കണ്ണന്‍റെ പിറന്നാള്‍ സദ്യയുണ്ട് ഭക്തസഹസ്രങ്ങള്‍

By webdesk.03 Sep, 2018

imran-azhar

ഗുരുവായൂര്‍ : ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഗുരുവായൂര്‍ എല്ലാവര്‍ഷത്തെയും പോലെ വന്‍ തിരക്ക്. ശനിയാഴ്ച മുതല്‍ തന്നെ തിരക്ക് ആരംഭിച്ചു. പിറന്നാള്‍ ദിനമായ ഞായറാഴ്ച പുലര്‍ച്ചെ മയില്‍പ്പീലി ചൂടി മഞ്ഞപ്പട്ടണിഞ്ഞ് പൊന്നിന്‍ കിങ്ങിണിയും പൊന്നോടക്കുഴലുമായി സ്വര്‍ണശ്രീലകത്ത് തിളങ്ങുന്ന ഉണ്ണിക്കണ്ണനെ കണ്ടുതൊഴാനെത്തിയത് പതിനായിരങ്ങള്‍. പുലര്‍ച്ചെ മൂന്നിനു നിര്‍മാല്യം, വാകച്ചാര്‍ത്ത് എന്നിവയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പിന്നീട് പുഷ്പവും ദീപവും കൊണ്ടു ക്ഷേത്രം അലങ്കരിച്ചു. രാവിലെ ഏഴിന് പഞ്ചാരിമേളത്തോടെ കാഴ്ചശീവേലി നടന്നു. പിന്നീട് ഗജരത്നം പത്മനാഭന്‍ സ്വര്‍ണ്ണക്കോലമെഴുന്നള്ളിച്ചു. രാവിലെ ഒന്‍പതോടെ കണന്‍റെ പിറന്നാള്‍ സദ്യ ആരംഭിച്ചു. ക്ഷേത്രക്കുളത്തിനു പടിഞ്ഞാറു ഭാഗത്തും തെക്കേനടയിലെ പ്രത്യേക പന്തലിലുമാണു സദ്യ വിളന്പിയത്. 25,000 പേരാണ് കണ്ണന്‍റെ പിറന്നാള്‍ സദ്യയുണ്ടത്. ഉച്ചകഴിഞ്ഞാല്‍ പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, മേളം, സന്ധ്യയ്ക്ക് നിറമാല, കേളി, തായന്പക, രാത്രി വിളക്കെഴുന്നള്ളിപ്പ്. അത്താഴപ്പൂജയ്ക്ക് വിശേഷവിഭവമായ നെയ്യപ്പം നിവേദിക്കല്‍ എന്നിവ നടന്നു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കലാമണ്ഡലം പി.വി.ഈശ്വരനുണ്ണിക്ക് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്കാരം സമ്മാനിച്ചു. രാത്രി വിളക്കെഴുന്നള്ളിപ്പ് കഴിഞ്ഞാണ് പുലര്‍ച്ചെയാണ് ക്ഷേത്രനട അടച്ചത്