വര്‍ഷത്തില്‍ പന്ത്രണ്ട് നാള്‍ നടതുറക്കുന്ന തിരുവൈരാണിക്കുളം

By Online Desk.04 Jan, 2018

imran-azharആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ മംഗല്യവരദായനിയായ ശ്രീപാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം ഏറെ പ്രസിദ്ധമാണ്. അഭീഷ്ടവരദായ
കനും ക്ഷിപ്രപ്രസാദിയുമായ ശ്രീമഹാദേവനും ശ്രീപാര്‍വ്വതിദേവിയും വാണരുളുന്ന ഈ ചരിത്രപ്രസിദ്ധമായ ക്ഷേത്രം ദക്ഷിണകൈലാസം, മംഗല്യവരദായനിക്ഷേത്രം തു
ടങ്ങിയ വിശേഷനാമധേയങ്ങളിലും അറിയപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ ധനുമാസത്തിലെ തിരുവാതിര നാള്‍ മുതല്‍ പന്ത്രണ്ട് ദിവസം മാത്രമേ ശ്രീപാര്‍വ്വതി ദേവിയുടെ
നട തുറക്കുകയുള്ളൂ.

 


ഇങ്ങനെ 12 ദിവസങ്ങളില്‍ മാത്രം ഈ ദേവീക്ഷേത്ര നട തുറക്കുന്നതിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ക്ഷേത്രതിടപ്പള്ളിയില്‍ വച്ച് മഹാദേവന് വേണ്ടി ശ്രീപാര്‍വ്വതി
ദേവി നിവേദ്യം തയ്യാറാക്കുക പതിവുണ്ടായിരുന്നു. ഈ സമയത്ത് തിടപ്പള്ളിയിലേക്ക് ആരും കടന്നു ചെല്ലരുതെന്നായിരുന്നു നിര്‍ദ്ദേശം. ഒരു ദിവസം ദേവിനിവേദ്യം തയ്യാറാക്കവെ ഊരാണ്‍മക്കാരിലൊരാള്‍ തിടപ്പള്ളിയിലെ രഹസ്യമറിയാനായി ഒളിഞ്ഞു നോക്കി.

 

സര്‍വ്വാഭരണവിഭൂക്ഷിതയായ ജഗദംബികയെ കണ്ട് അയാള്‍ ഭക്തി ലഹരിയാല്‍ അമ്മേ, ജഗദംബികേ എന്ന് അറിയാതെ വിളിച്ചുപോയി എന്നാല്‍ തന്റെ വിലക്ക് ലംഘിച്ച് തിടപ്പള്ളിയിലേക്ക് ഒളിഞ്ഞു നോക്കിയതില്‍ ക്ഷുഭിതയായ ദേവി അവിടം വിട്ടു പോകാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ അയാള്‍ ചെയ്തുപോയ തെറ്റിന് ദേവിയോട് ക്ഷമായാചനം നടത്തുകയും അവിടം വിട്ടു പോകരുതെന്ന് കണ്ണീരോടുകൂടി അപേക്ഷിക്കുകയും ചെയ്തു.

 

ആ ഭക്തന്റെ ക്ഷമാപണത്തിലും അപേക്ഷയിലും മനസ്‌സലിഞ്ഞ ദേവി ഇപ്രകാരം അരുളി ചെയ്തു. ഭഗവാന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര നാള്‍ ദിവസം അസ്തമിച്ച് കുസുമധാരണ സമയത്തിനുമുമ്പ് സര്‍വ്വാഭരണവിഭൂഷിതയായി ദര്‍ശനം തരാം. അതു തൊട്ട് പന്ത്രണ്ടുദിവസം എന്നെ വന്നു കാണുന്ന ഭക്തര്‍ക്ക് സര്‍വൈശ്വര്യങ്ങളും ലഭിക്കും. ഇതേ തുടര്‍ന്നാണ് തിരുവൈരാണിക്കുളം മഹാക്ഷേത്രത്തിലെ ശ്രീപാര്‍വ്വതി ദേവിയുടെ 12 ദിവസം നീണ്ടു നില്‍ക്കുന്ന നടതുറപ്പു മഹോത്സവം ആഘോഷിക്കുന്നത്.

 


ഉദയാസ്തമനപൂജ, തിരുവാതിര നാളിലെ തിരുവാതിരയൂട്ട്, മൃത്യുഞ്ജയപുഷ്പാഞ്ജലി, സ്വയംവരപുഷ്പാഞ്ജലി, ഭാഗ്യസൂക്തപുഷ്പാഞ്ജലി, വിദ്യാമന്ത്രപുഷ്പാഞ്ജലി, ഐക്യമത്യപുഷ്പാഞ്ജലി പുരുഷസൂക്തപുഷ്പാഞ്ജലി, ധാര, താലി, പട്ട്, ഇണപ്പുടവ, മഞ്ഞള്‍പ്പൊടി, വാല്‍ക്കണ്ണാടി, തൊട്ടില്‍, എള്ളുപറ, മഞ്ഞള്‍പ്പറ, കറുകഹോമം, തളികനിവേദ്യം തുടങ്ങിയവയാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.

 


തിരുനടതുറപ്പ് ഉത്സവം ആഘോഷിക്കുന്ന ഈ പന്ത്രണ്ട് ദിവസങ്ങളില്‍ ദേവിദര്‍ശനം നടത്തി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചാല്‍ മംഗല്യതടസ്‌സം, സന്താനദുരിതം ദാമ്പത്യക്‌ളേശം, മാനസീകപീഡ, ഐശ്വര്യഹാനി, എന്നിവഅകന്ന് മനോസുഖം, ഐശ്വര്യം, കര്‍മ്മപുഷ്ടി തുടങ്ങിയവ ഗുണഫലങ്ങള്‍ കൈവരും. ഈ വര്‍ഷത്തെ തിരുവൈരാണികുളത്ത് നടതുറപ്പു മഹോത്സവം 2018 ജനുവരി 1 മുതല്‍ ജനുവരി 12 വരെയാണ്.

 

 

OTHER SECTIONS