ഇന്ന് കര്‍ക്കിടത്തിലെ ആടികളയല്‍ ചടങ്ങ്

By parvathyanoop.16 08 2022

imran-azhar

 

വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ മാസം കൂടിയാണ് കര്‍ക്കടകം. മനുഷ്യ ശരീരത്തില്‍ ദഹനപ്രക്രിയ കുറവുള്ള മാസമാണിത്. ആയതിനാല്‍ മത്സ്യമാംസാദികളും ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും ഈ സമയത്ത് ഒഴിവാക്കുക. കര്‍ക്കടകത്തില്‍ എണ്ണതേച്ചുള്ള രണ്ട് നേരത്തെ കുളി വളരെ പ്രാധാന്യമേറിയതാണ്. അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവര്‍ഗ്ഗങ്ങളോ കഴിക്കുക.

 

നിങ്ങള്‍ക്ക് കഴിയുന്ന ദിവസങ്ങളില്‍ വ്രതം അനുഷ്ഠിക്കുന്നതും ഫലപ്രദമാണ്.കര്‍ക്കടകമെന്ന് കേള്‍ക്കുമ്പോള്‍ പഴയ തലമുറയുടെ മനസ്സില്‍ തെളിയുന്നത് ഇല്ലായ്മയുടേയും വറുതിയുടേയും ചിത്രമാണ്. അതുകൊണ്ടാണ് കര്‍ക്കടകത്തെ പഞ്ഞമാസം എന്ന് ചിലര്‍ വിളിച്ചു പോന്നിരുന്നത്. എന്നാല്‍, ഇന്ന് കര്‍ക്കടകത്തെ രാമായണമാസമായി ആചരിച്ചു വരുന്നു.

 

കര്‍ക്കടകത്തിലെ ആയുര്‍വേദ ചികിത്സയും പ്രസിദ്ധം. കര്‍ക്കടകത്തിലെ ആണ്ടറുതി അഥവാ ആടികളയല്‍ എന്ന ചടങ്ങ് തെക്കന്‍ കേരളത്തില്‍ വ്യാപകമായുണ്ട്. ഇക്കൊല്ലത്തെ ആടികളയല്‍ 2022 ആഗസ്റ്റ് മാസം 16-ാം തീയതി ഇന്ന് ചൊവ്വാഴ്ചയാണ് നടക്കുന്നത്. മലയാളികളുടെ പുതുവര്‍ഷമായ ചിങ്ങം ഒന്നിനെ സ്വാഗതം ചെയ്യുന്നതിനായി കഷ്ടകാലങ്ങളെയെല്ലാം പുറത്താക്കി ഐശ്വര്യദേവതയെ വരവേല്‍ക്കുന്ന ചടങ്ങാണിത്. കര്‍ക്കടക മാസത്തിലെ അവസാന ദിനത്തിലാണ് ആടികളയല്‍ നടത്തുന്നത്.വീട്ടിലെ ചപ്പുചവറുകളെല്ലാം തൂത്ത് വാരി, മാറാലകളെല്ലാം അടിച്ച് വൃത്തിയാക്കി, പഴയ വസ്ത്രങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും പറമ്പിന്റെ ഒരു മൂലയിലിട്ട് കത്തിക്കുന്നതാണ് ആടികളയല്‍ ചടങ്ങ്. ഇങ്ങനെ കത്തിക്കുന്ന നേരം മൂദേവി പോ പോ... ശ്രീദേവി വാ വാ എന്നും ചൊല്ലാറുണ്ട്. തെക്കന്‍ കേരളത്തിലെ ചിലയിടങ്ങളില്‍ ആടികളയല്‍ ചടങ്ങിന് മറ്റൊരു നിറം കൂടിയുണ്ട്. വീടിനകം മുഴുവന്‍ വലയടിച്ച് തൂത്തുവാരി അവശിഷ്ടങ്ങളെല്ലാം ഒരു ഉടഞ്ഞ ഓടിന്‍ കഷ്ണത്തില്‍ വാരിക്കൂട്ടും (പൊട്ടിയ മണ്‍ ചട്ടികളുടെ കഷ്ണം).

 

ഇവയോടൊപ്പം മഞ്ഞള്‍ കഷ്ണം, വറ്റല്‍ മുളക്, കടുക് എന്നിവയും നിക്ഷേപിക്കും. രണ്ടോ മൂന്നോ ഈര്‍ക്കില്‍ കഷ്ണം എടുത്ത് ചെറുതായി മുറിച്ച് അതൊരു ചൂലാക്കി കെട്ടും. ഈ ചൂലും മേല്‍പറഞ്ഞവയ്ക്കൊപ്പം നിക്ഷേപിക്കും. ഇവയെല്ലാം ചേര്‍ത്ത് വച്ച് മനയ്ക്ക് പുറത്ത് ഒഴിഞ്ഞ മൂലയില്‍ കൊണ്ടുപോയി കളയും.

 

നല്ലകാര്യങ്ങള്‍ക്ക് മാത്രമല്ല ചീത്തകാര്യങ്ങള്‍ക്കും ഹിന്ദു വിശ്വാസത്തില്‍ ദൈവങ്ങളുണ്ട്. അത്തരത്തില്‍ ഒരു ദുര്‍മൂര്‍ത്തിയാണ് ജ്യേഷ്ഠയെന്നും മൂദേവിയെന്നും വിളിക്കുന്ന ലക്ഷ്മീ ദേവിയുടെ സഹോദരി ഭാവം. നല്ലതിനൊപ്പം ചീത്തയും ഉണ്ടാകും എന്നതാണ് ഭാരതീയമായ സങ്കല്‍പ്പം. പൂര്‍ണ്ണതയുടെ അംശമാകുന്ന ശക്തിസ്രോതസ്സുകളില്‍ നല്ലതും ചീത്തയും ഉണ്ടാകും. പരാശക്തിയുടെ എട്ട് അംശങ്ങളില്‍ ഒന്നാണ് ജ്യേഷ്ഠ എന്ന ജ്യേഷ്ഠ ഭഗവതി.

 

അമംഗളയായി ദേവതയാണ് ജ്യേഷ്ഠ അഥവാ മൂദേവി. പാലാഴിമഥന കഥയുമായി ഈ ദേവിക്ക് ബന്ധമുണ്ട്. ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടയുമ്പോള്‍ ഉയര്‍ന്നു വന്ന ദുര്‍ദേവതയ്ക്ക് ത്രിമൂര്‍ത്തികളാണ് ജ്യേഷ്ഠ എന്ന് പേരിട്ടത്. പിന്നാലെയാണ് ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീ ദേവി ഉയര്‍ന്നു വന്നത്. ലക്ഷ്മിയും മൂദേവിയും ഭാവം ഘടക വിരുദ്ധമായാണ്.

 

ലക്ഷ്മീ ദേവിക്ക് മുമ്പായി വന്ന ദേവിക്ക് ത്രിമൂര്‍ത്തികള്‍ ജേഷ്ഠയെന്നു പേരു നല്‍കുകയും അമംഗള സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ലക്ഷ്മീ ദേവിക്കു മുന്‍പായി പാലാഴിയില്‍ നിന്നു വന്നതിനാല്‍ ലക്ഷ്മിയുടെ ജ്യേഷ്ഠ സഹോദരിയായാണ് കണക്കാക്കുന്നത്. മൂത്ത ദേവി എന്ന അര്‍ദ്ധത്തില്‍ മൂദേവി എന്നും ജ്യേഷ്ഠ അറിയപ്പെടുന്നു.

 

 

OTHER SECTIONS