നിര്‍ജല ഏകാദശി വ്രതമെടുത്താല്‍ സംഭവിക്കുന്നത്

മിഥുന മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് നിര്‍ജല ഏകാദശിയെന്ന് അറിയപ്പെടുന്നത്

author-image
parvathyanoop
New Update
നിര്‍ജല ഏകാദശി വ്രതമെടുത്താല്‍ സംഭവിക്കുന്നത്

മിഥുന മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് നിര്‍ജല ഏകാദശിയെന്ന് അറിയപ്പെടുന്നത്. ഇത്തവണത്ത നിര്‍ജല ഏകാദശി ജൂണ്‍ 11 നാണ്. ഈ ഏകാദശിവ്രതമെടുക്കുന്നതുമൂലം ദീര്‍ഘായുസും കൈവല്യപ്രാപ്തിയുമുണ്ടാകുമെന്നാണ് വിശ്വാസം. ജലപാനം പോലുമില്ലാതെ ഏകാദശിവ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വര്‍ഷം മുഴുവന്‍ ഏകാദശി അനുഷ്ഠിച്ചതിന്റെ ഫലം ലഭിക്കുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. തികഞ്ഞ ഭക്തിയോടെ മനസില്‍ ഈശ്വര നാമം ജപിച്ചുകൊണ്ടുവേണം ഈ ദിവസം മുഴുവന്‍ കഴിച്ചുകൂട്ടാന്‍.

ഈ വ്രതാനുഷ്ഠാനത്തിനു ശേഷം ദ്വാദശിയിലെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സ്‌നാനം, വിഷ്ണുപൂജ, കഴിവിനനുസരിച്ചുള്ള ദാനം, അന്നദാനം എന്നിവ ചെയ്യണം.ഇടവ മാസത്തിലെ വെളുത്ത പക്ഷ ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് ഇന്നോ (ജൂണ്‍ 10 വെള്ളി) നാളെയോ (11 ശനി) എന്നു ചിലര്‍ക്കെങ്കിലും സംശയം തോന്നാം.കലണ്ടറുകളിലും പഞ്ചാംഗങ്ങളിലുമെല്ലാം ഏകാദശി തിഥി കുറിച്ചിരിക്കുന്നത് ജൂണ്‍ 10ന് വെള്ളിയാഴ്ചയാണ്. എന്നാല്‍ ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് ജൂണ്‍ 11നു ശനിയാഴ്ചയാണ്.ദശമിബന്ധമില്ലാതെയാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് എന്ന പുരാണ വചനങ്ങളാണ് ഇതിന് അടിസ്ഥാനം.

ജൂണ്‍ 10ന് ഏകാദശി എന്നു കാണുമെങ്കിലും അതു ദശമിബന്ധമുള്ളതാണ്. അതുകൊണ്ടാണ് ഏകാദശിവ്രതം ജൂണ്‍ 11-ലേക്കു മാറുന്നത്. ഭാരതത്തില്‍ പൗരാണിക കാലം മുതല്‍തന്നെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് അത്യധികം പ്രാധാന്യം കല്‍പിച്ചിരുന്നു. ആത്മീയവും ഭൗതികവുമായ ഉന്നതിക്ക് വളരെയധികം സഹായിക്കുന്ന പ്രായോഗിക പദ്ധതികളാണ് വ്രതാനുഷ്ഠാനങ്ങളില്‍ അടങ്ങിയിരിക്കുന്നത്. പുണ്യം, ആരോഗ്യം, ഐശ്വര്യം ഇവയ്ക്കുവേണ്ടി പുണ്യദിനങ്ങളില്‍ അനുഷ്ഠിക്കുന്ന ഉപവാസാദി കര്‍മങ്ങളാണ് വ്രതങ്ങള്‍. ശരീരത്തിനും മനസ്സിനും ഉത്തേജനം നല്‍കുന്നതാണ് എല്ലാ വ്രതങ്ങളും. ശാരീരികവും മാനസികവുമായ ശുചിത്വം, ആഹാര നിയന്ത്രണം, ഭഗവദ് പ്രാര്‍ത്ഥന, ക്ഷേത്രദര്‍ശനം തുടങ്ങിയവ എല്ലാ വ്രതങ്ങള്‍ക്കും ബാധകമാണ്.

എല്ലാ വ്രതങ്ങളും കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. സംവത്സരം, പക്ഷം, തിഥി, മാസം, വാരം, നക്ഷത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് വ്രതങ്ങളെല്ലാം നിശ്ചയിച്ചിരിക്കുന്നത്. നിത്യവ്രതങ്ങള്‍, നൈമിത്തിക വ്രതങ്ങള്‍, കാമ്യവ്രതങ്ങള്‍ എന്നിങ്ങനെയാണ്. വ്രതങ്ങള്‍ പുണ്യത്തിനായി അനുഷ്ഠിക്കുന്നവ നിത്യവ്രതങ്ങള്‍.ഏറ്റവും പ്രധാനം വ്രതങ്ങള്‍ നോല്‍ക്കുന്ന ആളിന്റെ ഭക്തി, ത്യാഗമനഃസ്ഥിതി ഇവയാണ്. വ്രതങ്ങള്‍ നോല്‍ക്കുന്നതിന് പുരുഷനെന്നോ, സ്ത്രീയെന്നോ വ്യത്യാസമില്ല. വ്രതങ്ങള്‍ നമ്മുടെ ജീവിതത്തിന് അടുക്കും ചിട്ടയും ഏതു പരിതഃസ്ഥിതിയെയും തരണം ചെയ്യാനുള്ള ത്രാണി, ആരോഗ്യം, എല്ലാറ്റിനുമുപരി ജീവിത സംതൃപ്തി ഇവ പ്രദാനം ചെയ്യുന്നു. എല്ലാ വ്രതത്തിനും നാഥന്മാരായി ഓരോ ദേവതമാരുണ്ടായിരിക്കും.

