ഇന്ന് ആവണി അവിട്ടം ; ഹയഗ്രീവജയന്തി, ശ്രീകൃഷ്ണപ്രീതിക്ക് ഉത്തമ ദിവസം

By parvathyanoop.07 08 2022

imran-azhar

 

 

ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുന്‍പ് വരുന്ന പൗര്‍ണ്ണമി നാളാണ് ആവണി അവിട്ടം. ഹയഗ്രീവ ജയന്തി, രക്ഷാബന്ധന്‍ എന്നിങ്ങനെയും ആചരിക്കുന്ന ഈ ദിവസം മഹാവിഷ്ണുവിനെയും ശ്രീകൃഷ്ണസ്വാമിയെയും പ്രീതിപ്പെടുത്താന്‍ ഉത്തമമാണ്.
ബ്രാഹ്മണര്‍ പൂണൂല്‍ മാറ്റി പുതിയ പൂണൂല്‍ ധരിക്കുകയും പൂര്‍വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുന്നു. ഉപാകര്‍മ്മം എന്നാണ് ഈ ദിവസത്തെ ആചാരത്തിന് പേര്‍. ഈ ദിവസം വേദോച്ചാരണവും മന്ദ്രോച്ചാരണവും നടത്തുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്.ബ്രാഹ്മണ യുവാക്കള്‍ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂല്‍ ധരിക്കുന്നതും ഈ ദിവസമാണ്.

 

പൂണൂല്‍ ധരിക്കുന്നതോടെ അയാളുടെ അകക്കണ്ണ് അല്ലെങ്കില്‍ വിജ-്ഞാനത്തിന്റെ കണ്ണ് തുറന്നു എന്നാണ് സങ്കല്‍പ്പം.എന്നാല്‍ നാല് വേദങ്ങളില്‍ ഓരോന്നിനെയും പിന്‍തുടരുന്ന ബ്രാഹ്മണര്‍ വ്യത്യസ്ത തരത്തിലും വ്യത്യസ്ത ദിവസങ്ങളിലുമാണ് ഉപാകര്‍മ്മങ്ങള്‍ അനുഷ് ഠിക്കാറുള്ളത്.ഈ ദിവസം പൂണൂല്‍ മാറ്റുന്നതോടെ ബ്രാഹ്മണര്‍ ഒരു വര്‍ഷം മുഴുവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് രക്ഷ നേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാ കവചം അണിയുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം.

 

ആവണി അവിട്ടത്തിന് ഇത്തരമൊരു രക്ഷാ സങ്കല്‍പ്പം ഉള്ളതുകൊണ്ടാവാം ഇതേ ദിവസം ദേശ വ്യാപകമായി രക്ഷാ ബന്ധന്‍ ഉത്സവമായി ആഘോഷിക്കുന്നത്.വടക്കേ ഇന്ത്യയില്‍ ആവണി അവിട്ടം രക്ഷ, രാഖി എന്നീ പേരുകളിലും അറിയപ്പെടുന്നു. ആവണി അവിട്ടം വളരെ വിപുലമായാണ് ബ്രാഹ്മണ ഗൃഹങ്ങളില്‍ ആചരിക്കുന്നത്.

 

സ്ത്രീകളും കുട്ടികളും പുതുവസ്ത്രങ്ങളും, ആടയാഭരണങ്ങളും അണിയുന്നു. വിഭവ സമൃദ്ധമായ സദ്യയും പലഹാരങ്ങളും ഒരുക്കുന്നു. ഇങ്ങനെ ആചരിച്ചാല്‍ സര്‍വ്വൈശ്വര്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം.ഈ ദിവസം തന്നെയാണ് രാഖി അഥവാ രക്ഷാബന്ധന്‍ ആചരിക്കുന്നത്.

