2022-ലെ വൈക്കത്തഷ്ടമി ഉത്സവത്തിന് നവംബറില്‍ തുടക്കം കുറിക്കുന്നു

ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തില്‍ വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തില്‍ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി

author-image
parvathyanoop
New Update
2022-ലെ വൈക്കത്തഷ്ടമി ഉത്സവത്തിന് നവംബറില്‍ തുടക്കം കുറിക്കുന്നു

ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തില്‍ വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തില്‍ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ് ആ പേരു സിദ്ധിച്ചത്. ഈ ദിവസം രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയില്‍ പങ്കു ചേര്‍ന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു. 12 ദിവസം നീണ്ടു നില്‍ക്കുന്ന ഉവമാണിത്. അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തില്‍വച്ചാണ് നടത്തുന്നത്.

ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമിഎഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ പ്രസിദ്ധമാണ്. അഷ്ടമി ദിവസം ഉദയനാപുരം, വൈക്കം എന്നിവിടങ്ങളിലെ ദേവന്മാരുടെ എഴുന്നള്ളത്ത് അനേകം ഭക്തന്മാരെ ആകര്‍ഷിക്കുന്ന ഒന്നാണ്.ആചാര പ്രസിദ്ധമായ വൈക്കത്തഷ്ടമിയാണ്. വൃശ്ചിക മാസത്തിലെ അഷ്ടമി നാളില്‍ പരമശിവന്‍ പാര്‍വതീദേവീ സമേതനായി വ്യാഘ്രപാദ മഹര്‍ഷിക്ക് ദര്‍ശനം നല്‍കിയ പുണ്യ മുഹൂര്‍ത്തമാണ് വൈക്കത്തഷ്ടമിയെന്നാണ് ഐതീഹ്യം.കോട്ടയം ജില്ലയില്‍ വൈക്കം നഗരഹൃദയത്തിലുള്ള ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. പരശുരാമന്‍ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് കരുതുന്നു. പത്തേക്കറില്‍ കൂടുതല്‍ വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദര്‍ശനമായിട്ടാണ് വൈക്കം ക്ഷേത്രം.

ശ്രീ പരമേശ്വരന്‍ ശ്രീ പാര്‍വതീയോടൊപ്പം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ മഹാദേവന് 'അന്നദാന പ്രഭു' എന്നൊരു പേരുമുണ്ട്. ക്ഷേത്ര മുറ്റത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. ഊട്ടുപുരയുടെ പടിഞ്ഞാറുഭാഗത്തായി തിരുവാഭരണപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് തെക്കുവശത്തായി പനച്ചിക്കല്‍ ഭഗവതിയും നാഗദൈവങ്ങളും സ്ഥിതിചെയ്യുന്നു. അവിടെ ക്ഷേത്രകലാപീഠവും പ്രവര്‍ത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ട് കായലാണ്. സ്ഥലനാമം സംബന്ധിച്ച ഐതിഹ്യം ഇങ്ങനെ...ഒരിക്കല്‍, ശിവലിംഗത്തിന്റെ അറ്റം കണ്ടെത്തിയതായി അസത്യം പറഞ്ഞ കുറ്റത്തിന് ഭഗവാന്‍ ശിവന്‍ ബ്രഹ്മാവിന്റെ അഞ്ച് തലകളിലൊന്ന് വെട്ടിമാറ്റി.

