നവരാത്രികാലത്ത് ദേവിയെ വ്രതനിഷ്ഠയോടെ പ്രാര്‍ത്ഥിച്ചാല്‍ ഫലപ്രാപ്തി സുനിശ്ചിതം

By SUBHALEKSHMI B R.27 Sep, 2017

imran-azhar

നവരാത്രി കാലമാണിത്. ദേവീ ഭജനത്തിന് ഏറ്റവും ഉത്തമമായ കാലം. ദേവി ലോകമാതാവാണ്. ഈ പ്രപഞ്ചം തന്നെ മാതാവാണ്. തന്‍റെ ഗര്‍ഭത്തില്‍ ശിശുവിനെ ഉള്‍ക്കൊളളുന്നവള്‍ മാതാവാണല്ലോ? അതുപോലെ പ്രപഞ്ചം തന്‍റെ ഗര്‍ഭത്തിലാണ് സര്‍വ്വചരാചരങ്ങളെയും പേറുന്നത്. പ്രപഞ്ചം തന്നെ മാതാവാണെന്ന തിരിച്ചറിവോടു കൂടി വേണം നാം ദേവിയെ ഭജിക്കാന്‍. ജഗത്കാരിണിയും ഇടഞ്ഞാല്‍ ജഗത്നാശിനിയുമാണ് ആ ശക്തി. മാതാവിന് താങ്ങാനാവാത്ത പ്രവൃത്തി അവളുടെ സന്താനങ്ങളെ ദ്രോഹിക്കലാണ്. ആ പ്രവൃത്തി മനുഷ്യന്‍ ചെയ്യുന്പോഴാണ് പ്രകൃതിമാതാവ് സംഹാരശക്തിയായി പ്രകടമാകുന്നത്. ദേവിയെ ഭജിക്കുന്നവന്‍ അന്യന് ദ്രോഹം ചെയ്യരുത്.

 

ഇനി നവരാത്രി കാലത്തെ പറ്റി പറയാം. ആകെ ഒന്പത് ദിനങ്ങള്‍. ആദ്യ മൂന്ന് ദിവസം പാര്‍വ്വതി ദേവിയെയും (ശക്തി) അടുത്ത മൂന്നുദിവസം ലക്ഷ്മീദേവിയെയും (ഐശ്വര്യം) അവസാനത്തെ മൂന്നുദിവസം അതായത് അഷ്ടമി ,മഹാനവമി ,വിജയദശമി എന്നീ ദിനങ്ങളില്‍ സരസ്വതിദേവിയെയും (ജ്ഞാനം) ആരാധിക്കുന്നു. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണല്ലോ? ആയതിനാല്‍ ഈ മൂന്ന് ദിവസങ്ങള്‍ക്കാണ് കേരളത്തില്‍ പ്രധാന്യം നല്‍കിവരുന്നത്. മൈസൂറിലും ഉത്തരേന്ത്യയിലും ഒന്‍പത് ദിനങ്ങളും പ്രധാനമാണ്.

 

ദുര്‍ഗ്ഗയായി അവതാരമെടുത്ത് അമ്മ മഹിഷാസുരനെ വധിച്ചു. അവന്‍ മൈസൂരിലാണ് അധര്‍മ്മിയായി വളര്‍ന്നതെന്ന് സങ്കല്‍പം. അതിനാല്‍ അവിടെ ഈ ഉത്സവം ദസറയെന്നാണ് അറിയപ്പെടുന്നത്. കേരളത്തില്‍ വഞ്ചിഭൂപതിമാരാണ് നവരാത്രിക്കു നവരാത്രി മണ്ഡപം, നവരാത്രി സംഗീതോത്സവം എന്നിങ്ങനെ പുതിയ അര്‍ത്ഥഭാവങ്ങള്‍ നല്‍കിയത്.

 

നവരാത്രി ദിനങ്ങളില്‍ ലോകത്തെവിടെയായാലും വ്രതനിഷ്ഠയോടെ ദേവിയെ ഭജിച്ചാല്‍ ഫലം സുനിശ്ചിതമാണ്. നവരാത്രികാലത്ത് വ്രതനിഷ്ഠയോടെ സരസ്വതീമന്ത്രം ചൊല്ലുന്നവര്‍ക്ക് വ ിദ്യാവിജയം ലഭിക്കുക തന്നെ ചെയ്യും. ദുര്‍ഗ്ഗാഭജനം മനക്കരുത്തും ലക്ഷ്മീഭജനം സുഖദമായ ജീവിതവും നല്‍കും. അതിസന്പത്ത് ഉണ്ടാകുമെന്നല്ല. ദാരിദ്യ്രമുണ്ടാകില്ല. സാന്പത്തിക പ്രശ്നങ്ങളെ നേരിടാനുളള വഴി തെളിയുകയും ചെയ്യും.

OTHER SECTIONS