 

ആവണി അവിട്ടം എൈതിഹ്യം

 

ഇന്ദ്രന്റെ ഭാര്യ സചി ഈ ദിവസം അസുരന്മാരെ തോല്‍പ്പിച്ച് അമരാവതി വീണ്ടെടുത്ത ഇന്ദ്രന്റെ കൈത്തണ്ടയില്‍ ഒരു ചരട് കെട്ടിയെന്നും ആണെന്നാണ് സങ്കല്‍പ്പം.ഒരിക്കല്‍ ബ്രഹ്മാവിന് വേദങ്ങളുടെ സൂക്ഷിപ്പുകാരന്‍ ഞാനാണെന്ന അഹന്തയുണ്ടായി. ആ അഹങ്കാരം തീര്‍ക്കാന്‍ ഭഗവാന്‍ രണ്ട് അസുരന്മാരില്‍ പ്രേരണ ശക്തിയായി. അവര്‍ ബ്രഹ്മാവില്‍ നിന്നും വേദങ്ങള്‍ മോഷ്ടിച്ചു. അഹങ്കാരം തീര്‍ന്ന ബ്രഹ്മാവ് വേദത്തെ വീണ്ടെടുക്കാന്‍ ഭഗവാനെ അഭയം പ്രാപിച്ചു.

 

ഭഗവാന്‍ ഹയഗ്രീവനായി അവതാരം കൈക്കൊണ്ട് വേദങ്ങള്‍ വീണ്ടെടുത്തു. ആ ദിവസമാണ് ആവണി അവിട്ടം എന്നും ഐതിഹ്യമുണ്ട്. ഈ ദിവസം ഹയഗ്രീവജയന്തിയായും അറിയപ്പെടുന്നു. ഹയഗ്രീവന്‍ വേദത്തെ വീണ്ടെടുത്ത ഈ ദിനത്തില്‍ പൂണൂല്‍ ധരിക്കുന്നതോടെ വിജ്ഞാനത്തിന്റെ അകക്കണ്ണ് തുറക്കുന്നു എന്ന് സങ്കല്‍പ്പം.

 

രക്ഷാബന്ധന്‍ ഐതിഹ്യം

 

ധര്‍മ്മപുത്രരുടെ രാജസൂയ ദിവസം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ദ്രൗപതി അണിഞ്ഞ വിശിഷ്ടമായ പട്ടുസാരിയാണ് . രാജസൂയ വേദിയില്‍ വച്ച് ശിശുപാലന്‍ ശ്രീകൃഷണ ഭഗവാനെ അധിക്ഷേപിച്ചപ്പോള്‍ ഭഗവാന്‍ സുദര്‍ശനചക്രത്താല്‍ ശിശുപാലനെ വധിച്ചു. അതിനിടെ ചക്രത്തില്‍ തട്ടി ശ്രീകൃഷ്ണന്റെ മണിബന്ധം മുറിഞ്ഞു. ഏവരും മുറിവ് കെട്ടാന്‍ തുണി അന്വേഷിക്കാന്‍ തുടങ്ങി. ദ്രൗപതി മറ്റൊന്നും ചിന്തിക്കാതെ സ്വന്തം പട്ടുസാരി കീറി മണിബന്ധത്തില്‍ കെട്ടി. ദ്രൗപതിയുടെ കറയറ്റ സ്‌നേഹം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു.

 

ഇനിയുള്ള കാലം മുഴുവനും ദ്രൗപതിയുടെ സംരക്ഷണം സഹോദരനായ തന്റെ ചുമതലയാണെന്ന് ഭഗവാന്‍ പറഞ്ഞു. ഈ സംഭവത്തിന്റെ പ്രതീകമായാണ് ഇപ്പോള്‍ രാഖി ബന്ധനം വളരെ പവിത്രമായ ഒരു ആചാരമാണ് രക്ഷാബന്ധന്‍ അഥവാ രാഖി.

 

സഹോദരി രക്ഷാബന്ധന ദിവസം രക്ഷാസൂത്രവും മധുരപലഹാരങ്ങളും, ദീപവും വച്ച താലവുമായി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാര്‍ത്തി, മധുരപലഹാരങ്ങള്‍ നല്‍കി, ദീര്‍ഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിച്ച് കൈയില്‍ വര്‍ണനൂലുകളാല്‍ നിര്‍മ്മിച്ച സുന്ദരമായ രക്ഷാസൂത്രം കെട്ടികൊടുക്കുന്നു. സഹോദരന്‍ ആജീവാനന്തം അവളെ സംരക്ഷിച്ച് പരിപാലിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. സഹോദരിക്ക് പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

 

 

 

 

OTHER SECTIONS