ഇതെത്തുടര്‍ന്ന് ഭഗവാനെ ബ്രഹ്മഹത്യാ പാപം ബാധിച്ചു. ഇത് പരിഹരിക്കാനായി അദ്ദേഹം ബ്രഹ്മാവിന്റെ തലയോട്ടിയും കയ്യിലേന്തി പാര്‍വ്വതീ ദേവിയ്ക്കൊപ്പം നാടുമുഴുവന്‍ നടന്ന് ഭിക്ഷ യാചിച്ചു. പലരും ഭഗവാന് ഭിക്ഷയായി പലതും കൊടുത്തു. എന്നാല്‍, തലയോട്ടി നിറഞ്ഞാല്‍ അത് അപ്പോള്‍ത്തന്നെ അദ്ദേഹം ഭസ്മമാക്കിക്കളഞ്ഞു. അങ്ങനെ, പന്ത്രണ്ടുവര്‍ഷം കഴിഞ്ഞു. ഭഗവാന്‍ ദേവിയോടൊപ്പം ഇന്ന് ക്ഷേത്രമിരിക്കുന്ന സ്ഥലത്തെത്തി. അപ്പോഴും തലയോട്ടി നിറഞ്ഞിരിയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍, പതിവിന് വിപരീതമായി ഭഗവാന്‍, തലയോട്ടി വയ്ക്കാമെന്ന് പറഞ്ഞു. അങ്ങനെ, 'വയ്ക്കാം' എന്ന പ്രയോഗമാണ് വൈക്കം ആയതെന്ന് വിശ്വസിച്ചുവരുന്നു.

വൈക്കത്തപ്പന്‍ പ്രഭാതത്തിലും, മദ്ധ്യാഹ്നത്തിലും സായം കാലത്തും മൂന്നുഭാവങ്ങള്‍ സ്വീകരിച്ച് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നു എന്നാണ് വിശ്വാസം. പ്രഭാതത്തില്‍ ജ്ഞാനപ്രദനായ ദക്ഷിണാമൂര്‍ത്തിയായും, മദ്ധ്യാഹ്നത്തില്‍ അര്‍ജ്ജുനന്റെ അഹന്തമദാദികള്‍ തച്ചുടച്ച് പാശുപതാസ്ത്രം നല്‍കി അനുഗ്രഹിച്ച കിരാതമൂര്‍ത്തിയായും, വൈകുന്നേരം പാര്‍വ്വതീസമേതനായി പുത്രന്മാരായ ഗണപതിയേയും സുബ്രഹ്മണ്യനേയും മടിയിലിരുത്തി സകല ദേവതാദികളാലും മുനിജനങ്ങളാലും സംപൂജ്യനായി വിരാജിക്കുന്ന മംഗളരൂപനായും ആണ് ഈ മൂന്നു ഭാവങ്ങള്‍. വളരെ പണ്ട് ഇവിടുത്തെ തന്ത്രം മോനാട്ട് ഇല്ലത്തേക്കായിരുന്നു.

ചില പ്രത്യേക സാഹചര്യത്തില്‍ ആ ഇല്ലക്കാര്‍ തന്ത്രം വച്ചൊഴിയുകയും അതിനുശേഷം തന്ത്രം മേക്കാട്ടില്ലത്തേക്ക് ആയി പില്‍ക്കാലത്ത് മേക്കാട്ടില്ലക്കാര്‍ തന്ത്രം മറ്റപ്പിള്ളി (ഭദ്രകാളി മറ്റപ്പിള്ളി) ഇല്ലക്കാരുമായി പങ്കിട്ടു. അങ്ങനെ ഇപ്പോള്‍ വൈക്കം ക്ഷേത്രത്തില്‍ രണ്ട് തന്ത്രിമാരുണ്ട്.കാലത്ത് ഉഷപൂജ, പിന്നെ എതൃത്തപൂജ, പന്തീരടിപൂജ, ഉച്ചപൂജ എന്നിവയും വൈകുന്നേരം അത്താഴപ്പൂജയും എന്നിങ്ങനെയാണ് സാധാരണ ദിവസങ്ങളിലെ പൂജകള്‍. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍പ്പെട്ട പതിനൊന്ന് ഇല്ലക്കാര്‍ക്കാണ് ഇവിടുത്തെ ശാന്തി കാരായ്മ. ഇത് അവകാശം ആണ്. അതില്‍ തരണി ഇല്ലക്കാര്‍ക്കാണ് മേല്‍ശാന്തി സ്ഥാനം. ബാക്കിയുള്ള പത്ത് ഇല്ലക്കാര്‍ കീഴ്ശാന്തി ജോലിയും നോക്കിവരുന്നു.