വ്രതങ്ങള്‍ വര്‍ഷത്തിലൊരിക്കലുള്ളത്, മാസത്തിലൊരിക്കലുള്ളത്, മാസത്തില്‍ രണ്ടുള്ളത്, ആഴ്ചയില്‍ ഒന്നുള്ളത് ഇങ്ങനെയെല്ലാമുണ്ട്. ഉപവാസവ്രതമെടുക്കുന്നതിന് തലേദിവസം അരി ആഹാരം ഒരു നേരമേ പാടുള്ളൂ. ഏകാദശി വ്രതം വ്രതങ്ങളില്‍ ശ്രേഷ്ഠമായ ഏകാദശിക്ക് വ്രതസംഖ്യയില്ല. വ്രതാനുഷ്ഠാനം ജീവിതാവസാനം വരെ പാലിക്കണം. പ്രതിപദം മുതല്‍ 11-ാമത്തെ തിഥി വരുന്ന ദിവസമാണ് ഏകാദശി. വെളുത്ത പക്ഷ ഏകാദശിയാണ് ഉത്തമം. ഏകാദശി ദിവസം അരിഭക്ഷണം കഴിക്കരുത്. ഉപവാസമായും ഏകാദശി എടുക്കാം. പിറ്റേന്ന് ദ്വാദശി ദിവസം തുളസിതീര്‍ത്ഥം സേവിച്ച് പാരണ വീടാം. മഹാവിഷ്ണു പ്രീതിക്കുവേണ്ടിയുള്ള വ്രതമാണ് ഏകാദശി.

 

നിര്‍ജല ഏകാദശിയുമായി ബന്ധപ്പെട്ട ഒരു കഥ ഇങ്ങനെയാണ്: ഭീമന്‍ ഒരിക്കല്‍ വ്യാസ ഭഗവാനോട് ഏകാദശിയനുഷ്ഠാനവുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലുണ്ടായ ഒരുകാര്യം പറഞ്ഞു. തന്റെ സഹോദരങ്ങളും ദ്രൗപതിയും അമ്മയുമെല്ലാം ഏകാദശിവ്രതം അനുഷ്ഠിക്കാറുണ്ട്. തന്നോടും ഈ വ്രതമെടുക്കാന്‍ പറഞ്ഞുവെന്നും എന്നാല്‍, തനിക്ക് വിശപ്പു സഹിക്കാന്‍ കഴിയാത്തതിനാല്‍ അതിന് സാധിക്കുന്നില്ലെന്നും ദാനം ചെയ്യുകയും ഭഗവാന് അര്‍ച്ചന നടത്തുകയും ചെയ്യാമെന്നും നിരാഹാരം അനുഷ്ഠിക്കാതെ എങ്ങനെ വ്രതമെടുക്കാമെന്നു പറഞ്ഞുതരണമെന്നും വ്യാസനോട് ഭീമന്‍ ആവശ്യപ്പെട്ടു.

അതിന് മറുപടിയായി വ്യാസന്‍ പറഞ്ഞത്, നരകത്തെ വെറുക്കുകയും സ്വര്‍ഗത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ രണ്ട് ഏകാദശിവ്രതങ്ങളെടുക്കാനാണ്. അതിന് മറുപടിയായി ഭീമന്‍ പറഞ്ഞത്, ഒരു നേരം മാത്രം ഭക്ഷണം കഴിച്ചുകൊണ്ട് തനിക്ക് ജീവിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് ഏതൊരു വ്രതം കൊണ്ടുമാത്രം തനിക്ക് മംഗളം ഭവിക്കുമെന്ന് പറഞ്ഞുതരണമെന്നുമാണ്. അതിന് മറുപടിയായി വ്യാസഭഗവാന്‍ പറഞ്ഞത്: മിഥുന മാസത്തിലെ ഏകാദശി വ്രതം അനുഷ്ഠിക്കാനാണ്. കുളിക്കുന്നതിലൂടെയും ആചമനം ചെയ്യുന്നതിലൂടെയും മാത്രം ജലം സ്വീകരിക്കുക. മറ്റ് ആഹാരങ്ങള്‍ തീര്‍ത്തും ഉപേക്ഷിക്കണം. ജീവിതകാലം മുഴുവന്‍ ഈ വ്രതം അനുഷ്ഠിച്ചാല്‍ സകല ഏകാദശി ദിവസങ്ങളിലും ആഹാരം കഴിച്ച പാപവും ഇല്ലാതാകുമെന്നും വ്യാസന്‍ പറഞ്ഞു.

വ്യാസന്റെ ഉപദേശം സ്വീകരിച്ച ഭീമന്‍ ജലപാനമില്ലാതെ വ്രതം അനുഷ്ഠിക്കുകയും ദ്വാദശി ദിവസം പുലര്‍ച്ചെ ബോധരഹിതനാവുകയും ചെയ്തു. തുടര്‍ന്ന് പാണ്ഡവര്‍ ഗംഗാജലവും തുളസീതീര്‍ഥവും കൊടുത്ത് അദ്ദേഹത്തിന്റെ ബോധക്കേട് മാറ്റിയെന്നുമാണ് ഐതിഹ്യം. നിര്‍ജല ഏകാദശിപോലുള്ള വ്രതങ്ങളെടുക്കുമ്പോള്‍ ആരോഗ്യസ്ഥിതികൂടി ശ്രദ്ധിക്കേണ്ടതാണ്.

 

NIRJALA EKADASHI TO KNOW DETAILS