 

തിരുവനന്തപുരത്തെത്തിയാല്‍ കുമാരസ്വാമിയെ ഇരുത്തിയിരിക്കുന്ന ആര്യശാല ക്ഷേത്രനടയില്‍ മീനാക്ഷി അമ്മാളുമുണ്ടാകും. ഒക്ടോബര്‍ 16ന് കുമാരസ്വാമി കേരളത്തിലേയ്ക്ക് എത്തുമ്പോള്‍ കൂടെ പോകാനാകില്ലല്ലോ എന്ന ദുഃഖത്തിലാണ് അവര്‍. എങ്കിലും സ്വാമിയുടെ തിരുനടയില്‍ കെടാവിളക്ക് കത്തിച്ച് കാത്തിരിക്കുമെന്ന് മീനാക്ഷി അമ്മാള്‍ പറയുന്നു.

 

OTHER SECTIONS