പ്രദ്യുമ്നൻറെ കഥ

കൃഷ്ണൻറെ പ്രിയപത്‌നി രുക്മിണി ഒരു പുത്രനെ പ്രസവിച്ചു. ശിശു കാമദേവൻ തന്നെയായിരുന്നു. കാമദേവനാകട്ടെ പരമശിവനാൽ ഭസ്മമാക്കപ്പെട്ടിരുന്നു. ഈ കൃഷ്ണപുത്രൻ പ്രദ്യുമ്നൻ എന്ന പേരിൽ അറിയപ്പെട്ടു. സൗന്ദര്യത്തിൽ കൃഷ്ണനു തുല്യനായിരുന്നു അദ്ദേഹം.

author-image
online desk
New Update
പ്രദ്യുമ്നൻറെ കഥ
 
 
 
കൃഷ്ണൻറെ പ്രിയപത്‌നി രുക്മിണി ഒരു പുത്രനെ പ്രസവിച്ചു. ശിശു കാമദേവൻ തന്നെയായിരുന്നു. കാമദേവനാകട്ടെ പരമശിവനാൽ ഭസ്മമാക്കപ്പെട്ടിരുന്നു. ഈ കൃഷ്ണപുത്രൻ പ്രദ്യുമ്നൻ എന്ന പേരിൽ അറിയപ്പെട്ടു. സൗന്ദര്യത്തിൽ കൃഷ്ണനു തുല്യനായിരുന്നു അദ്ദേഹം.
 
ശംബരൻ എന്ന് പേരായ രാക്ഷസൻ പ്രദ്യുമ്നൻ തന്നെ വധിക്കാനാണ് ജനിച്ചിട്ടുളളതെന്ന് അറിയാമായിരുന്നു. അതിനാൽ അമ്മയും മകനും ഗർഭഗൃഹത്തിൽ കഴിയുമ്പോൾ ശംബരൻ കുട്ടിയെ മോഷ്ടിച്ചു കടന്നുകളഞ്ഞു. എന്നിട്ടതിനെ കടലിൽ എറിയുകയും ചെയ്തു. വലിയൊരു മത്സ്യം ശിശുവിനെ വിഴുങ്ങി. ഈ മത്സ്യത്തെ വലയിട്ടു പിടിച്ച മുക്കുവൻ അതിനെ ശംബരനു കാഴ്ച നൽകി. ശംബരൻ അതിനെ പാചകം ചെയ്യാനേൽപ്പിച്ചു. മീൻ മുറിച്ച കുശിനിക്കാരൻ ജീവനോടെ കുട്ടിയെ അതിൻറെ വയറ്റിൽ കണ്ടു. ശംബരൻറെ വേലക്കാരിയായ മായാവതിക്ക് വലലൻ ശിശുവിനെ നൽകി. മായാവതി രതീദേവിയായിരുന്നു. മന്മഥൻറെ ധർമ്മദാരം. നാരദമുനി ശിശുവിൻറെ വ്യക്തിത്വം മായാവതിക്ക് മനസ്സിലാക്കി കൊടുത്തു.
 
രതിയുടെ സ്നേഹവാത്സല്യങ്ങളോടെ ശിശു വള ർന്നു യുവാവായി. രതി-മായാവതി-യുടെ ശൃംഗാര ഭാവങ്ങൾ യുവാവിന് മനഃക്ലേശമുളവാക്കി. മായാവതി കഥകളെല്ലാം അവനെ പറഞ്ഞു മനസ്സിലാക്കി. നാരദൻ പറഞ്ഞ കാര്യങ്ങളെല്ലാം മായാവതി മന്മഥനോട് പറഞ്ഞു. ശംബരൻറെ കഥ കഴിക്കാൻ മായാവതി അദ്ദേഹത്തെ പ്രേരിപ്പിച്ചു. മഹാമായ എന്ന മായാവിദ്യയും അവൾ അദ്ദേഹത്തെ പഠിപ്പിച്ചു. അതുകൊണ്ട് എല്ലാവിധ ആഭിചാരങ്ങളിൽ നിന്നും മായയിൽ നിന്നും ഒരുവനു രക്ഷപ്പെടാൻ കഴിയുമെന്നും മായാവതി പഠിപ്പിച്ചു.
 
പ്രദ്യുമ്നൻ ശംബരനെ ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിച്ചു. ശംബരൻ പലേവിധ മായാജാലങ്ങളും പ്രയോഗിച്ചെങ്കിലും പ്രദ്യുമ്നനെ അതൊന്നും ബാധിച്ചില്ല. അവസാനം മൂർച്ചയേറിയ ഒരു വാൾമുനയാൽ ശംബരൻ വധിക്കപ്പെട്ടു. മായാവതി തൻറെ നാഥനുമൊരുമിച്ച് ദ്വാരകയിലേക്ക് പോയി. കൃഷ്ണൻറെ കൊട്ടാരത്തിലെത്തിയപ്പോൾ കൃഷ്ണൻ വന്നിരിക്കുകയാണെന്നു വിചാരിച്ച് സ്ത്രീകൾ മുഖം മറച്ചു. ദമ്പതികളെ കണ്ട് രുക്മിണി ആരാണിവരെന്നു വിസ്മയിച്ചു. കൃഷ്ണനും അവിടെ വന്നു് അവരെ കണ്ടു. അദ്ദേഹത്തിന് കഥകൾ എല്ലാം അറിയാമായിരുന്നു. നാരദമുനി അവിടെയെത്തി യുവദമ്പതികളെ എല്ലാവർക്കുമായി പരിചയപ്പെടുത്തി. പ്രദ്യുമ്നൻറെ ജീവചരിത്രം മുഴുവൻ പറഞ്ഞു മനസ്സിലാക്കി. രുക്മിണി തൻറെ പ്രഥമപുത്രൻറെ നഷ്ടത്തിൽ മനംനൊന്തു കഴിഞ്ഞിരുന്നു. ഈ പുനഃസമാഗമം രുക്മിണിയെ ഏറെ സന്തുഷ്ടയാക്കി. പ്രദ്യുമ്നൻ എല്ലാ വിധത്തിലും തൻറെ പിതാവിനു തുല്യനായിരുന്നു. സ്ത്രീജനഹൃദയങ്ങളെ അദ്ദേഹവും സമാകർഷിച്ചു.
 
 
 
Astro