തൃക്കോവില്‍ പ്രവര്‍ത്തികള്‍ നടത്തുന്നതിന്റെ ചുമതല കിഴക്കേടത്ത് മൂസ്സതന്മാരെന്നും പടിഞ്ഞാറേടത്ത് മൂസ്സത്ന്മാരെന്നും അറിയപ്പെടുന്ന കാരാണ്മാവകാശമുള്ള രണ്ടു കുടുംബക്കാര്‍ക്കാണ്. കൊടിയേറ്റ് അറിയിപ്പ്, എതിരേല്പ് മുതലായ ചടങ്ങുകള്‍ നടത്തുന്ന അവകാശം മൂസ്സത്ന്മാര്‍ക്കാണ്. പ്രസിദ്ധനായ വൈക്കത്ത് പാച്ചുമൂത്തത് പടിഞ്ഞാറേടത്ത് ഇല്ലത്തേതുമാണ്.

ക്ഷേത്രത്തിലെ മുഖ്യവഴിപാട് അന്നദാനമാണ്. ഇപ്പോള്‍ അത് പ്രാതലായും അന്നദാന ട്രസ്റ്റ് നടത്തുന്ന അന്നദാനം ആയും നടന്നുവരുന്നു. പണ്ട് പ്രാതല്‍, നാലമ്പലത്തിനകത്തെ ബ്രാഹ്മണസദ്യ കഴിഞ്ഞാല മേല്‍ശാന്തി ശ്രീലകം തുറന്ന്, ഒരു തളികയില്‍ പൊടി ഭസ്മം എടുത്ത് പ്രാതലുണ്ടവര്‍ക്ക് നല്‍കുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു. ഈ പ്രസാദത്തിന് ആനന്ദപ്രസാദം എന്നാണ് പറഞ്ഞിരുന്നത്. നാലമ്പലത്തിനകത്തെ സദ്യമാറ്റം വന്നപ്പോള്‍ ഈ ചടങ്ങും നിലച്ചു. സഹസ്രകലശം, ദ്രവ്യകലശം, ആയിരംകലശം, ആയിരംകുടം, ക്ഷീരധാര, ആലുവിളക്ക് എന്നിവയൊക്കെ മറ്റു വഴിപാടുകളാണ്.

വൈക്കം ക്ഷേത്രത്തിലെ പ്രസാദം വലിയ അടുക്കളയിലെ ചാരം (ഭസ്മം) ആണ്.ക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി മഹോത്സവം തന്നെയാണ്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊടിയേറ്റും ആറാട്ടും നോക്കിയല്ല ഉത്സവം നടത്തുന്നത്. മൊത്തം പതിമൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ പന്ത്രണ്ടാം നാള്‍ അഷ്ടമി വരുന്ന വിധത്തിലാണ് ഉത്സവം. മുളയിടലും കലശാഭിഷേകവും വഴി തുടങ്ങുന്ന ഉത്സവം അങ്കുരാദിയാണ്. തുടര്‍ന്ന് സന്ധ്യയ്ക്ക് കൊടിയേറ്റം നടക്കുന്നു. കൊടിയേറിക്കഴിഞ്ഞാല്‍ പതിമൂന്ന് ദിവസം ഗംഭീരന്‍ ആഘോഷപരിപാടികളുണ്ട്. രോഹിണിദിവസം സന്ധ്യയ്ക്കാണ് കൂടിപ്പൂജ.

