നടരാജവിഗ്രഹത്തിന്‍റെ പൊരുള്‍

By Subha Lekshmi B R.17 Feb, 2017

imran-azhar

നടനത്തിന്‍റെ ദേവനാണ് ഭഗവാന്‍ ശിവന്‍. അപ്പോള്‍ അദ്ദേഹം നടരാജനാണ്. ഭഗവാന്‍ ആനന്ദനടനമാടുന്പോള്‍ അത് സൃഷ്ടിയുടെ നടനമാകുന്നു.താണ്ഡവമാകട്ടെ നാശത്തിന്‍റേതും. നൃത്തം ചെയ്യുന്ന രീതിയിലുളള ഭഗവാന്‍റെ വിഗ്രഹം(നടരാജവിഗ്രഹം) കലയുമായി ബന്ധപ്പെട്ട് മുഖ്യമായും നര്‍ത്തോപാസകരുടെ ഭവനങ്ങളില്‍ കാണാം.നടരാജവിഗ്രഹത്തിന്‍റെ പൊരുള്‍ ചുവടെ:

 

വൃത്താകൃതിയിലുളള ഒരു ചട്ടക്കൂടിനുളളിലാണ് നടരാജനെ കാണാനാകുക. ഈ ചട്ടക്കൂടിന് ചുറ്റുമായി അഗ്നിജ്വാലകളെ സൂചിപ്പിക്കുന്ന രൂപങ്ങള്‍ കാണാം. ഈ അഗ്നിജ്വാലകള്‍ നാശത്തെയാണ് സൂചിപ്പിക്കുന്നത്. ആ ചട്ടക്കൂടാകട്ടെ പ്രപഞ്ചത്തെയും ജന്മത്തെയും പുനര്‍ജന്മത്തെയും സൂചിപ്പിക്കുന്നു. ചട്ടക്കൂടിനുളളില്‍ ഒരു കാലുയര്‍ത്തി ചതുര്‍ഭുജധാരിയായാണ് ഭഗവാന്‍റെ നില്പ്. ഭഗവാന്‍റെ ശിരസ്സ് അലങ്കരിക്കുന്ന ചന്ദ്രക്കല കാലചക്രത്തെയാണ് സൂചിപ്പിക്കുന്നത്.ജടയില്‍ നിന്ന് ഒഴുകുന്ന ഗംഗ അജ്ഞാനമകറ്റുന്ന പുണ്യവാഹിനിയാണ്.കഴുത്തില്‍ മൂന്നുതവണ ചുറ്റിയ നിലയിലാണ് നാഗം. ഈ നാഗം ഭൂത,വര്‍ത്തമാന, ഭാവി കാലങ്ങളെ സൂചിപ്പിക്കുന്നു. കൈകാലുകള്‍ ദ്വൈതത്തെയും സൂചിപ്പിക്കുന്നു. ഒരു കൈയില്‍ അഗ്നിപകര്‍ന്ന പാത്രമുണ്ട്. ഈ അഗ്നിയും നാശത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.ഒരു കൈ അഭയമുദ്രയിലും മറ്റേ കൈ നൃത്തമുദ്രയിലുമാണ്. നാലാമത്തെ കൈയില്‍ ഡമരുവാണ്. ഇത് സൃഷ്ടിയുടെ താളാത്മകമായ ദോലനത്തെ അഥവാ പ്രണവ (ഓം) ത്തെ സൂചിപ്പിക്കുന്നു.പത്മപീഠം പുനര്‍ജന്മത്തെ സൂചിപ്പിക്കുന്നു.

 

അപസ്മാരം അഥവാ മുയലഖന്‍ എന്ന ദുഷ്ടനായ കുളളന്‍ അസുരന്‍റെ മേല്‍ ചവിട്ടിനിന്നാണ് ഭഗവാന്‍റെ നടനം. മുയലഖന്‍ അജ്ഞാനത്തിന്‍റെ പ്രതീകമാണ്.അതായത്, നടരാജനടനത്തിലൂടെ പ്രപഞ്ചത്തിലെ അജ്ഞാനാന്ധകാരം അകലുന്നു. സൃഷ്ടിക്കും പുനര്‍ജന്മത്തിനും വഴിയൊരുങ്ങുന്നു. അതായത് മലിനമായതിനെ നശിപ്പിച്ച് നന്മയുടെ പുതുജീവനും പുതിയ പ്രപഞ്ചവും സൃഷ്ടിക്കുന്നതിനാണ് ഭഗവാന്‍ നൃത്തം ചെയ്യുന്നത്.

OTHER SECTIONS