വൈക്കത്തപ്പന്റെ പുത്രനായ ഉദയനാപുരത്തപ്പന്‍ (സുബ്രഹ്മണ്യന്‍) ആറാട്ടുകഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലേയ്ക്കുപോകുന്ന വഴിയ്ക്കുവച്ച് പിതാവിനെ കാണാന്‍ വൈക്കത്തെത്തും. തുടര്‍ന്ന് ഇരുവരുടെയും ബിംബങ്ങള്‍ അടുത്തുവച്ച് ശ്രീകോവില്‍ നടയടച്ച് പൂജ തുടങ്ങുന്നു. ആ സമയത്ത് ശിവന്‍, പാര്‍വ്വതീ, ഗണപതീ, സുബ്രഹ്മണ്യ സമേതനായി കൈലാസത്തില്‍ അമരുന്നു എന്നാണ് വിശ്വാസം. കൂടിപ്പൂജയുടെ മന്ത്രങ്ങള്‍ തന്ത്രിയ്ക്കും മേല്‍ശാന്തിയ്ക്കും മാത്രമേ അറിയൂ.പന്ത്രണ്ടാം ദിവസമാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. അന്ന് പതിവിലും ഒരുമണിക്കൂര്‍ നേരത്തേ നട തുറക്കും. അഷ്ടമിനാളിലെ മഹാനിര്‍മ്മാല്യദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്കായിരിയ്ക്കും.

അന്ന് ക്ഷേത്രത്തില്‍ നിവേദ്യങ്ങളില്ല. പുത്രനായ സുബ്രഹ്മണ്യന്റെ വിജയത്തിനായി ഭഗവാന്‍ ഉപവാസമനുഷ്ഠിയ്ക്കുന്നു എന്നാണ് വിശ്വാസം. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് ഗംഭീരന്‍ സദ്യയുണ്ടായിരിയ്ക്കും. താനൊഴികെ മറ്റാരും അന്ന് പട്ടിണി കിടക്കരുത് എന്ന് ഭഗവാന് നിര്‍ബന്ധമാണത്രേ. ക്ഷേത്രത്തിലെ വടക്കേ ഗോപുരം അന്നുമാത്രമേ തുറക്കൂ. അതിലൂടെ വൈകീട്ട് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തുമുണ്ട്.

കൊടിയേറ്റും വിശേഷങ്ങളും

ഒന്നാം ദിവസം വൈക്കത്തഷ്ടമി ഉത്സവത്തിനു 06/11/2022 ഞായറാഴ്ച രാവിലെ ആണ് തൃക്കോടിയേറ്റ്. ഒന്നും രണ്ടും ഉത്സവങ്ങള്‍ സംയുക്ത ടട കരയോഗം ആണ് നടത്തുന്നത്. 07/11/2022 രണ്ടാം ഉത്സവ ദിവസം തിങ്കളാഴ്ച പൂജയും പൗര്‍ണമി പൂജയും വൈകുന്നേരം ഉണ്ട്.മൂന്നാമത്തെ ദിവസം (08/11/2022) SNDP ആണ് ഉത്സവം നടത്തുന്നത്. ഈ ദിവസം ഉച്ചക്ക് 2.44 മുതല്‍ വൈകുന്നേരം 6.24 വരെ ചന്ദ്രഗ്രഹണം ആയതിനാല്‍ വൈകുന്നേരം ഗ്രഹണത്തിന് ശേഷം മാത്രമേ നട തുറക്കുകയുള്ളു.09/11/2022 നാലാം ഉത്സവം. 10/11/2022 അഞ്ചാം ഉത്സവം, ഈ ദിവസം ആദ്യത്തെ ഉത്സവബലിദര്‍ശനം ആണ് ഉച്ചക്ക് 1.00 മണിക്ക്. 1/11/2022 ആറാം ഉത്സവം. ഉച്ചക്ക് 1.00 മണിക്ക് ഉത്സവബലി ദര്‍ശനം.

2/11/2022 ഏഴാം ഉത്സവം. വൈകുന്നേരം തിരുവാതിര പൂജ ഉണ്ട്. രാത്രി 11.00മണിക്ക് വിളക്കിന് ഋഷഭവാഹനം എഴുന്നള്ളിപ്പ് ആണ്.13/11/2022 എട്ടാം ഉത്സവം. ഉച്ചക്ക് 2.00 മണിക്ക് ആണ് ഉത്സവബലി ദര്‍ശനം.വൈകുന്നേരം മുള പൂജ ഉണ്ടായിരിക്കും. 14/11/2022 ഒന്‍പതാം ഉത്സവം. എട്ടാം ഉത്സവത്തിന്റെ വിളക്ക് വെളുപ്പിന് 5.00 മണിക്ക് വടക്കും ചെരിമേലേക്കു എഴുന്നള്ളിക്കും, അതിനു ശേഷം ആയിരിക്കും നിര്‍മ്മാല്ല്യദര്‍ശനം. വൈകുന്നേരം കാഴ്ച ശ്രീബലിക്ക് പഞ്ചാരിമേളവും തുടര്‍ന്ന് തിങ്കളാഴ്ച പൂജയും ഉണ്ട്. 15/11/2022 പത്താം ഉത്സവം. ഒന്‍പതാം ഉത്സവത്തിന്റെ വിളക്ക് വെളുപ്പിന് 5.00 മണിക്ക് തെക്കും ചെരിമേലെക്ക് എഴുന്നള്ളിക്കും തുടര്‍ന്ന് നിര്‍മ്മാല്ല്യ ദര്‍ശനം. രാവിലെ 9.00 മണിക്ക് വലിയ ശ്രീബലി. രാത്രി 11.00 മണിക്ക് ആണ് വലിയ വിളക്ക്.16/11/2022 പതിനൊന്നാം ഉത്സവം.

അഷ്ടമി ഉത്സവത്തിന്റെ അവസാനത്തെ ശ്രീബലി, തുടര്‍ന്ന് ഉച്ചക്ക് 2.00 മണിക്ക് ഉത്സവബലി ദര്‍ശനം. (ദര്‍ശന പ്രാധാന്യം) വൈകുന്നേരം അഷ്ടമി പൂജ.17/11/2022 (മണ്ഡലമാസം ആരംഭം) പന്ത്രണ്ടാം ഉത്സവം. 'വൈക്കത്തഷ്ടമി' ദിവസം ആയ ഈ ദിവസം വെളുപ്പിന് 4.30 മുതല്‍ അഷ്ടമി ദര്‍ശനം. രാത്രിയില്‍ നടക്കുന്ന അഷ്ടമി വിളക്കിന് 10.00 മണിക്ക് വൈക്കത്തപ്പനെ എഴുന്നള്ളിക്കും, തുടര്‍ന്ന് ഉദയനാപുരത്തപ്പന്‍, മൂത്തേടത്തുകാവിലമ്മ, കൂട്ടുമ്മേലമ്മ, ശ്രീ നാരായണപുരത്തപ്പന്‍, കിഴക്കുംകാവിലമ്മ, പുഴവായിക്കുളങ്ങര ഇണ്ടംതുരുത്തി ഭഗവതി , തിരുമണിവെങ്കിടപുരം ശ്രീ രാമസ്വാമി എന്നീ ഭാഗവമാരുടെ വരവും കൂടി എഴുന്നള്ളിപ്പും വലിയകാണിക്കയും ഈ ഭാഗവമാരുടെ യാത്ര അയപ്പും നടക്കുന്നു. 18/11/2022 വെള്ളിയാഴ്ച. പതിമൂന്നാം ഉത്സവം.

വൈകുന്നേരം 5.00 മണിക്ക് ഉദയനാപുരത്തേക്ക് ആറാട്ടിനു പുറപ്പെടും. ആറാട്ടിനു ശേഷം ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപൂജ രാത്രി 10.00 മണിക്ക് നടക്കും. 19/11/2022 ശനിയാഴ്ച ഉച്ചപൂജക്ക് നടക്കുന്ന 'മുക്കുടി' നിവേദ്യത്തോടെ ഈ വര്‍ഷത്തെ വൈക്കത്തഷ്ടമി പരിസമാപ്തി കുറിക്കുന്നു.

 

vaikkathashtami